മത്സരത്തിൽ തോറ്റെങ്കിലും ഇക്കാര്യങ്ങൾ കാണാതെ പോകരുത്, ടീമിന്റെ പോസിറ്റിവ് വശങ്ങളെക്കുറിച്ച് ഇവാൻ വുകോമനോവിച്ച് | Kerala Blasters

ഒഡിഷ എഫ്‌സിക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയെങ്കിലും ടീമിനു പോസിറ്റിവായി കരുതാവുന്ന പല കാര്യങ്ങളുമുണ്ടെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ നാല് മിനുട്ടിൽ രണ്ടു ഗോളുകൾ വഴങ്ങിയാണ് മത്സരത്തിൽ തോൽവി വഴങ്ങിയത്.

“മത്‌സരം തോറ്റതിൽ വളരെയധികം സങ്കടമുണ്ട്. ചെറിയ കാര്യങ്ങൾ, ചെറിയ പിഴവുകളെല്ലാം ഒഡിഷ എഫ്‌സിയെ പോലെയൊരു ടീമിനെതിരെയുള്ള മത്സരങ്ങളിൽ വലിയ വ്യത്യാസം സൃഷ്‌ടിക്കും. ഒഡിഷ എഫ്‌സിയുടെ നിലവാരമില്ലാത്ത ചില ടീമുകൾക്കെതിരെ കളിക്കുന്ന സമയത്ത് ഗോളുകൾ വഴങ്ങാതെ, പോയിന്റ് സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷ പുലർത്താൻ കഴിയും.”

“പക്ഷെ ഒഡിഷ എഫ്‌സിയെപ്പോലെയുള്ള ടീമുകളെ നേരിടുന്ന സമയത്ത്, ഞാൻ ബഹുമാനത്തോടു കൂടിത്തന്നെ പറയട്ടെ; നമ്മൾ പിഴവുകൾ വരുത്തിയാൽ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. രണ്ടാം പകുതിയിൽ മത്സരത്തിന്റെ ആദ്യ ഇലവനിൽ ഇറക്കാൻ തയ്യാറെടുത്തിട്ടില്ലാത്ത ചില പുതിയ താരങ്ങളുമായി തിരിച്ചു വരാനുള്ള സജീവമായ ശ്രമങ്ങൾ ടീം നടത്തി.”

“അതുപോലെ ചില കാര്യങ്ങൾ ബഹുമാനം അർഹിക്കുന്നുണ്ട്. ആദ്യപകുതിയിൽ തന്നെ അവരെ തകർത്തു കളയാൻ കഴിയുമായിരുന്നു. അതുപോലെ മത്സരത്തിന്റെ തുടക്കത്തിൽ ചെയ്‌ത കാര്യങ്ങൾ, യുവതാരങ്ങളും മറ്റുള്ള കളിക്കാരും തമ്മിലുള്ള ഒത്തിണക്കം എന്നിവയെല്ലാം അതിലുൾപ്പെടും. അതുകൊണ്ടു തന്നെ ഞങ്ങൾക്ക് മുന്നോട്ടു പോകാൻ കഴിയും.” വുകോമനോവിച്ച് വ്യക്തമാക്കി.

മത്സരത്തിൽ ലോബറോയുടെ തന്ത്രങ്ങളെ രണ്ടാം പകുതിയിൽ മറികടക്കാൻ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞില്ല. സ്‌ക്വാഡിൽ വലിയ അഴിച്ചുപണികൾ നടന്നത് ടീമിനെ ബാധിച്ചുവെന്നതിൽ സംശയമില്ല. ഇതുവരെ മുഴുവൻ സ്‌ക്വാഡിനെ ഒരു മത്സരത്തിൽ പോലും ഇറക്കാൻ കഴിഞ്ഞിട്ടില്ലെന്നത് ആശാൻ മത്സരത്തിന് ശേഷം ചൂണ്ടിക്കാട്ടിയിരുന്നു.

Kerala Blasters Positives Pointed Out By Vukomanovic