കട്ടൗട്ടിലെ മെസിയുടെ തല അടിച്ചു തെറിപ്പിച്ചു, ടീമിനെ കൂക്കിവിളിച്ചു; ഇന്റർ മിയാമിക്കെതിരെ വലിയ പ്രതിഷേധം | Lionel Messi

പ്രീ സീസൺ സൗഹൃദമത്സരത്തിനായി ഹോങ്കോങ്ങിൽ എത്തിയ ഇന്റർ മിയാമി കഴിഞ്ഞ ദിവസം ഹോങ്‌കോങ് ടീമിനെതിരെ മത്സരം കളിക്കുകയും വിജയം സ്വന്തമാക്കുകയും ചെയ്‌തിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്റർ മിയാമി വിജയം സ്വന്തമാക്കിയത്. ഇതുവരെ ആറു പ്രീ സീസൺ മത്സരങ്ങൾ കളിച്ച ഇന്റർ മിയാമി അതിൽ ആദ്യത്തെ വിജയമാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്.

എന്നാൽ മത്സരത്തിൽ ഇന്റർ മിയാമിക്കെതിരെ കടുത്ത പ്രതിഷേധമാണ് ആരാധകർ ഉയർത്തിയത്. ഏതാണ്ട് നാൽപത്തിനായിരത്തോളം ആരാധകർ മത്സരം കാണാനായി എത്തിയിരുന്നെങ്കിലും ലയണൽ മെസി ഒരു മിനുട്ട് പോലും കളത്തിലിറങ്ങിയില്ല. മെസിക്ക് പുറമെ മറ്റൊരു പ്രധാനപ്പെട്ട താരമായ ലൂയിസ് സുവാരസും മത്സരത്തിൽ ഇന്റർ മിയാമിക്കായി ഇറങ്ങിയില്ല.

ലയണൽ മെസി കളിക്കാതിരുന്നതിനെ തുടർന്നാണ് ആരാധകർ പ്രതിഷേധം ഉയർത്തിയത്. ഇന്റർ മിയാമി ടീമിനെ ആരാധകർ കൂക്കി വിളിക്കുക വരെ ചെയ്‌തു. വലിയ തുക മുടക്കി മത്സരം കാണാൻ വേണ്ടി ടിക്കറ്റ് എടുത്ത ആരാധകർ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയുണ്ടായി. അങ്ങിനെ ആരാധകർക്ക് ഒട്ടും സംതൃപ്‌തിയില്ലാത്ത ഒരു അന്തരീക്ഷത്തിലാണ് മത്സരം അവസാനിച്ചത്.

സൗദി അറേബ്യയിൽ അൽ ഹിലാലിനെതിരായ മത്സരത്തിൽ സമാനമായ സാഹചര്യം ഒഴിവാക്കാൻ മത്സരത്തിന്റെ അവസാനത്തെ ഏതാനും മിനിറ്റുകളിൽ മെസി കളിച്ചിരുന്നു. എന്നാൽ മെസിയുടെ പരിശീലനം കാണാൻ തന്നെ നാൽപത്തിനായിരത്തോളം ആരാധകർ എത്തിയ ഹോങ്‌കോങ്ങിൽ ഒരു മിനുട്ട് പോലും താരം ഇറങ്ങിയില്ല. ഇന്റർ മിയാമിക്കെതിരെ ഹോങ്‌കോങ് ഗവണ്മെന്റ് വിശദീകരണം തേടിയെന്ന് റിപ്പോർട്ടുകളുണ്ട്.

മത്സരത്തിന് ശേഷം ഒരു ആരാധകൻ തന്റെ രോഷം പ്രകടിപ്പിച്ചത് ഇതുമായി ബന്ധപ്പെട്ടു വെച്ച ഒരു കട്ടൗട്ടിലെ മെസിയുടെ തല അടിച്ചു തെറിപ്പിച്ചാണ്. താരം കളിക്കാത്തതിൽ ആരാധകർക്ക് എത്രത്തോളം രോഷമുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഇന്റർ മിയാമിയുടെ അടുത്ത മത്സരം ജാപ്പനീസ് ക്ലബായ വീസൽ കൊബെയുമായാണ്.

Lionel Messi Inter Miami Booed In Hong Kong