പരിക്കേറ്റു നെയ്‌മർ പുറത്ത്, കരച്ചിലടക്കാൻ പാടുപെട്ട് താരം; ബ്രസീലിൽ ആശങ്ക

ഖത്തർ ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ സെർബിയക്കെതിരെ വിജയം നേടാൻ ബ്രസീലിനു കഴിഞ്ഞെങ്കിലും അതിന്റെ സന്തോഷം കെടുത്തി സൂപ്പർതാരം നെയ്‌മർ പരിക്കേറ്റു പുറത്ത്. മത്സരത്തിന്റെ എൺപതാം മിനുട്ടിലാണ് ഒരു ഫൗളിൽ പരിക്കേറ്റ് നെയ്‌മർ പുറത്തു പോകുന്നത്. മൈതാനത്തു നിന്നും കയറിപ്പോകുമ്പോൾ കരച്ചിലടക്കാൻ പാടു പെട്ട താരം ബ്രസീൽ ആരാധകർക്ക് മാത്രമല്ല, ഓരോ ഫുട്ബോൾ ആരാധകനും വേദനയാണ് സമ്മാനിച്ചത്.

ദൃശ്യങ്ങൾ പ്രകാരം താരത്തിന്റെ ആംഗിളിനാണ് പരിക്കു പറ്റിയത്. ബെഞ്ചിലിരിക്കുമ്പോഴും വേദന പ്രകടനമാക്കിയ താരത്തെ മെഡിക്കൽ സംഘം പരിശോധിക്കുന്നതും ചികിത്സ നടത്തുന്നതും കാണാമായിരുന്നു. താരത്തിന്റെ പരിക്ക് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഇന്നലത്തെ ദൃശ്യങ്ങൾ കാണുമ്പോൾ അത്ര സുഖകരമല്ലെന്നാണ് മനസിലാക്കാൻ കഴിയുക. കൂടുതൽ പരിശോധനകൾക്ക് ശേഷമേ ഇതേക്കുറിച്ച് വ്യക്തമായി അറിയാൻ കഴിയൂ.

അതേസമയം നെയ്‌മറുടെ പരിക്ക് ഗുരുതരമല്ലെന്ന സൂചനയാണ് പരിശീലകൻ ടിറ്റെ നൽകിയത്. താരം ഖത്തർ ലോകകപ്പിൽ ഇനിയും കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അടുത്ത മത്സരങ്ങൾ താരത്തിന് നഷ്‌ടമാകുമോയെന്ന പേടി ആരാധകർക്കുണ്ട്. വളരെക്കാലമായി ബ്രസീൽ ടീമിലെ ഏറ്റവും പ്രധാന കളിക്കാരനാണ് നെയ്‌മർ.

ഇന്നലെ നടന്ന മത്സരത്തിലും നെയ്‌മർ തന്നെയാണ് ടീമിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ചത്. സെർബിയൻ പ്രതിരോധപ്പൂട്ടു പൊട്ടിച്ച് താരം നടത്തിയ നീക്കമാണ് ബ്രസീലിന്റെ ആദ്യഗോളിൽ നിർണായകമായത്. അതിനാൽ തന്നെ താരത്തിന് ഏതെങ്കിലുമൊരു മത്സരം നഷ്‌ടമായാൽ അത് ബ്രസീൽ ക്യാംപിൽ തിരിച്ചടി സൃഷ്‌ടിക്കും.

fpm_start( "true" ); /* ]]> */