സാഡിയോ മാനെ കുറ്റക്കാരനെന്നു വിധിക്കാനാവില്ല, കയ്യേറ്റം ചെയ്തതിന്റെ കാരണം പുറത്ത് | Sadio Mane
മാഞ്ചസ്റ്റർ സിറ്റിയും ബയേൺ മ്യൂണിക്കും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വലിയ തോൽവിയാണു ബയേൺ ഏറ്റുവാങ്ങിയത്. എന്നാൽ മൂന്നു ഗോളിന്റെ തോൽവിയേക്കാൾ അവർക്ക് നാണക്കേടുണ്ടാക്കിയത് മത്സരത്തിന് ശേഷം ടീമിലെ താരങ്ങൾ തമ്മിൽ ഡ്രസിങ് റൂമിൽ വെച്ച് ഏറ്റുമുട്ടിയതാണ്. മുന്നേറ്റനിരയിൽ കളിക്കുന്ന മുൻ പ്രീമിയർ ലീഗ് താരങ്ങളായ സാഡിയൊ മാനെ, ലെറോയ് സാനെ എന്നിവർ തമ്മിലാണ് മത്സരത്തിന് ശേഷം കുഴപ്പങ്ങളുണ്ടായത്.
മത്സരത്തിനിടയിൽ തന്നെ ഇരുവരും തമ്മിൽ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടാവുകയും സാനെ സെനഗൽ താരത്തോട് രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഡ്രസിങ് റൂമിൽ ചെന്നതിനു ശേഷം തന്നോടുള്ള സാനെയുടെ പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെട്ട മാനെ അതിനു പിന്നാലെ ജർമൻ താരത്തിന്റെ മുഖത്തിടിച്ചു. ഇടി കൊണ്ട സാനെക്ക് പരിക്ക് പറ്റിയെന്നും ചുണ്ടു പൊട്ടിയെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
According to Mane’s cousin, Leroy Sané called Sadio Mané “Black s**t”, which made the Senegalese react with anger. Sané regretted what he said after the clash. Mané apologized to his teammates for the incident. His future at Bayern is NOT in jeopardy. [@taggatsn] pic.twitter.com/auQjRU0ODG
— Football Talk (@FootballTalkHQ) April 13, 2023
അതേസമയം സംഭവത്തിൽ മാനെ പൂർണമായും തെറ്റുകാരനല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ജർമൻ ജേർണലിസ്റ്റിന്റെ റിപ്പോർട്ടുകൾ പ്രകാരം സാനെ സെനഗൽ താരത്തിന് നേരെ പ്രകോപനകരമായ വാക്കുകൾ ഉപയോഗിച്ചതാണ് മാനെയെ രോഷാകുലനാക്കിയത്. മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ സാനെ സെനഗൽ താരത്തെ “ബ്ലാക്ക് ഷിറ്റ്” എന്ന് വിളിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതാണ് മാനെയുടെ നിയന്ത്രണം വിടാൻ കാരണമായത്.
സംഭവത്തിൽ ഉൾപ്പെട്ട രണ്ടു താരങ്ങളും തങ്ങളുടെ തെറ്റുകൾ ഉൾക്കൊണ്ട് ക്ഷമാപണം നടത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ ബയേൺ മ്യൂണിക്ക് മാനെയെ സസ്പെൻഡ് ചെയ്തിട്ടുണ്ടെങ്കിലും പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അത് നീളാനുള്ള സാധ്യതയില്ല. അടുത്ത ജർമൻ ലീഗ് മത്സരം നഷ്ടമാകുന്നതിനു പുറമെ താരം പിഴ അടക്കേണ്ടിയും വരും. അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മാനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
Content Highlights: Why Sadio Mane Punch Leroy Sane