ഗോൾ നേടാനുള്ള അവസരം നിഷേധിച്ച് റഫറിയുടെ വിസിൽ, കുപിതനായി പ്രതികരിച്ച് റൊണാൾഡോ; ഒടുവിൽ മഞ്ഞക്കാർഡ്

സൗദി കിങ്‌സ് കപ്പിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമായ അൽ നസ്ർ വിജയം നേടിയിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അഭ ക്ലബിനെയാണ് അൽ നസ്ർ കീഴടക്കിയത്. ഇതോടെ കിങ്‌സ് കപ്പിന്റെ സെമിയിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും മുന്നേറി.

മത്സരത്തിൽ സാമി അൽ നാജേയ്, അബ്ദുല്ല അല്ഖബൈറി, മുഹമ്മദ് മാറാൻ എന്നിവരാണ് അൽ നസ്റിന് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിൽ ഭൂരിഭാഗം സമയവും കളിച്ചെങ്കിലും ഒരു ഗോളോ അസിസ്റ്റോ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞില്ല. അതിന്റെ രോഷം താരം പ്രകടിപ്പിക്കുകയും ചെയ്തു.

മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കുമ്പോഴാണ് സംഭവമുണ്ടായത്. അഭ ക്ലബ് എടുത്ത ഫ്രീ കിക്കിന് ശേഷം അൽ നസ്ർ പ്രത്യാക്രമണം ആരംഭിച്ചു. പന്ത് റൊണാൾഡോക്ക് ലഭിക്കുമ്പോൾ കൂടെ സ്വന്തം ടീമിലെ ഒരു താരവും മുന്നിൽ എതിർ ടീമിലെ ഒരു താരവും മാത്രമാണ് ഉണ്ടായിരുന്നത്.

അനായാസം ഗോളടിക്കാനുള്ള അവസരം ലഭിച്ചത് മുതലാക്കാൻ റൊണാൾഡോ പന്തുമായി മുന്നോട്ടു കുതിക്കുന്നതിനിടെ റഫറി ഹാഫ് ടൈം വിസിൽ മുഴക്കി. ഇതിൽ റൊണാൾഡോ കുപിതനായി. പന്ത് കയ്യിലെടുത്ത താരം തന്റെ രോഷം പ്രകടിപ്പിക്കാൻ വേണ്ടി അത് ആകാശത്തേക്ക് ഉയർത്തിയടിക്കുകയും ചെയ്‌തു.

എന്നാൽ റൊണാൾഡോയുടെ പ്രവൃത്തി റഫറിക്ക് അത്ര സ്വീകാര്യമായി തോന്നിയില്ല. റൊണാൾഡോ രോഷം പ്രകടിപ്പിച്ചപ്പോൾ തന്നെ റഫറി മഞ്ഞക്കാർഡ് ഉയർത്തി. അൽ നാസ്സറിൽ എത്തിയതിനു ശേഷം പോർച്ചുഗൽ താരത്തിന് ലഭിക്കുന്ന രണ്ടാമത്തെ മഞ്ഞക്കാർഡാണ്‌ ഇന്നലത്തെ മത്സരത്തിൽ പിറന്നത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഭേദപ്പെട്ട പ്രകടനമാണ് റൊണാൾഡോ നടത്തിയതെങ്കിലും ഗോളുകൾ അകന്നു നിന്നു. സൗദിയിൽ റൊണാൾഡോ താളം കണ്ടെത്തിയെന്ന് കരുതിയിരുന്നെങ്കിലും കഴിഞ്ഞ മൂന്നു മത്സരങ്ങളായി താരം ഗോൾ നേടിയിട്ടില്ല. ഇതിലൊരു മത്സരത്തിൽ റൊണാൾഡോയുടെ ടീം തോൽക്കുകയും ചെയ്‌തു.