ബ്രസീലിന്റെ അഹങ്കാരമായിരുന്ന ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും അർജന്റീനക്ക് സ്വന്തം, ഇന്ത്യക്കും റാങ്കിങ്ങിൽ കുതിപ്പ് | FIFA Rankings

ഖത്തർ ലോകകപ്പിൽ ബ്രസീൽ നേരത്തെ പുറത്താവുകയും അർജന്റീന കിരീടം നേടുകയും ചെയ്‌തെങ്കിലും അതിനു ശേഷമുള്ള ഫിഫ റാങ്കിങ് വന്നപ്പോൾ അർജന്റീന ആരാധകർക്ക് ക്ഷീണമായിരുന്നു. ഖത്തറിൽ ആധികാരികമായ രീതിയിൽ ലോകകപ്പ് കിരീടമുയർത്തിയ ടീമിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നപ്പോൾ ക്വാർട്ടർ ഫൈനലിൽ തന്നെ പുറത്തു പോയ ബ്രസീലാണ് ഒന്നാം സ്ഥാനത്തു തന്നെ തുടർന്നത്.

അതിന്റെ പേരിൽ ബ്രസീൽ ആരാധകരുടെ ട്രോളുകൾ ഏറ്റു വാങ്ങിയ അർജന്റീന ടീമിന് അത് തിരിച്ചു കൊടുക്കാനുള്ള അവസരമാണ് ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത്. ഇന്ന് പുറത്തു വന്ന ഫിഫ റാങ്കിങ്ങിലെ ഏറ്റവും പുതിയ അപ്ഡേറ്റിൽ അർജന്റീന ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ബ്രസീൽ ഒന്നാം സ്ഥാനത്തു നിന്നും മൂന്നാം സ്ഥാനത്തേക്ക് വീണു. മൂന്നാം സ്ഥാനത്തു നിന്നിരുന്ന ഫ്രാൻസാണ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.

ഖത്തർ ലോകകപ്പിലെ കിരീടനേട്ടവും അതിനു ശേഷം ഈയടുത്ത് നടന്ന സൗഹൃദമത്സരങ്ങളിൽ പനാമ, കുറകാവോ എന്നീ ടീമുകൾക്കെതിരെ നേടിയ മികച്ച വിജയവുമാണ് അർജന്റീനയെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേത്താൻ സഹായിച്ചത്. അതേസമയം ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ പുറത്തു പോയ ബ്രസീൽ ടീം ഇന്റർനാഷണൽ ബ്രേക്കിൽ മൊറോക്കോയോട് തോറ്റത് തിരിച്ചടിയായി. ഇതാണ് യൂറോ ക്വാളിഫയേഴ്‌സ് വിജയിച്ച ഫ്രാൻസ് മുന്നിൽ കയറാൻ കാരണം.

ടോപ് ത്രീയിലെ മൂന്നു ടീമുകൾ തമ്മിൽ റാങ്കിങ്ങിൽ മാറ്റം വന്നതൊഴിച്ചാൽ മറ്റു ടീമുകളുടെ റാങ്കിങ്ങിലൊന്നും വലിയ വ്യത്യാസം വന്നിട്ടില്ല. നാല് മുതൽ പതിനേഴാം റാങ്ക് വരെയുള്ള ടീമുകൾ അതെ സ്ഥാനങ്ങളിൽ തന്നെയാണ് തുടരുന്നത്. ബെൽജിയം, ഇംഗ്ലണ്ട്, ഹോളണ്ട്, ക്രൊയേഷ്യ, ഇറ്റലി, പോർച്ചുഗൽ. സ്പെയിൻ എന്നീ ടീമുകളാണ് യഥാക്രമം ആദ്യ പത്തിൽ ഉൾപ്പെട്ടിരിക്കുന്ന ടീമുകൾ. ആറു വർഷങ്ങൾക്ക് ശേഷമാണ് അർജന്റീന ലോകറാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് വന്നിരിക്കുന്നത്.

ഇന്റർനാഷണൽ ബ്രേക്കിൽ നടന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ കിരീടം നേടിയത് കാരണം ഇന്ത്യയുടെ റാങ്കിങ്ങിലും കുതിപ്പ് വന്നിട്ടുണ്ട്. 106ആം റാങ്കിൽ നിന്നിരുന്ന ടീം അഞ്ചു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 101ലേക്ക് കയറിയിട്ടുണ്ട്. ഏഷ്യൻ ടീമുകളുടെ റാങ്കിങ്ങിൽ ജപ്പാനാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. ഇറാൻ, കൊറിയ റിപ്പബ്ലിക്ക് എന്നീ ടീമുകൾ രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു.

Content Highlights: Argentina Tops In Latest FIFA Rankings