ചാമ്പ്യൻസ് ലീഗ് പോലെയാണോ സൗഹൃദമത്സരം കളിക്കുന്നത്, തോൽ‌വിയിൽ പ്രതികരിച്ച് സാവി | Xavi

പുതിയ സീസണിന് മുന്നോടിയായി നടന്ന ആദ്യത്തെ പ്രീ സീസൺ മത്സരത്തിൽ തോൽവി വഴങ്ങിയതിനു പിന്നാലെ എതിരാളികളായ ആഴ്‌സണൽ മത്സരത്തെ സമീപിച്ച രീതിയെ വിമർശിച്ച് ബാഴ്‌സലോണ പരിശീലകൻ സാവി ഹെർണാണ്ടസ്. മത്സരത്തിൽ രണ്ടു തവണ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ ആഴ്‌സണൽ തിരിച്ചടിച്ച് മൂന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ആഴ്‌സനലിന്റെ രണ്ടാമത്തെ പ്രീ സീസൺ മത്സരമായിരുന്നു ഇത്.

പ്രീ സീസൺ മത്സരങ്ങളിൽ ടീമുകൾ കായികപരമായി കൂടുതൽ മേധാവിത്വം പുലർത്താൻ ശ്രമിക്കാതെ ലാഘവത്വത്തോടെ കളിക്കുകയാണ് പതിവെങ്കിലും ആഴ്‌സനലിന്റെ സമീപനം വ്യത്യസ്‌തമായിരുന്നു. തുടക്കം മുതൽ തന്നെ വളരെ തീവ്രതയോടെയാണ് അവർ കളിച്ചത്. ആദ്യമത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തോൽവി വഴങ്ങിയ ആഴ്‌സണൽ വിജയത്തിനായി കളിച്ചപ്പോൾ ആദ്യത്തെ മത്സരം കളിക്കുന്ന ബാഴ്‌സലോണ ഈ സമീപനം ഒട്ടും പ്രതീക്ഷിച്ചില്ലെന്നാണ് സാവിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

“ഒരു ചാമ്പ്യൻസ് ലീഗ് മത്സരം പോലെയാണ് കളിച്ചതെന്നും കളിക്കാരുടെ തീവ്രത അങ്ങിനെയായിരുന്നു എന്നും മത്സരത്തിന് ശേഷം ഞാൻ അർടെട്ടയോട് പറഞ്ഞിരുന്നു. അത് ഫ്രണ്ട്ലി മത്സരങ്ങളിൽ അസാധാരണമാണ്. എല്ലാവർക്കും വിജയം നേടണമെന്ന ആഗ്രഹം ഉണ്ടാവുമെന്നത് മനസിലാക്കാൻ കഴിയും. പക്ഷെ ഒരു വൈറസ് ബാധിച്ചതിനു ശേഷം ഞങ്ങളുടെ ആദ്യത്തെ മത്സരമായിരുന്നു ഇത്. ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള സമീപനമാണ് ഉണ്ടായത്.” സാവി മത്സരത്തിന് ശേഷം പറഞ്ഞു.

അതേസമയം സാവിയുടെ വാക്കുകൾക്ക് മറുപടിയുമായി മൈക്കൽ അർടെട്ട രംഗത്തു വന്നു. ഫുട്ബാൾ എന്നത് കളിക്കാരുടെ സ്വന്തമാണെന്നും എഴുപത്തിനായിരത്തോളം ആരാധകർക്ക് മുന്നിൽ മത്സരം കളിക്കുന്ന താരങ്ങൾ തീവ്രത കാണിക്കുന്നത് സ്വാഭാവികമായ കാര്യമാണെന്നുമാണ് അർടെട്ട പറഞ്ഞത്. ആദ്യത്തെ ഫൗൾ ഉണ്ടാകുന്ന സമയം മുതൽ ഈ തീവ്രത താരങ്ങൾ കാണിച്ചു തുടങ്ങുമെന്നും ആഴ്‌സണൽ പരിശീലകൻ വ്യക്തമാക്കി.

റോബർട്ട് ലെവൻഡോസ്‌കി, റാഫിന്യ, ഫെറൻ ടോറസ് എന്നിവരാണ് ബാഴ്‌സലോണയുടെ ഗോളുകൾ നേടിയത്. ആഴ്‌സണലിനായി ട്രോസാർഡ് രണ്ടു ഗോളുകൾ നേടിയപ്പോൾ സാക്ക, ഹാവെർറ്റ്സ്, ഫാബിയോ വിയേര എന്നിവർ മറ്റു ഗോളുകൾ സ്വന്തമാക്കി. ആഴ്‌സണലിന് അടുത്ത മത്സരത്തിൽ മൊണോക്കോയും ബാഴ്‌സലോണക്ക് റയൽ മാഡ്രിഡുമാണ് എതിരാളികൾ.

Xavi Slams Arsenal Intensity In Friendly