സാവിക്ക് പകരക്കാരൻ ആരാകുമെന്ന സൂചനകൾ നൽകി ലപോർട്ട, സമ്മറിൽ രണ്ടു വമ്പൻ സൈനിംഗുകൾ ഉണ്ടാകും | Barcelona
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയും ലീഗിലും യൂറോപ്പിലും ആധിപത്യം സ്ഥാപിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന ബാഴ്സലോണ ടീമിൽ നിന്നും പരിശീലകനായ സാവി ഈ സീസണിനു ശേഷം വിട പറയുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ടു തന്നെ പുതിയ പരിശീലകനായി ആരെത്തുമെന്ന കാര്യത്തിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പ്രസിഡന്റായ ലപോർട്ട ഇതുമായി ബന്ധപ്പെട്ട സൂചനകൾ നൽകുകയുണ്ടായി. നിലവിൽ ബാഴ്സലോണയുടെ യൂത്ത് ടീമിനെ പരിശീലിപ്പിക്കുന്ന മെക്സിക്കൻ താരമായ റാഫേൽ മാർക്വസിനെ ബാഴ്സലോണ പരിഗണിക്കുന്നുണ്ടെന്നും എന്നാൽ അതിനു പുറമെ മറ്റു പരിശീലകരുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സ്പോർട്ടിങ് ഡയറക്റ്റർ ഡെക്കോ ആണെന്നും ലപോർട്ട പറഞ്ഞു.
🚨🗣️ Laporta: “Marquez is a an emergency possibility. He is coaching here." pic.twitter.com/T7e43kT1OS
— Managing Barça (@ManagingBarca) February 2, 2024
റാഫേൽ മാർക്വസിനു ബാഴ്സലോണയിൽ തന്നെ പരിശീലിപ്പിച്ച് പരിചയമുള്ളതിനാൽ അത് ടീമിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. നിലവിൽ പരിശീലകനായ സാവി ബാഴ്സലോണ പരിശീലകനായി എത്തുമ്പോൾ അദ്ദേഹത്തിന് യൂറോപ്പിൽ യാതൊരു പരിചയസമ്പത്തും ഉണ്ടായിരുന്നില്ല. ഖത്തറി ക്ലബായ അൽ സദ്ദിൽ നിന്നാണ് സാവി ബാഴ്സലോണയിൽ എത്തിയത്.
സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണെങ്കിലും അടുത്ത സമ്മറിൽ ബാഴ്സലോണ രണ്ടു വമ്പൻ സൈനിംഗുകൾ നടത്തുമെന്ന സൂചനകൾ അദ്ദേഹം നൽകി. നിലവിൽ ടീമിനൊപ്പം ലോണിൽ കളിക്കുന്ന പോർച്ചുഗീസ് താരങ്ങളായ ജോവോ ഫെലിക്സ്, ജോവോ കാൻസലോ എന്നിവരെ ബാഴ്സലോണ സ്ഥിരം കരാറിൽ സ്വന്തമാക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
ബാഴ്സലോണ അത്ലറ്റിക് നിലവിൽ സ്പാനിഷ് മൂന്നാം ഡിവിഷൻ ലീഗിൽ മികച്ച പ്രകടനം നടത്തുന്നുണ്ട്. ആറാം സ്ഥാനത്തു നിൽക്കുന്ന ടീം പ്രൊമോഷൻ നേടിയാൽ അത് റാഫ മാർക്വസിനെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്. അങ്ങിനെ സംഭവിച്ചാൽ അദ്ദേഹം തന്നെയാകും സാവിയുടെ പകരക്കാരനായി എത്തുകയെന്ന കാര്യത്തിൽ സംശയമില്ല.
Laporta Hints About Barcelona Next Coach