“ഇതുപോലെയൊരു ടീമിൽ കളിക്കാനല്ല ഞാൻ ആഗ്രഹിക്കുന്നത്”- പിഎസ്‌ജിക്കെതിരെ തുറന്നടിച്ച് താരം

കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ വമ്പൻ താരങ്ങളുടെ ഒരു നിരയെ തന്നെ എത്തിച്ചിട്ടും യൂറോപ്പിൽ മികച്ച പ്രകടനം നടത്താൻ പിഎസ്‌ജിക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണിലും ഈ സീസണിലും ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ തോൽവി വഴങ്ങി പുറത്തു പോവുകയായിരുന്നു പിഎസ്‌ജി. സൂപ്പർതാരങ്ങളല്ല, മറിച്ച് സന്തുലിതമായ ഒരു ടീമാണ് വിജയങ്ങളും കിരീടങ്ങളും നേടാൻ വേണ്ടതെന്ന് ഇതിനു ശേഷം നിരവധിയാളുകൾ ചൂണ്ടിക്കാട്ടിയിരുന്നു.

പിഎസ്‌ജി ടീം ഒറ്റക്കെട്ടായി നിൽക്കുന്നില്ലെന്നാണ് ജനുവരി വരെ ക്ലബിൽ ഉണ്ടായിരുന്ന സ്‌പാനിഷ്‌ താരമായ പാബ്ലോ സാറാബിയയും പറയുന്നത്. 2019 മുതൽ ഫ്രഞ്ച് ക്ലബിന്റെ ഭാഗമായ സാറാബിയ ഒരു സീസണിൽ ലോണിൽ സ്പോർട്ടിങ് ക്ലബിനായി കളിച്ചിട്ടുണ്ട്. പിഎസ്‌ജി മുന്നേറ്റനിരയിലെ സൂപ്പർതാരങ്ങൾ കാരണം അവസരങ്ങൾ കുറഞ്ഞ താരം ജനുവരി ജാലകത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വോൾവ്‌സിലേക്ക് ചേക്കേറിയിരുന്നു.

“മെസി, എംബാപ്പെ, നെയ്‌മർ എന്നിവർക്കൊപ്പം കളിക്കുന്നത് മനോഹരമായ അനുഭവം ആയിരുന്നു. എന്നാൽ എന്നെ സംബന്ധിച്ച് ഏറ്റവും നിർണായകമായ കാര്യം ടീമിന് പ്രധാനപ്പെട്ട താരമായിരിക്കുക എന്നതാണ്. ഒറ്റക്കൊറ്റക്ക് നിൽക്കുന്ന കുറെ കളിക്കാർക്ക് പകരം ഒറ്റക്കെട്ടായി നിൽക്കുന്ന അനുഭവം ലഭിക്കാനും ഒരു ടീമിന്റെയും കുടുംബത്തിന്റെയും പോലെ ഒരുമിച്ച് നിൽക്കാനും എനിക്ക് മറ്റൊരു ടീമിനെ തിരഞ്ഞെടുക്കേണ്ടി വന്നു.” സാറാബിയ കഴിഞ്ഞ ദിവസം പറഞ്ഞു.

പിഎസ്‌ജി ടീമിൽ നിരവധി സൂപ്പർതാരങ്ങൾ ഉള്ളതിനാൽ തന്നെ അവർക്കിടയിൽ ഈഗോ പ്രശ്‌നങ്ങളുണ്ടാവുക സ്വാഭാവികമാണ്. ഇത് ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുമുണ്ട്. അതേസമയം സാറാബിയ വോൾവ്‌സിൽ എത്തിയതിനു ശേഷം ടീമിന് മെച്ചപ്പെടലുണ്ടായിട്ടുണ്ട്. ഡിസംബറിൽ തരംതാഴ്ത്തൽ മേഖലയിൽ കിടന്നിരുന്ന ക്ലബ് ഇപ്പോൾ പതിമൂന്നാം സ്ഥാനത്താണ്. ടീമിനായി കളിച്ച ഏഴു മത്സരങ്ങളിൽ ആറിലും താരം ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.