ഡി മരിയക്ക് വായടപ്പിക്കുന്ന മറുപടി നൽകി ഗർനാച്ചോ, വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ സെലിബ്രെഷനുമായി താരം | Garnacho

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സെൻസേഷനായ ഗർനാച്ചോ തന്റെ ദേശീയ ടീമായി അർജന്റീനയെ തിരഞ്ഞെടുത്തെങ്കിലും താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണെന്ന് പല തവണ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. മത്സരങ്ങളിൽ ഗോൾ നേടുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ സെലിബ്രെഷൻ അനുകരിച്ച് ഇത് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കൂടുതൽ തെളിയിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഏതാനും ദിവസങ്ങൾക്ക് മുൻപ് അർജന്റീന താരമായ ഏഞ്ചൽ ഡി മരിയ അലസാന്ദ്രോ ഗർനാച്ചോക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു ഉപദേശം നൽകിയിരുന്നു. താനായിരുന്നെങ്കിൽ ഒരിക്കലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സെലിബ്രെഷൻ അനുകരിക്കില്ലെന്നും അർജന്റീന ടീമിൽ കളിക്കുന്ന താരമെന്ന നിലയിൽ ഗർനാച്ചോ മാതൃകയാക്കേണ്ടത് ലയണൽ മെസിയെയാണെന്നുമാണ് ഡി മരിയ പറഞ്ഞത്.

എന്നാൽ ഡി മരിയയുടെ വാക്കുകൾക്ക് താൻ പുല്ലുവിലയാണ് നൽകുന്നതെന്ന് കഴിഞ്ഞ ദിവസം താരം തെളിയിച്ചു. വെസ്റ്റ് ഹാമിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചപ്പോൾ രണ്ടു ഗോളുകൾ ഗർനാചോയുടെ വകയായിരുന്നു. അതിലൊരു ഗോളിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സെലിബ്രെഷൻ വീണ്ടും അനുകരിച്ചാണ്‌ ഗർനാച്ചോ ഡി മരിയക്ക് മറുപടി നൽകിയത്.

താൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകനാണെന്ന് ഗർനാച്ചോ നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. അതിനൊപ്പം തന്നെ ലയണൽ മെസിയോടും തനിക്ക് ആരാധനയുണ്ടെന്ന് താരം പറഞ്ഞിട്ടുണ്ട്. ഏതു താരത്തെ ആരാധിക്കണമെന്നത് ഒരു വ്യക്തിയുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പ് ആണെന്നിരിക്കെയാണ് ഡി മരിയ ഇത്തരം ഉപദേശം നൽകിയത്. എന്തായാലും ഈ മറുപടി നൽകൽ അർജന്റീന ടീമിലെ താരത്തിന്റെ സ്ഥാനത്തെ ബാധിക്കുമോയെന്ന് ആശങ്കയുണ്ട്.

Garnacho Done Ronaldo Celebration Again