രണ്ടു മത്സരത്തിൽ ആറു ഗോളുകൾ, റമദാൻ മാസത്തിൽ ഉജ്ജ്വലഫോം വീണ്ടെടുത്ത് കരിം ബെൻസിമ | Karim Benzema

റയൽ മാഡ്രിഡ് ലീഗും ചാമ്പ്യൻസ് ലീഗും നേടിയ കഴിഞ്ഞ സീസണിൽ ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരമായിരുന്നു കരിം ബെൻസിമ. ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതിനു ശേഷം ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായി ഉയർന്നു വന്ന കരിം ബെൻസിമ കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ പിൻബലത്തിൽ കരിയറിൽ ആദ്യമായി ബാലൺ ഡി ഓർ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

അതേസമയം ഈ സീസണിൽ താരത്തിന്റെ പ്രകടനം സമ്മിശ്രമായിരുന്നു. നിരന്തരമായ പരിക്കുകൾ കാരണം നിരവധി മത്സരങ്ങൾ നഷ്‌ടമായ താരം കളിക്കളത്തിലേക്ക് തിരിച്ചെത്തുമ്പോഴും മികച്ച പ്രകടനം നടത്താൻ കഴിയാതെ ബുദ്ധിമുട്ടി. എന്നാൽ സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന ഈ സമയത്ത് കഴിഞ്ഞ സീസണിലെ തന്റെ ഫോമിന്റെ ആവർത്തനമാണ് ഫ്രഞ്ച് താരമിപ്പോൾ പുറത്തെടുക്കുന്നത്.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഹാട്രിക്ക് സ്വന്തമാക്കിയ കരിം ബെൻസിമ ആറു ഗോളുകളാണ് കുറിച്ചത്. ലീഗ് മത്സരത്തിൽ റയൽ വയ്യഡോളിഡിനെതിരെയാണ് കരിം ബെൻസിമ ആദ്യം ഹാട്രിക്ക് നേടുന്നത്. അതിനു ശേഷം കഴിഞ്ഞ ദിവസം നടന്ന കോപ്പ ഡെൽ റേ രണ്ടാംപാദ സെമി ഫൈനൽ മത്സരത്തിൽ ബാഴ്‌സലോണക്കെതിരെ ഹാട്രിക്ക് നേട്ടം ആവർത്തിച്ച് റയൽ മാഡ്രിഡിനെ ഫൈനലിലേക്ക് എത്തിക്കുന്നതിലും താരം നിർണായക പങ്കു വഹിച്ചു.

റമദാൻ നോമ്പെടുത്തു കൊണ്ടിരിക്കെയാണ് കരിം ബെൻസിമ തന്റെ ഉജ്ജ്വലഫോം വീണ്ടെടുത്തതെന്ന പ്രത്യേകത കൂടിയുണ്ട്. താരത്തിന്റെ തുടർച്ചയായ ഹാട്രിക്കുകൾ വരുന്നതും അപ്പോൾ തന്നെയാണ്. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനെ മുന്നിൽ നിന്ന് നയിക്കുകയും ചാമ്പ്യൻസ് ലീഗിൽ വമ്പൻ തിരിച്ചുവരവുകൾ നടത്തി കിരീടം നേടാൻ സഹായിക്കുകയും ചെയ്‌ത താരത്തിന്റെ ഫോം ടീമിലെ താരങ്ങൾക്ക് മുഴുവൻ ആത്മവിശ്വാസം നൽകുന്നതാണ്.

ഫൈനലിൽ എത്തിയതോടെ കോപ്പ ഡെൽ റേ കിരീടം റയൽ മാഡ്രിഡ് ഏറെക്കുറെ ഉറപ്പിച്ചു. ഒസാസുനയാണ് ഫൈനലിൽ റയൽ മാഡ്രിഡിന്റെ എതിരാളികൾ. ലീഗിൽ ബാഴ്‌സലോണ പന്ത്രണ്ടു പോയിന്റ് മുന്നിലാണെന്നതിനാൽ റയലിന് കിരീടസാധ്യത കുറവാണെങ്കിലും ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെത്തിയ അവർക്ക് ഇത്തവണയും കിരീടം നേടാൻ കഴിയും. ബെൻസിമയുടെ ഫോം അവർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു.

Content Highlights: Karim Benzema Shows His Stunning Form After Back To Back Hat tricks