ബ്ലാസ്‌റ്റേഴ്‌സിനു മുന്നിലുള്ളത് വലിയ പ്രതിസന്ധി, എങ്കിലും കഴിഞ്ഞ സീസണിലെ അബദ്ധം ഇത്തവണയുണ്ടാകില്ല

വിദേശതാരങ്ങളെ നിലനിർത്തുന്ന കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പലപ്പോഴും പുറകിലാണ്. ഇത് ഓരോ സീസണിലും ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കാറുമുണ്ട്. കഴിഞ്ഞ സീസണിൽ തന്നെ ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയ വിദേശതാരങ്ങളായ അൽവാരോ വാസ്‌ക്വസ്, പെരേര ഡയസ് എന്നിവരെ നിലനിർത്താൻ കഴിയാത്തതിനാൽ ഇരുവരും ക്ലബ് വിട്ടത് ഈ സീസണിൽ ടീമിനെ ബാധിച്ചുവെന്നതിൽ തർക്കമില്ല.

എന്നാൽ ഇത്തവണ ആ പിഴവ് സംഭവിക്കില്ലെന്ന് ഉറപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടു പോകുന്നതെന്നാണ് സൂചനകൾ. ഈ സീസൺ അവസാനിച്ച് വിദേശതാരങ്ങൾ നാട്ടിലേക്ക് മടങ്ങും മുൻപ് അവരുമായി പുതിയ കരാർ ഒപ്പുവെപ്പിക്കാനുള്ള ശ്രമം ടീം നടത്തും. നേരത്തെ ഇന്ത്യൻ സൂപ്പർലീഗ് സീസൺ കഴിഞ്ഞാൽ തന്നെ വിദേശതാരങ്ങൾ ക്ലബ് വിട്ടിരുന്നു. ഈ സീസണിൽ സൂപ്പർകപ്പിനു താരങ്ങൾ പങ്കെടുക്കുന്നതിനാൽ അതിനിടയിൽ എല്ലാം ശരിയാക്കാനാവും ക്ലബ് ശ്രമിക്കുക.

വിദേശതാരങ്ങൾ ഉൾപ്പെടെ പതിനൊന്നു പേരുടെ കരാർ അടുത്ത സീസണിൽ അവസാനിക്കാനിരിക്കയാണ്. ഈ സീസണിൽ വിക്റ്റർ മോങ്കിൽ, ദിമിത്രി ഡയമന്റക്കൊസ്, അപ്പൊസ്‌തലോസ് ജിയാനൂ, ഇവാൻ കലിയുഷ്‌നി എന്നീ താരങ്ങളുടെ കരാറും അവസാനിക്കും. ഇതിൽ ഇവാൻ കലിയുഷ്‌നിയുടെ കരാർ നീട്ടുന്നത് സാഹചര്യങ്ങൾ അനുസരിച്ചായിരിക്കും. റഷ്യ-യുക്രൈൻ യുദ്ധം നീണ്ടു പോയാൽ മാത്രമേ താരം വീണ്ടും ബ്ലാസ്റ്റേഴ്‌സിൽ കളിക്കാൻ സാധ്യതയുള്ളൂ.

നിലവിൽ ടീമിലുള്ള എല്ലാ വിദേശതാരങ്ങളിലും പരിശീലകനും നേതൃത്വവും തൃപ്‌തരാണ്. ഇതിൽ ടീമിന് വിട്ടുകളയാൻ കഴിയാത്ത താരം ദിമിത്രിയാണ്. ഈ സീസണിൽ ക്ലബിന്റെ ടോപ് സ്‌കോറർ താരമായിരുന്നു. എല്ലാ താരങ്ങളുടെയും കാര്യത്തിൽ പരിശീലകനായ ഇവാനുമായി കൂടിയാലോചിച്ചാവും ബ്ലാസ്റ്റേഴ്‌സ് തീരുമാനമെടുക്കുക. എന്തായാലും അടുത്ത സീസണിൽ ടീമിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കാൻ കഴിയുമെന്ന് ഇത് വ്യക്തമാക്കുന്നു.