ബാഴ്‌സലോണയെ റയൽ മാഡ്രിഡ് ചാരമാക്കിയ മത്സരത്തിനിടെ മെസിക്കു വേണ്ടി മുറവിളി കൂട്ടി ആരാധകർ | Barcelona

ഈ സീസണിലെ ഭൂരിഭാഗം എൽ ക്ലാസിക്കോ മത്സരങ്ങളിലും ബാഴ്‌സലോണ റയൽ മാഡ്രിഡിനെതിരെ വിജയം നേടിയെങ്കിലും കോപ്പ ഡെൽ റേയിലെ നിർണായകമായ സെമി ഫൈനൽ പോരാട്ടത്തിൽ ലോസ് ബ്ലാങ്കോസ് തിരിച്ചടിക്കുന്നതാണ് ഇന്നലെ ക്യാമ്പ് നൂവിൽ കണ്ടത്. പരിക്കിന്റെ പിടിയിലുള്ള നാലോളം പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയ ബാഴ്‌സലോണയേ എതിരില്ലാത്ത നാല് ഗോളുകൾക്ക് കീഴടക്കിയാണ് റയൽ മാഡ്രിഡ് ഫൈനലിൽ എത്തിയത്.

മത്സരത്തിന്റെ തുടക്കത്തിൽ രണ്ടു ടീമുകളും ഒപ്പത്തിനൊപ്പമാണ് കളിച്ചതെങ്കിലും ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ റയൽ മാഡ്രിഡ് നേടിയ പെർഫെക്റ്റ് കൗണ്ടർ അറ്റാക്കിങ് ഗോൾ മത്സരത്തിന്റെ ഗതി മാറ്റി. ബെൻസിമയുടെ അസിസ്റ്റിൽ വിനീഷ്യസ് ജൂനിയർ നേടിയ ഗോളിനു ശേഷം രണ്ടാം പകുതിയിൽ ഫ്രഞ്ച് താരം മൂന്നു ഗോളുകൾ കൂടി നേടുകയായിരുന്നു. തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് ബെൻസിമ ഹാട്രിക്ക് നേടുന്നത്.

അതേസമയം ക്യാമ്പ് ന്യൂവിൽ വെച്ച് നടന്ന മത്സരം മറ്റൊരു കാര്യം കൊണ്ടു കൂടി ശ്രദ്ധിക്കപ്പെട്ടു. മത്സരത്തിനിടെ ലയണൽ മെസിയെ ക്ലബ്ബിലേക്ക് തിരിച്ചെത്തിക്കാൻ വേണ്ടി ബാഴ്‌സലോണ ആരാധകർ ആവശ്യമുയർത്തിയിരുന്നു. മത്സരത്തിന്റെ പത്താം മിനുട്ടിൽ ക്യാമ്പ് നൂവിലെ കാണികളെല്ലാം മെസിയെന്നാണ് ആർത്തു വിളിച്ചു കൊണ്ടിരുന്നത്. താരത്തിന്റെ ജേഴ്‌സി നമ്പറിന്റെ ഓർമക്കായാണ് പത്താം മിനുട്ടിൽ തന്നെ ചാന്റ് ചെയ്‌തത്‌.

ലയണൽ മെസിയെ അടുത്ത സമ്മറിൽ ബാഴ്‌സയിലേക്ക് തിരിച്ചെത്തിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ക്ലബ് നേതൃത്വം അതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മെസിക്കും തന്റെ മുൻ ക്ലബ്ബിലേക്ക് തിരിച്ചു വരാൻ വലിയ ആഗ്രഹമുണ്ട്. ബാഴ്‌സലോണയുടെ സാമ്പത്തികപ്രതിസന്ധിയാണ്‌ തടസമെങ്കിലും അതിനെ മറികടക്കാനുള്ള പ്രവർത്തനങ്ങൾ അവർ നടത്തുകയാണെന്ന റിപ്പോർട്ടുകളുണ്ട്.

അതേസമയം കോപ്പ ഡെൽ റേ സെമിയിൽ പുറത്തായതോടെ ഈ സീസണിൽ രണ്ടാമത്തെ കിരീടം നേടാമെന്ന ബാഴ്‌സലോണയുടെ പ്രതീക്ഷകൾ അവസാനിച്ചു. നേരത്തെ അവർ സ്‌പാനിഷ്‌ സൂപ്പർകപ്പ് സ്വന്തമാക്കിയിരുന്നു. ഇനി ലീഗ് മാത്രമാണ് അവർക്ക് പ്രതീക്ഷയുള്ളത്. അതേസമയം റയൽ മാഡ്രിഡിനെ സംബന്ധിച്ച് ലീഗിൽ പിന്നിലായി പോയെങ്കിലും ചാമ്പ്യൻസ് ലീഗ്, കോപ്പ ഡെൽ റേ പ്രതീക്ഷയുണ്ട്.

Content Highlights: Barcelona Fans Chant Lionel Messi’s Name During El Clasico