പതിനഞ്ചാം വയസിൽ ബാഴ്‌സക്കായി അരങ്ങേറ്റം, ഉജ്ജ്വലപ്രകടനം നടത്തി ലാമിൻ യമാൽ | Lamine Yamal

റയൽ ബെറ്റിസിനെതിരെ ഗംഭീരവിജയം സ്വന്തമാക്കി ലാ ലിഗ കിരീടത്തിലേക്ക് ഒന്ന് കൂടി അടുത്ത ബാഴ്‌സലോണ ടീമിന് വേണ്ടി ചരിത്രം തിരുത്തി ലാ മാസിയയിൽ നിന്നുള്ള യുവതാരം. പതിനഞ്ചു വയസ് മാത്രമുള്ള ലാമിൻ യമാലാണ് കഴിഞ്ഞ ദിവസം ബാഴ്‌സലോണ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചത്. മുന്നേറ്റനിര താരമായ യമാൽ പ്രായത്തേക്കാൾ കൂടിയ പക്വത കാണിച്ച് കളിക്കളത്തിൽ ഉണ്ടായിരുന്ന സമയം മുഴുവൻ ഗംഭീരപ്രകടനം നടത്തുകയും ചെയ്‌തു.

എൺപത്തിമൂന്നാം മിനുട്ടിൽ ഗാവിക്ക് പകരക്കാരനായാണ് ലാമിൻ യമാൽ ബാഴ്‌സ സീനിയർ ടീമിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. ഇതോടെ ബാഴ്‌സലോണക്കായി ഈ നൂറ്റാണ്ടിൽ അരങ്ങേറ്റം നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും യമാൽ സ്വന്തമാക്കി. 1920ൽ, തന്റെ പതിനാലാം വയസിൽ ബാഴ്‌സലോണ ടീമിനായി അരങ്ങേറ്റം നടത്തിയ അർമാൻഡ് മാർട്ടിനസ് സാഗിയാണ് ബാഴ്‌സലോണ സീനിയർ ടീമിനായി കളിച്ചിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ താരം.

പതിനഞ്ചു വയസ് മാത്രമാണ് പ്രായമെങ്കിലും കളിക്കളത്തിൽ ഇറങ്ങിയതിനു ശേഷം ഗംഭീര പ്രകടനമാണ് താരം നടത്തിയത്. ഇറങ്ങിയ ഉടനെ തന്നെ ബോക്‌സിനുള്ളിൽ വെച്ച് ഒരു റയൽ ബെറ്റിസ്‌ താരത്തിന്റെ കാലിൽ നിന്നും പന്ത് റാഞ്ചി ഗോളിലേക്ക് ഷോട്ടുതിർത്തെങ്കിലും അത് ഗോൾകീപ്പർ രക്ഷപ്പെടുത്തി. അതിനു പുറമെ ഒസ്മാനെ ഡെംബലെക്ക് ഗോൾ നേടാനുള്ള സുവർണാവസരം താരം സൃഷ്‌ടിച്ചെങ്കിലും ഫ്രഞ്ച് താരത്തിന് അത് കൃത്യമായി ഒതുക്കി നിർത്താൻ കഴിയാതിരുന്നത് തിരിച്ചടിയായി.

വളരെയധികം അസാധാരണ കഴിവുകളുള്ള താരമാണ് യമാലെന്നാണ് മത്സരത്തിന് ശേഷം സാവി വെളിപ്പെടുത്തിയത്. യമാലിനോട് കളത്തിലിറങ്ങി ശ്രമം നടത്താൻ താൻ ആവശ്യപ്പെട്ടുവെന്നും താരം അത് ചെയ്‌തുവെന്നും സാവി പറഞ്ഞു. ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കാൻ അവസരമുണ്ടായിരുന്നു യമാലിന് വളരെയധികം ആത്മവിശ്വാസമുണ്ടെന്നും പതിനഞ്ചു വയസിനെക്കാൾ പക്വത കാണിക്കുന്ന താരം സീനിയർ ടീമിനായി ഇറങ്ങാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകളുടെ വിജയമാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്. പരിക്കിൽ നിന്നും തിരിച്ചെത്തിയ ആൻഡ്രെസ് ക്രിസ്റ്റൻസെൻ, റോബർട്ട് ലെവൻഡോസ്‌കി, റാഫിന്യ എന്നിവർ ഗോളുകൾ നേടിയപ്പോൾ ഒരെണ്ണം അർജന്റീന താരം ഗയ്‌ഡോ റോഡ്രിഗസിന്റെ സെല്ഫ് ഗോളായിരുന്നു. മുപ്പത്തിമൂന്നാം മിനുട്ടിൽ എഡ്‌ഗർ ഗോൺസാലസ് ചുവപ്പുകാർഡ് നേടി പുറത്തു പോയത് ബാഴ്‌സയുടെ വിജയത്തെ സഹായിച്ചു.

15 Year Old Lamine Yamal Made Debut For Barcelona