ദുരൂഹതകൾ നിറഞ്ഞ 1998 ലോകകപ്പ് ഫൈനലിൽ റൊണാൾഡോക്ക് എന്താണ് സംഭവിച്ചത്

ഒരു ഫുട്ബോൾ പ്രേമിക്കും മറക്കാൻ കഴിയാത്ത ലോകകപ്പ് ഫൈനലാണ് 1998ലേത്. സിനദിൻ സിദാനെന്ന മാന്ത്രികന്റെ ചുമലിലേറി ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീമുകളിൽ ഒന്നായിരുന്ന ബ്രസീലിനെ തോൽപ്പിച്ച് ഫ്രാൻസ് തങ്ങളുടെ ആദ്യത്തെ ലോകകപ്പ് കിരീടം സ്വന്തമാക്കിയത് ആ വർഷമാണ്. ഫൈനലിൽ രണ്ടു ഗോളുകൾ നേടി സിദാൻ നിറഞ്ഞാടിയ മത്സരത്തിൽ ഫ്രഞ്ച് താരം മാഴ്‌സൽ ഡിസെല്ലി ചുവപ്പുകാർഡ് വാങ്ങി പുറത്തു പോയിട്ടും ഒരു ഗോൾ പോലും തിരിച്ചടിക്കാൻ ബ്രസീലിനു കഴിഞ്ഞില്ല. തൊണ്ണൂറാം മിനുട്ടിൽ ഇമ്മാനുവൽ പെറ്റിറ്റിലൂടെ മൂന്നാമത്തെ ഗോളും നേടി സ്വന്തം രാജ്യത്തു വെച്ചു നടന്ന ലോകകപ്പിൽ ഫ്രാൻസ് കിരീടം ചൂടി.

സിനദിൻ സിദാൻ ഹീറോയായ മത്സരത്തിൽ അതിനൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ടത് ആ ലോകകപ്പ് ഫൈനലിൽ ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ റൊണാൾഡോയുടെ പ്രകടനമാണ്. ഇന്റർ മിലാനു വേണ്ടി മുപ്പത്തിനാല് ഗോളുകൾ നേടിയ ഒരു സീസൺ കഴിഞ്ഞു വന്ന, ഫൈനൽ വരെ നാല് ഗോളുകൾ നേടിയ, ഏതു പ്രതിരോധനിരയെയും തകർക്കാൻ കഴിവുള്ള റൊണാൾഡോ ആ ഫൈനലിൽ മൈതാനത്ത് ഉഴറി നടക്കുകയായിരുന്നു. ഫൈനലിൽ തങ്ങളെ മുട്ടുകുത്തിക്കും എന്നുറപ്പുള്ള റൊണാൾഡോയെ തടുക്കാനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിച്ച ഫ്രാൻസ് ടീം പോലും അന്നത്തെ മത്സരത്തിൽ താരത്തിന്റെ മോശം ഫോം കണ്ട് അമ്പരന്നു പോയിട്ടുണ്ടാകും.

1994ൽ ബ്രസീൽ ലോകകപ്പ് നേടുമ്പോൾ 17 വയസു മാത്രമുണ്ടായിരുന്ന, ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്ന റൊണാൾഡോ അടുത്ത ലോകകപ്പിൽ ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. താരം നേടിയ നാല് ഗോളുകളിൽ സെമി ഫൈനലിൽ ഹോളണ്ടിനെതിരെ നേടിയ ഗോളും ഉൾപ്പെടുന്നു. ഷൂട്ടൗട്ടിലേക്ക് നീണ്ട ആ മത്സരത്തിൽ തന്റെ പെനാൽറ്റിയും താരം ലക്ഷ്യത്തിലെത്തിച്ചു. എന്നാൽ ആ ടൂർണമെന്റിൽ അതുവരെ കണ്ട റൊണാൾഡോ ആയിരുന്നില്ല ഫൈനലിൽ കളിച്ച റൊണാൾഡോ. തന്റെ പ്രതിഭയുടെ ഒരു നിഴൽ മാത്രമായി ചുരുങ്ങിയ താരം ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാതെ ഫൈനൽ ആയിരിക്കും 1998ലേത് എന്നുറപ്പാണ്.

മത്സരത്തിന്റെ തലേദിവസം ടീം ഹോട്ടലിൽ ഒത്തുകൂടിയപ്പോൾ റൊണാൾഡോയുടെ മുഖത്ത് യാതൊരു സന്തോഷവും ഇല്ലായിരുന്നു. അതിനു ശേഷം ആ ദിവസം തന്നെ പുറത്തു വന്ന ടീം ലിസ്റ്റിൽ നിന്നും റൊണാൾഡോ പുറത്തു പോയി. ബ്രസീൽ ആരാധകരെ മാത്രമല്ല, എതിരാളികളായ ഫ്രാൻസിനെ പോലും അമ്പരിപ്പിച്ച തീരുമാനമായിരുന്നു അത്. റൊണാൾഡോക്ക് പകരം എഡ്‌മണ്ടോക്കായിരുന്നു അന്നു ടീമിലിടം നൽകിയത്. അതിനു ശേഷം റൊണാൾഡോയുടെ പേരു കൂടി ടീം സ്‌ക്വാഡിൽ ഉൾപ്പെടുത്തി. വാമപ്പിനിറങ്ങുമ്പോൾ തെളിഞ്ഞ ലൈനപ്പിൽ റൊണാൾഡോയുടെ പേരും കണ്ടപ്പോൾ ആരാധകർ ആർത്തു വിളിച്ചു. അഞ്ചാം ലോകകപ്പ് കിരീടം ബ്രസീലിനു സമ്മാനിക്കാൻ താരത്തിനെ കഴിയൂ എന്നെല്ലാവരും ഉറച്ചു വിശ്വസിച്ചിരുന്നു.

