വിട്ടുപോയ താരത്തെ വീണ്ടും ചേർത്തു നിർത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു, ഇനി കളി മാറും

കേരള ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ താരമാണ് അൽവാരോ വാസ്‌ക്വസ്. എട്ടു ഗോളുകൾ നേടിയ താരം ടീം ഫൈനലിൽ എത്തുന്നതിൽ നിർണായക പങ്കു വഹിച്ചു. എന്നാൽ സീസൺ കഴിഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്‌സ് വിട്ട താരം എഫ്‌സി ഗോവയിലേക്ക് ചേക്കേറുകയാണുണ്ടായത്.

ഗോവയിലേക്ക് ചേക്കേറിയ താരത്തിന് പക്ഷെ ഈ സീസൺ നിരാശയുടേതായിരുന്നു. പതിനേഴു മത്സരങ്ങളിൽ കളിച്ചെങ്കിലും അതിൽ ഏഴു മത്സരങ്ങളിൽ മാത്രമാണ് താരം ആദ്യ ഇലവനിൽ ഇറങ്ങിയത്. ഗോവക്ക് ടൂർണമെന്റിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളൂ. അതുകൊണ്ടു നിരാശനാണ് താരം.

ഗോവയിൽ അവസരങ്ങൾ കുറഞ്ഞ താരം തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് പുതിയ സൂചനകൾ. ഇവാൻ വുകോമനോവിച്ചിന് കീഴിൽ മികച്ച പ്രകടനം നടത്തിയ താരത്തിന് ബ്ലാസ്റ്റേഴ്‌സിനൊപ്പം അടുത്ത സീസണിൽ തിളങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനായി താരം ശ്രമം തുടങ്ങിയിട്ടുണ്ട്.

താരത്തെ തിരിച്ചെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സിനും താത്പര്യമുണ്ടെന്നാണ് സൂചനകൾ. ബ്ലാസ്റ്റേഴ്‌സ് ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്റ്റർ ഇതിനായി നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ രണ്ടു വർഷം കരാറുള്ള വാസ്‌ക്വസിനെ സ്വന്തമാക്കാൻ ട്രാൻസ്‌ഫർ ഫീസ് നൽകേണ്ടി വരുമെന്നുറപ്പാണ്.

ബെംഗളൂരു എഫ്‌സിക്കെതിരെയുള്ള വിവാദസംഭവത്തിൽ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പ്രതികരിച്ച താരമാണ് അൽവാരോ വാസ്‌ക്വസ്. ഇവാൻ ചെയ്‌തതിൽ തെറ്റൊന്നുമില്ലെന്നാണ് മത്സരത്തിന് ശേഷം താരം പറഞ്ഞത്. കേരള ബ്ലാസ്റ്റേഴ്‌സിനോട് താരത്തിനുള്ള അനുഭാവം ഇതിൽ നിന്നും വ്യക്തമാണ്.

അടുത്ത സീസണിൽ അണിനിരത്താനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ കെട്ടിപ്പടുക്കാൻ ഇപ്പോൾ തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്. സൂപ്പർകപ്പിനിടയിൽ തന്നെ അടുത്ത സീസണിലേക്ക് നിലനിർത്താനുള്ള വിദേശതാരങ്ങളെക്കൊണ്ട് കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്‌സ് നടത്തും. ഇതിനിടയിലാണ് വസ്ക്വസ് തിരിച്ചെത്താനുള്ള സാധ്യതയും തെളിയുന്നത്.