വിജയം നേടിത്തന്ന ഗോൾ ആഘോഷിക്കാതെ എംബോളോ, കാരണമിതാണ്

2022 ലോകകപ്പിലെ ഗ്രൂപ്പ് ജിയിൽ നടന്ന സ്വിറ്റ്‌സർലൻഡും കാമറൂണും തമ്മിലുള്ള മത്സരത്തിൽ രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന് പൊരുതിയെങ്കിലും വിജയം നേടിയത് സ്വിറ്റ്‌സർലൻഡ് ആയിരുന്നു. രണ്ടാം പകുതിയുടെ മൂന്നാം മിനുട്ടിൽ ബ്രീൽ എംബോളോയാണ് സ്വിസ് ടീമിന്റെ വിജയഗോൾ നേടിയത്. മത്സരത്തിൽ ടീമിന് വിജയം നേടിക്കൊടുത്തിട്ടും ആ ഗോളാഘോഷിക്കാൻ ഇരുപത്തിയഞ്ചു വയസുള്ള മൊണോക്കോ താരം തയ്യാറായില്ല. അതിനു പിന്നിലൊരു ഹൃദയസ്പർശിയായ കാരണവുമുണ്ട്.

ബ്രീൽ എംബോളോ ജനിച്ചതും അഞ്ചു വയസു വരെ വളർന്നതും കാമറൂൺ തലസ്ഥാനമായ യാവൂണ്ടേയിലാണ്. അഞ്ചാം വയസിൽ അമ്മക്കൊപ്പം എംബോളോ ഫ്രാൻസിലേക്ക് ചേക്കേറി. അവിടെ വെച്ച് താരത്തിന്റെ മാതാവ് സ്വിസ് സ്വാദേശിയായ ഭാവി ഭർത്താവിനെ കണ്ടു മുട്ടുകയായിരുന്നു. തുടർന്ന് സ്വിസ് നഗരമായ ബേസലിൽ എത്തിയ എംബോളോക്ക് 2014ൽ അവിടുത്തെ പൗരത്വം ലഭിച്ചു. അതിന്റെ തൊട്ടടുത്ത വർഷം മുതൽ സ്വിസ് സീനിയർ ടീമിനു വേണ്ടി എംബോളോ കളിച്ചു തുടങ്ങുകയും ചെയ്‌തു.

താൻ ജനിച്ച് അഞ്ചാം വയസു വരെ വളർന്ന ടീമിനോടുള്ള ബഹുമാനം കൊണ്ടാണ് താരം ഗോൾ നേടിയതിനു ശേഷം അതാഘോഷിക്കാതിരുന്നത്. താരത്തിന്റെ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വളരെയധികം പ്രശംസ പിടിച്ചു പറ്റുന്നുമുണ്ട്. സ്വിറ്റ്‌സർലൻഡ് ടീമിനു വേണ്ടി അറുപതോളം മത്സരങ്ങൾ ഇരുപത്തിയഞ്ചാം വയസിൽ തന്നെ കളിച്ച താരം പന്ത്രണ്ടു ഗോളുകളും നേടിയിട്ടുണ്ട്.