എന്നാൽ ആരാധകരുടെ പ്രതീക്ഷകൾക്ക് തീർത്തും വിപരീതമായ കാര്യങ്ങളാണ് മൈതാനത്തു സംഭവിച്ചത്. തന്റെ ഫോമിന്റെ അടുത്തെത്താൻ കഴിയാതെ, മൈതാനത്ത് ഉഴറി നടക്കുന്ന റൊണാൾഡോ. അതുവരെ റൊണാൾഡോക്കു വേണ്ടി ആർത്തു വിളിച്ച ആരാധകർ വരെ താരത്തെ ശപിച്ചു. റൊണാൾഡോക്കു പൂട്ടാൻ ചുമതല ഉണ്ടായിരുന്ന സിദാൻ അന്നത്തെ മത്സരത്തിൽ സർവ്വസ്വതന്ത്രമായി വിഹരിച്ചു. രണ്ടു ഗോളുകളും താരം അടിച്ചു. മത്സരം തീർന്നപ്പോൾ മികച്ച ടീമായിരുന്നു ബ്രസീലിനെ നിഷ്പ്രഭമാക്കി ഫ്രാൻസ് ആദ്യത്തെ ലോകകപ്പ് കിരീടം സ്വന്തം രാജ്യത്ത് ഉയർത്തി. അതിനടുത്ത തവണ റൊണാൾഡോയടക്കമുള്ള താരങ്ങൾ ബ്രസീലിനു ലോകകപ്പ് നേടിക്കൊടുത്തെങ്കിലും അന്നെന്താണ് ടീമിന് സംഭവിച്ചതെന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

നിരവധി ഗൂഡാലോചന സിദ്ധാന്തങ്ങളാണ് ആ മത്സരത്തിനു ശേഷം ഉണ്ടായത്. റൊണാൾഡോക്ക് കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്നാണ് ടീമിൽ നിന്നും ആദ്യം പുറത്തു പോയതെന്നും വമ്പൻ തുകയുടെ സ്‌പോൺസർഷിപ്പ് കരാർ ഒപ്പിട്ട നൈക്കിയുടെ നിർബന്ധപ്രകാരമാണ് താരം അവസാനനിമിഷം ടീമിൽ ഉൾപ്പെട്ടതെന്നതായിരുന്നു അതിലൊന്ന്. അതല്ല, കാൽമുട്ടിനെടുത്ത ഒരു ഇഞ്ചക്ഷനാണ് റൊണാൾഡോയെ തളർത്തിയതെന്ന് മറ്റൊരു വാദം. എന്നാൽ റൊണാൾഡോയുടെ തന്നെ വാക്കുകളിൽ ഫൈനലിന്റെ തലേ ദിവസം വന്ന അപസ്മാരമാണ് പ്രകടനത്തെ ബാധിച്ചത്. താരം പിന്നീടത് വെളിപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌.

അന്നുയർന്ന മറ്റൊരു ആരോപണം ആതിഥേയരായ ഫ്രാൻസിനെ ജയിപ്പിക്കാൻ വേണ്ടി ഫിഫയുടെ ഒത്താശയോടെ നടന്ന നാടകമായിരുന്നു ആ ഫൈനലെന്നാണ്. അന്ന് ബ്രസീൽ തോറ്റു കൊടുത്താൽ 2002 ലോകകപ്പ് വിജയിപ്പിക്കാമെന്നും 2014 ലോകകപ്പ് വേദി ബ്രസീലിനു നൽകാമെന്നുമാണ് ഫിഫയുടെ വാഗ്‌ദാനം ഉണ്ടായിരുന്നതെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. അതുപോലെ തന്നെ 2002 ലോകകപ്പിൽ എളുപ്പമുള്ള ഗ്രൂപ്പിൽ ഉൾപ്പെട്ട ബ്രസീൽ കിരീടം നേടി. 2014 ലോകകപ്പ് ബ്രസീലിൽ വെച്ചും നടന്നു. എന്നാൽ ഗൂഡാലോചന സിദ്ദാന്തങ്ങളല്ലാത്ത അന്ന് ശരിക്കും എന്താണ് സംഭവിച്ചതെന്ന് ഇന്നും ഒരു ചോദ്യചിഹ്നമാണ്.