“ഞങ്ങളും മെസിയും വേണ്ടതു ചെയ്‌തിരിക്കും”- മെസിയുടെ ഭാവിയുടെ കാര്യത്തിൽ കൂടുതൽ പ്രതീക്ഷ | Lionel Messi

ലയണൽ മെസിയുടെ ഭാവി എന്താകുമെന്ന ചർച്ചയാണ് ഫുട്ബോൾ ലോകത്ത് മുഴുവൻ നിറഞ്ഞു നിൽക്കുന്നത്. ഖത്തർ ലോകകപ്പിന് ശേഷം ഉടനെ തന്നെ മെസി പിഎസ്‌ജി കരാർ പുതുക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അത് സംഭവിച്ചിട്ടില്ല. അതിനിടയിൽ ഫ്രഞ്ച് ക്ലബിന്റെ ആരാധകർ താരത്തിനെതിരെ തിരിയുകയും ചെയ്‌തു. ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്‌ജി പുറത്തു പോയതിനു പിന്നാലെയാണ് മെസിക്കെതിരെ പിഎസ്‌ജി ആരാധകർ തിരിഞ്ഞത്.

ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കാൻ സാധ്യതയില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. താരത്തിനായി പുതിയ കരാർ പിഎസ്‌ജി ഓഫർ ചെയ്‌തിട്ടുണ്ടെങ്കിലും അതിൽ ഒപ്പുവെക്കുന്ന കാര്യത്തിൽ മെസിക്ക് ഒരുപാട് സംശയങ്ങളുണ്ട്. ഫ്രഞ്ച് ക്ലബിൽ തനിക്ക് വേണ്ടത്ര സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നതിനു പുറമെ ഇപ്പോൾ ആരാധകർ അനാവശ്യമായി തനിക്കെതിരെ തിരിഞ്ഞതും മെസിയുടെ മനസ് വേദനിപ്പിക്കുന്ന കാര്യങ്ങളാണ്.

അതിനിടയിൽ മുൻ ക്ലബായ ബാഴ്‌സലോണ മെസിയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇതിനു മുൻപും മെസി ബാഴ്‌സയിലേക്ക് തന്നെ തിരിച്ചു പോകുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. എന്നാൽ ഇത്തവണ അതല്ല സ്ഥിതിയെന്നും താരത്തിനായി ബാഴ്‌സലോണ ശ്രമം നടത്തുന്നുണ്ടെന്നും ബാഴ്‌സലോണയുടെ സ്പോർട്ടിങ് ഡയറക്റ്റർ മാറ്റിയു അലമാണി തന്നെ വ്യക്തമാക്കി.

“ഞങ്ങൾ ഞങ്ങളുടേതായ കാര്യങ്ങൾ ചെയ്യും, അതുപോലെ മെസി മെസിയുടേതായ കാര്യങ്ങളും. ലയണൽ മെസി ഇപ്പോൾ പിഎസ്‌ജിയുടെ താരമാണ്, എന്നാൽ ഭാവിയിൽ എന്താണ് സംഭവിക്കുകയെന്നു നമുക്ക് പറയാൻ കഴിയില്ല. മെസിക്ക് ബാഴ്‌സലോണ നൽകിയ സ്നേഹത്തെ ഒരാൾക്കും ചോദ്യം ചെയ്യാൻ കഴിയില്ല. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ് മെസി.” അലമണി കഴിഞ്ഞ ദിവസം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധികളുടെ ഇടയിലും ബാഴ്‌സലോണ മെസിക്കായി ശ്രമം നടത്തുന്നുണ്ടെന്നത് ആരാധകർക്ക് ശുഭസൂചനയാണ്. ബാഴ്‌സയിലേക്ക് തിരിച്ചു വരാൻ തന്റെ പ്രതിഫലം വെട്ടിക്കുറക്കാൻ ലയണൽ മെസിയും തയ്യാറാണ്. സ്‌പോൺസർഷിപ്പ് കരാറുകൾ വഴി മെസിയെ സ്വന്തമാക്കാനുള്ള പണം സ്വരൂപിക്കാനാണ് ബാഴ്‌സലോണ നേതൃത്വം നീക്കങ്ങൾ നടത്തുന്നത്.

Content Highlights: Barcelona Sporting Director Hopeful About Lionel Messi Transfer