കഴിഞ്ഞ സീസണുകൾ ആവർത്തിക്കുമോ, ഇവാനു കീഴിൽ ഐഎസ്എൽ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഫോം ആശങ്കപ്പെടുത്തുന്നത് | Kerala Blasters

ഐഎസ്എൽ രണ്ടാം പകുതി ആരംഭിച്ചതിനു ശേഷമുള്ള ആദ്യത്തെ മത്സരത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങി. ആദ്യപകുതി അവസാനിക്കുമ്പോൾ പ്രതീക്ഷ നൽകുന്ന പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സാണ് ഇന്നലെ നടന്ന മത്സരത്തിൽ ഒഡിഷക്കെതിരെ മുന്നിലെത്തിയതിനു ശേഷം നാല് മിനുട്ടിൽ രണ്ടു ഗോളുകൾ വഴങ്ങി തോൽവിയേറ്റു വാങ്ങിയത്.

മത്സരത്തിന് ശേഷം ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ച് പരിശീലകൻ ഇവാൻ വുകോമനോവിച്ച് സംസാരിച്ചിരുന്നു. ഇതുവരെ ഫുൾ ഫിറ്റ്നസിൽ മുഴുവൻ താരങ്ങളെയും ലഭ്യമായ ഒരു സ്‌ക്വാഡ് തനിക്ക് ലഭിച്ചിട്ടില്ലെന്നത് ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം ഐഎസ്എൽ രണ്ടാം പകുതിയിൽ ഇവാന് കീഴിലുള്ള ടീമിന്റെ പ്രകടനത്തിന്റെ കണക്കുകൾ ആശങ്ക നൽകുന്നതാണ്.

ഇവാൻ വുകോമനോവിച്ച് പരിശീലകനായി എത്തിയ ആദ്യത്തെ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തിയിരുന്നു. ആ സീസണിൽ പോയിന്റ് ടേബിളിൽ നാലാമതായിരുന്നു ബ്ലാസ്റ്റേഴ്‌സ്. 2021-22 സീസണിന്റെ രണ്ടാമത്തെ പകുതിയിൽ ഇവാനു കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ് പത്ത് മത്സരങ്ങൾ കളിച്ചപ്പോൾ അതിൽ അഞ്ചെണ്ണത്തിൽ മാത്രമാണ് വിജയം നേടിയത്. ബാക്കി അഞ്ചു മത്സരങ്ങളിൽ മൂന്നു സമനിലയും രണ്ടു തോൽവിയും ആയിരുന്നു.

കഴിഞ്ഞ സീസണിൽ ഇവാന് കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ് സീസണിന്റെ രണ്ടാം പകുതിയിൽ നടത്തിയ പ്രകടനം കുറച്ചുകൂടി മോശമായിരുന്നു. പത്ത് മത്സരങ്ങൾ കളിച്ചപ്പോൾ അതിൽ നാലെണ്ണത്തിൽ മാത്രമാണ് ടീം വിജയം നേടിയത്. ബാക്കി ആറു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങി. ടീം പ്ലേ ഓഫിൽ എത്തിയെങ്കിലും ബെംഗളൂരുവിനോട് തോൽവി വഴങ്ങി പുറത്തു പോവുകയും ചെയ്‌തു.

ഈ സീസണിന്റെ രണ്ടാം പകുതിയിലെ ആദ്യത്തെ മത്സരത്തിൽ തന്നെ വഴങ്ങിയ തോൽവി ആരാധകർക്ക് ആശങ്ക നൽകുന്നതും ഇക്കാരണം കൊണ്ടു തന്നെയാണ്. പരിക്കിന്റെ തിരിച്ചടികൾ നിരവധി നേരിടേണ്ടി വന്ന ബ്ലാസ്റ്റേഴ്‌സ് യുവതാരങ്ങളെയും പുതിയതായി ടീമിലെത്തിയ താരങ്ങളെയും ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ സീസണിന്റെ ആവർത്തനം ഉണ്ടാവാതിരുന്നാൽ മാത്രമേ അവർക്ക് പ്രതീക്ഷയുള്ളൂ.

Kerala Blasters Stats Under Ivan In 2nd Phase Of ISL