നിരാശകൾക്ക് വിരാമമിട്ട് ബ്ലാസ്റ്റേഴ്‌സിലേക്ക് ബ്രസീലിയൻ സ്‌ട്രൈക്കറെത്തുന്നു, ചർച്ചകൾ സജീവമായി മുന്നോട്ട് | Kerala Blasters

പുതിയ സീസണിന് മുന്നോടിയായി പ്രതിസന്ധിയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കടന്നു പോകുന്നത്. എഐഎഫ്എഫ് നൽകിയ പിഴശിക്ഷ ക്ലബ്ബിനെ സാമ്പത്തികമായി പിടിച്ചു കുലുക്കിയപ്പോൾ അവർക്ക് ടീമിലെ പല പ്രധാന താരങ്ങളെയും വിൽക്കേണ്ടി വന്നു. ഭാവിയുടെ പ്രതീക്ഷകളായിരുന്ന സഹൽ അബ്‌ദുൾ സമദ്, ഗിൽ എന്നിവരെല്ലാം ക്ലബ് വിട്ടപ്പോൾ ടീമിലെത്തിച്ച ഓസ്‌ട്രേലിയൻ താരമായ ജോഷുവക്ക് പരിക്കേറ്റു 2024 വരെ പുറത്താവുകയും ചെയ്‌തു.

എന്നാൽ ഈ നിരാശകളെ മാറ്റാൻ കേരള ബ്ലാസ്റ്റേഴ്‌സ് വമ്പനൊരു സൈനിങ്ങിനു തയ്യാറെടുക്കുന്നു എന്നാണു ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഒരു ബ്രസീലിയൻ താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ബ്രസീലിയൻ ക്ലബായ ഫോർട്ടലെസ എസ്പോർട്ടെയുടെ സ്‌ട്രൈക്കറായ തിയാഗോ ഗല്ലാർഡോയെയാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരിക്കുന്നത്. താരവുമായി ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികൾ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

മുന്നേറ്റനിരയിൽ ഒരു മികച്ച താരത്തിന്റെ സാന്നിധ്യം ആവശ്യമുള്ള കേരള ബ്ലാസ്റ്റേഴ്‌സിന് ചേരുന്ന പ്രൊഫൈൽ തന്നെയാണ് തിയാഗോ ഗല്ലാർഡോ. സ്‌ട്രൈക്കറായും സെക്കൻഡ് സ്‌ട്രൈക്കറായും അറ്റാക്കിങ് മിഡ്‌ഫീൽഡറായും കളിക്കാൻ താരത്തിന് കഴിയും. മുപ്പത്തിനാലുകാരനായ താരത്തിന് ബ്രസീലിലും യൂറോപ്പിലുമുള്ള പരിചയസമ്പത്തും കേരള ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്യും. നടന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ ആവേശമുണ്ടാക്കുന്ന സൈനിങ്ങ് ആയിരിക്കുമിത്.

കാരിയാറിലുടനീളം ബ്രസീലിലെ വിവിധ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള ഗല്ലാർഡോ ഒരു സീസണിൽ സ്‌പാനിഷ്‌ ക്ലബായ സെൽറ്റ വിഗോക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്. കാരിയാറിലുടനീളമായി മുന്നൂറ്റിയമ്പതോളം മത്സരങ്ങളിൽ കളിച്ചിട്ടുള്ള താരം ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവാൻ വുകോമനോവിച്ചിന്റെ ശൈലിക്ക് ഇണങ്ങുന്ന ഒരു സൈനിങ്‌ തന്നെയാകും തിയാഗോ ഗലാർഡോയുടെത്.

Kerala Blasters Target Brazilian Thiago Galhardo