ഇപ്പോഴും മെസിയുടെ ഹൃദയത്തിലാണ് ബാഴ്സലോണ, തന്റെ എട്ടാമത്തെ ബാലൺ ഡി ഓർ പുരസ്കാരവും ക്ലബിനു നൽകി അർജന്റീന താരം | Lionel Messi
ലയണൽ മെസിയും ബാഴ്സലോണയും തമ്മിലുള്ള ബന്ധം വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയാത്തതാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ സ്പാനിഷ് ക്ലബിലെത്തിയ താരത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചത് ബാഴ്സലോണയാണ്. ബാഴ്സലോണക്കൊപ്പം ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന നിലയിലേക്ക് ഉയർന്ന ലയണൽ മെസി ഒരുപാട് നേട്ടങ്ങൾ ക്ലബിന് സ്വന്തമാക്കി നൽകുകയും ചെയ്തു.
ലയണൽ മെസി ബാഴ്സലോണ വിട്ടത് തീർത്തും അപ്രതീക്ഷിതമായിരുന്നു. 2021ലെ കോപ്പ അമേരിക്കക്ക് ശേഷം കരാർ പുതുക്കാൻ ബാഴ്സലോണയിലേക്ക് തിരിച്ചെത്തിയ മെസിക്ക് പക്ഷെ അതിനു കഴിഞ്ഞില്ല. സാമ്പത്തിക പ്രതിസന്ധികൾ കാരണം മെസിയുടെ കരാർ പുതുക്കാൻ കഴിയില്ലെന്ന് ക്ലബ് നേതൃത്വം അറിയിച്ചത് താരത്തെ സംബന്ധിച്ച് വളരെയധികം നിരാശയുണ്ടാക്കിയ ഒന്നായിരുന്നു.
Lionel Messi has donated his EIGHTH Ballon D’Or to the Barça Museum despite having won it while playing for the Argentina National Team and PSG.
He loves Barcelona with all his heart!
🔵🔴🐐
— 𝐂𝐇𝐀𝐑𝐋𝐄𝐒 (@ChaaliiyKay) February 20, 2024
ബാഴ്സലോണയിൽ നിന്നും ഇതുപോലൊരു സാഹചര്യത്തിൽ വിടപറയേണ്ടി വന്നിട്ടും ലയണൽ മെസിക്ക് ക്ലബിനോടുള്ള സ്നേഹം അതുപോലെ തന്നെ തുടരുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസി സ്വന്തമാക്കിയ എട്ടാമത്തെ ബാലൺ ഡി ഓർ തന്റെ സ്വന്തം ക്ലബായ ബാഴ്സലോണയുടെ മ്യൂസിയത്തിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.
ബാഴ്സലോണയിൽ കളിക്കുന്ന സമയത്ത് ലയണൽ മെസി സ്വന്തമാക്കിയ ഏഴു ബാലൺ ഡി ഓർ പുരസ്കാരങ്ങളും ക്ലബിന്റെ മ്യൂസിയത്തിൽ തന്നെയാണുള്ളത്. അതിനു പുറമെയാണ് ബാഴ്സലോണ വിട്ടതിനു ശേഷം സ്വന്തമാക്കിയ എട്ടാമത്തെ ബാലൺ ഡി ഓർ പുരസ്കാരവും താരം ക്ലബിനു തന്നെ നൽകിയിരിക്കുന്നത്. താരത്തിന്റെ പ്രവൃത്തിയെ നിരവധിയാളുകൾ അഭിനന്ദിക്കുന്നുണ്ട്.
ഇതിനു മുൻപൊരിക്കൽ ബാലൺ ഡി ഓർ, ഗോൾഡൻ ബൂട്ട് തുടങ്ങി താൻ സ്വന്തമാക്കിയ നേട്ടങ്ങളെല്ലാം ബാഴ്സലോണ മ്യൂസിയത്തിലുണ്ടെന്ന് ലയണൽ മെസി പറഞ്ഞിരുന്നു. ഇപ്പോൾ അതിന്റെ കൂട്ടത്തിലേക്ക് മറ്റൊന്നു കൂടിയാവുകയാണ് താരം ചരിത്രം കുറിച്ച് സ്വന്തമാക്കിയ എട്ടാമത്തെ ബാലൺ ഡി ഓർ. അത് താരവും ക്ലബും തമ്മിലുള്ള സ്നേഹബന്ധത്തെക്കൂടി കാണിച്ചു തരുന്നു.
Lionel Messi Donates Eighth Ballon Dor To Barcelona Museum