കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് പണി തുടങ്ങി, ലൊഡെയ്രോയുടെ സോഷ്യൽ മീഡിയ പേജുകൾ അടക്കി ഭരിച്ച് ആരാധകർ | Kerala Blasters
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ നിരാശ നൽകിയാണ് ടീമിലെ പ്രധാന താരമായ അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയത്. പരിക്കിന് ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് മൂന്നു മാസത്തോളം പുറത്തിരിക്കേണ്ടി വരുന്ന താരത്തിന് ഈ സീസണിലിനി ടീമിനായി മൈതാനത്തിറങ്ങാൻ കഴിഞ്ഞേക്കില്ല. അതുകൊണ്ടു തന്നെ സീസണിലെ പ്രതീക്ഷകൾ കാത്തുസൂക്ഷിക്കാൻ പുതിയൊരു സൈനിങ് ബ്ലാസ്റ്റേഴ്സ് നടത്തേണ്ടതുണ്ട്.
ലൂണക്ക് പകരക്കാരനെ ബ്ലാസ്റ്റേഴ്സ് കണ്ടെത്തിയിട്ടുണ്ട്. എംഎൽഎസ് ക്ലബായ സീറ്റിൽ സൗണ്ടേഴ്സിന്റെ താരമായ നിക്കോളാസ് ലൊഡെയ്രോയെ സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നത്. നിരവധി വമ്പൻ ക്ലബുകളിലും യുറുഗ്വായ് ദേശീയ ടീമിന് വേണ്ടി അറുപതോളം മത്സരങ്ങളിലും കളിച്ച താരം ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ സാഹചര്യത്തിന് ചേരുന്ന സൈനിങാണ്. താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞാൽ ടീമിന്റെ കിരീടപ്രതീക്ഷകൾ വർധിക്കും.
അതേസമയം തങ്ങളുടെ പ്രിയപ്പെട്ട താരമായ അഡ്രിയാൻ ലൂണക്ക് പകരക്കാരനെ സ്വന്തമാക്കാനുള്ള ടീമിന്റെ പ്രയത്നത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകരും ഒപ്പം ചേർന്നിട്ടുണ്ട്. നിലവിൽ യുറുഗ്വായ് ക്ലബായ നാഷനലും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ലൊഡെയ്രോയെ സ്വന്തമാക്കുന്നതിൽ മത്സരിച്ചു കൊണ്ടിരിക്കുന്നത്. നാഷണൽ ഓഫർ ചെയ്തതിനേക്കാൾ കൂടിയ തുക ബ്ലാസ്റ്റേഴ്സ് ഓഫർ ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. അതിനിടയിൽ തങ്ങളാൽ കഴിയുന്ന സഹായം ആരാധകരും ചെയ്യുന്നുണ്ട്.
ലൊഡെയ്രോയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് മുഴുവൻ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണിപ്പോൾ. നിരവധി ആരാധകരാണ് താരത്തെ ടീമിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് കമന്റുകൾ ഇടുന്നത്. തങ്ങളുടെ മജീഷ്യന് പകരം ഈ ടീമിലേക്ക് വരൂവെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച ഫാൻബേസ് അറിയാൻ ശ്രമിക്കൂവെന്നുമെല്ലാം ആരാധകർ കുറിക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റിക്കറുകളും കമന്റ് സെഷനിൽ നിറയുന്നു.
ലൊഡെയ്രോയുടെ ഇൻസ്റ്റാഗ്രാമിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ ഫോളോ ചെയ്യാനും തുടങ്ങിയിട്ടുണ്ട്. എന്തായാലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഈയൊരു സമീപനം താരം പരിഗണനയിൽ എടുക്കാൻ സാധ്യതയുള്ള ഒന്നാണ്. തനിക്ക് ഏറ്റവും മികച്ച പിന്തുണ ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുമെന്ന് ഇതോടെ ലൊഡെയ്രോക്ക് ബോധ്യപ്പെടും. അതും മികച്ച ഓഫറും കൂടി ലഭിക്കുമ്പോൾ താരം ബ്ലാസ്റ്റേഴ്സിനെ പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ്.
Kerala Blasters Fans Starts To Welcome Nicolas Lodeiro