സ്വന്തമാക്കാൻ ചാമ്പ്യൻസ് ലീഗ് ക്ലബ് രംഗത്ത്, എമിലിയാനോ മാർട്ടിനസിന്റെ ആഗ്രഹം സഫലമാകുന്നു

ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളാണ് എമിലിയാനോ മാർട്ടിനസ്. ബോക്‌സിന് കീഴിൽ താരത്തിന്റെ സാന്നിധ്യം തന്നെയാണ് അർജന്റീനക്ക് ആത്മവിശ്വാസത്തോടെ കളിക്കാൻ അവസരം നൽകിയത്. എമിലിയാനോ മാർട്ടിനസ് ദേശീയടീമിന് വേണ്ടി കളിക്കാനാരംഭിച്ച രണ്ടു വർഷത്തിന്റെ ഇടയിലാണ് അർജന്റീന മൂന്നു കിരീടങ്ങൾ നേടിയതെന്നത് ടീമിൽ താരത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

ലോകകപ്പിന് ശേഷം ഫിഫ ദി ബെസ്റ്റ് പുരസ്‌കാരവും സ്വന്തമാക്കിയ എമിലിയാനോ മാർട്ടിനസ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ലയിലാണ് കളിക്കുന്നത്. എന്നാൽ ചാമ്പ്യൻസ് ലീഗ് ക്ലബിൽ കളിക്കാനും കിരീടത്തിനായി പൊരുതാനും തനിക്ക് താൽപര്യമുണ്ടെന്ന് താരം വ്യക്തമാക്കിയിരുന്നു. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ ഓഫറുകൾ ഉണ്ടായിരുന്ന താരം അടുത്ത സമ്മറിൽ ക്ലബ് വിടാനുള്ള സാധ്യതയും ഇതോടെ വർധിച്ചു.

എന്തായാലും ചാമ്പ്യൻസ് ലീഗിൽ മത്സരിക്കുകയെന്ന മാർട്ടിനസിന്റെ മോഹം സഫലമാക്കാൻ താരത്തിനെ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്നെയുള്ള ക്ലബായ ടോട്ടനം ഹോസ്‌പർ ശ്രമം നടത്തുന്നുണ്ട്. അർജന്റീനിയൻ ജേർണലിസ്റ്റായ ഗാസ്റ്റാൻ എഡുലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ ടീമിലുള്ള ഹ്യൂഗോ ലോറിസ്, ഫ്രേസർ ഫ്രോസ്റ്റർ എന്നിവർ കരിയറിന്റെ അവസാന കാലഘട്ടത്തിൽ എത്തിയതിനെ തുടർന്നാണ് പുതിയ ഗോൾകീപ്പറെ ടോട്ടനം നോട്ടമിടുന്നത്.

2027 വരെ കരാറുള്ള ടോട്ടനം ഹോസ്പേറിനെ ആസ്റ്റൺ വില്ലക്ക് വേണമെങ്കിൽ നിലനിർത്താം. എന്നാൽ ചാമ്പ്യൻസ് ലീഗിൽ കളിക്കാനുള്ള താരത്തിന്റെ ആഗ്രഹവും ട്രാൻസ്‌ഫർ ഫീസായി ലഭിക്കുന്ന തുകയും കണക്കിലെടുത്ത് അവർ താരത്തെ വിൽക്കാൻ സാധ്യതയുണ്ട്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കളിച്ച ടോട്ടനം നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് നിൽക്കുന്നത്. ടീം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുമെന്ന് തന്നെയാണ് പ്രതീക്ഷ. മാർട്ടിനസിന്റെ അർജന്റീന സഹതാരം കുട്ടി റോമെറോ ടോട്ടനത്തിലാണ് കളിക്കുന്നത്.