എല്ലാ കണ്ണുകളും ഡൈസുകെയിലേക്ക്, അഡ്രിയാൻ ലൂണയുടെ അഭാവം പരിഹരിക്കാൻ ജാപ്പനീസ് താരത്തിനാകുമോ | Daisuke Sakai
ബ്ലാസ്റ്റേഴ്സ് നായകനായ അഡ്രിയാൻ ലൂണക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും ഈ സീസൺ മുഴുവൻ നഷ്ടമാകുമെന്നുമുള്ള വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും റിപ്പോർട്ടുകൾ പ്രകാരം താരം ഈ സീസണിൽ കളിക്കാനുള്ള സാധ്യത വളരെക്കുറവാണ്. ശസ്ത്രക്രിയക്കായി താരം മുംബൈയിലാണ് ഇപ്പോഴുള്ളതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇന്ന് രാത്രി പഞ്ചാബിനെയും അതിനു ശേഷം ഈ മാസം മുംബൈ സിറ്റി എഫ്സി, മോഹൻ ബഗാൻ എന്നീ കരുത്തരായ ടീമുകളെയും നേരിടാനൊരുങ്ങി നിൽക്കെയാണ് അഡ്രിയാൻ ലൂണക്ക് പരിക്കേൽക്കുന്നത്. ടീമിന്റെ നട്ടെല്ലും കളിക്കളത്തിൽ തന്റെ മുഴുവൻ ഊർജ്ജവും നൽകുന്ന അഡ്രിയാൻ ലൂണയുടെ പകരക്കാരനാവാൻ ആർക്ക് കഴിയുമെന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ച് അവരുടെ പ്രധാന പ്രതീക്ഷ ജാപ്പനീസ് താരമായ ഡൈസുകെ സകായിയിലാണ്.
All eyes on you buddy…"Daisuke Sakai undello" (with tears 🥹) pic.twitter.com/bsmvuTDEjU
— Charlie പുട്ട് (@kbfcputtu) December 13, 2023
സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറിയ ജാപ്പനീസ് താരം ഇതുവരെ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. ലൂണയെപ്പോലെ അറ്റാക്കിങ് മിഡ്ഫീൽഡ് പൊസിഷനിലല്ല കളിക്കുകയെങ്കിലും മുന്നേറ്റത്തിലും മധ്യനിരയിലും കളിക്കാൻ കഴിയുന്ന താരമാണ് ഡൈസുകെ. ലൂണയുടെ അഭാവത്തിൽ കളിക്കളത്തിൽ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുമെന്നതിനാൽ തന്റെ കഴിവുകൾ പൂർണമായും പുറത്തെടുക്കാൻ ഡൈസുകെക്ക് ലഭിക്കുന്ന ഒരു അവസരമായിരിക്കുമിത്. സെറ്റ് പീസുകൾ എടുക്കുന്നതിലും താരത്തിന് കഴിവുണ്ട്.
The excitement is building up ahead of #PFCKBFC ⚽#KBFC #KeralaBlasters pic.twitter.com/qavbcBTLUh
— Kerala Blasters FC (@KeralaBlasters) December 14, 2023
ഈ സീസണിൽ ഏഴു മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം ഒരു ഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ലൂണ, പെപ്ര, ദിമിത്രിയോസ് എന്നീ താരങ്ങൾ മുന്നേറ്റനിരയിൽ ഉള്ളതിനാൽ പ്രതിരോധത്തെക്കൂടി ശ്രദ്ധിച്ചു കൊണ്ട് മധ്യനിരയിലേക്ക് ഇറങ്ങിക്കളിക്കേണ്ടി വന്നത് താരത്തിന്റെ മികവ് പൂർണമായും പുറത്തെടുക്കാൻ തടസമായിട്ടുണ്ട്. ലൂണയുടെ അഭാവത്തിൽ കൂടുതൽ മുന്നേറി കളിക്കാൻ അവസരമുള്ളത് ഡൈസുകെ മുതലെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ലൂണ മാത്രമല്ല ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നേരിടുന്ന അഭാവം. ഡാനിഷ് ഫാറൂഖും ഇന്നത്തെ മത്സരം കളിക്കില്ലെന്നതിനാൽ മധ്യനിരയുടെ പ്രകടനത്തെ അത് ബാധിക്കുമെന്നുറപ്പാണ്. കഴിഞ്ഞ മത്സരത്തിൽ തന്നെ മധ്യനിര വളരെ മോശമായിരുന്നു. ഇവാൻ വുകോമനോവിച്ച് വിലക്ക് കാരണം ഉണ്ടാകില്ല എന്നതിനാൽ തന്നെ സഹപരിശീലകൻ ഫ്രാങ്ക് ദോവൻ ഈ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തേണ്ടതുണ്ട്.
Daisuke Sakai New Hope Of Kerala Blasters After Luna Injury