അർജന്റീന സ്വന്തമാക്കിയ ലോകകപ്പ് ഫോർമാറ്റ് അവസാനത്തേത്, ഇനി അടിമുടി മാറും; പ്രഖ്യാപനം അടുത്തു തന്നെ

അർജന്റീന കിരീടം സ്വന്തമാക്കിയ ഖത്തർ ലോകകപ്പോടെ ഇതുവരെയുള്ള ലോകകപ്പ് രീതികളിൽ നിന്നും മാറ്റം വരുന്നു. അമേരിക്ക, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ വെച്ച് നടക്കുന്ന അടുത്ത ലോകകപ്പ് ഫോർമാറ്റ് അടിമുടി മാറുമെന്നാണ് നിലവിൽ വ്യക്തമാകുന്നത്. മുപ്പത്തിരണ്ട് ടീമുകൾക്ക് പകരം നാൽപത്തിയെട്ടു ടീമുകൾ 2026 ലോകകപ്പിൽ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഫോർമാറ്റിൽ മാറ്റങ്ങൾ വരുത്തുന്നത്.

ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും ദൈർഘ്യമേറിയ ലോകകപ്പായിരിക്കും ഇനി നടക്കാൻ പോകുന്നത്. അമ്പത്തിയാറു ദിവസം നീണ്ടു നിൽക്കുന്ന ലോകകപ്പിൽ നാല് ടീമുകൾ അടങ്ങിയ പന്ത്രണ്ടു ഗ്രൂപ്പുകളാണ് ഉണ്ടാവുക. ഇവരിൽ നിന്നും ആദ്യത്തെ രണ്ടു സ്ഥാനക്കാർ നേരിട്ട് നോക്ക്ഔട്ടിലേക്ക് യോഗ്യത നേടും. അതിനു പുറമെ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും മികച്ച മൂന്നു സ്ഥാനക്കാരായ എട്ടു ടീമുകളും നോക്ക്ഔട്ട് റൗണ്ടിലേക്ക് കടക്കും.

ഇതുവരെയുള്ള ലോകകപ്പ് ടൂർണമെന്റുകളുടെ നോക്ക്ഔട്ട് ഘട്ടത്തിൽ പതിനാറു ടീമുകളാണ് ഉണ്ടാവുകയെങ്കിൽ ഇത്തവണയത് മുപ്പത്തിരണ്ട് ടീമുകളായി വർധിക്കും. ആദ്യത്തെ നോക്ക്ഔട്ട് റൌണ്ട് കഴിഞ്ഞതിനു ശേഷമായിരിക്കും പ്രീ ക്വാർട്ടർ, ക്വാർട്ടർ തുടങ്ങിയ ഘട്ടങ്ങൾ ആരംഭിക്കുക. ഇതുവരെ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞതിനു ശേഷം നേരിട്ട് പ്രീ ക്വാർട്ടറിലേക്ക് കടക്കുകയായിരുന്നു. മത്സരങ്ങളുടെ എണ്ണം വർധിക്കാൻ കാരണമായതും ഇതു തന്നെയാണ്.

യോഗ്യത നേടുന്ന നാല്പത്തിയെട്ടു ടീമുകളിൽ പതിനാറെണ്ണവും യൂറോപ്പിൽ നിന്നായിരിക്കും. പുതിയ ലോകകപ്പ് ഫോർമാറ്റിൽ ഓരോ പ്രവിശ്യയിൽ നിന്നും പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വർധിക്കുമെന്ന് പ്രത്യേകത കൂടിയുണ്ട്. ഇന്ന് ചേരുന്ന ഫിഫ കൗൺസിൽ ഇത് അംഗീകരിക്കുമെന്നും അതിനു ശേഷം ഔദ്യോഗികമായി പ്രഖ്യാപനം നടത്തുമെന്നുമാണ് റിപ്പോർട്ടുകൾ. എന്തായാലും ആരാധകർക്കൊരു വിരുന്നായിരിക്കും അടുത്ത ലോകകപ്പെന്ന് ഉറപ്പായിട്ടുണ്ട്.