ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ മാൻ ഓഫ് ദി മാച്ച് പ്രകടനം, ബാഴ്സലോണയിൽ മറ്റൊരു പതിനേഴുകാരൻ കൂടി താരമാകുന്നു | Pau Cubarsi
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ മികച്ച പ്രകടനം നടത്തി ബാഴ്സലോണ വിജയം നേടിയപ്പോൾ താരമായത് പ്രതിരോധനിരയിലെ പതിനേഴുകാരൻ. ഈ സീസണിൽ ബാഴ്സലോണ ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായി മാറിയ പൗ കുബാർസിയാണ് ഇന്നലെ നാപ്പോളിക്കെതിരെ മിന്നുന്ന പ്രകടനം നടത്തിയത്.
ഈ സീസണിൽ സമ്മിശ്രമായ പ്രകടനം നടത്തുന്ന ബാഴ്സലോണയും നാപ്പോളിയും ആദ്യപാദത്തിൽ ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ വിജയം നേടുന്ന ടീം അടുത്ത ഘട്ടത്തിലേക്ക് മുന്നേറുമെന്ന സാഹചര്യത്തിൽ സ്വന്തം മൈതാനത്ത് ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ബാഴ്സലോണ സ്വന്തമാക്കിയത്.
Pau Cubarsi vs Napoli. pic.twitter.com/Y7zqszf2hW
— Barca Stuff Indonesia (@barcastuff_idn) March 12, 2024
മത്സരത്തിൽ ബാഴ്സലോണ പ്രതിരോധത്തെ നയിച്ച കുബാർസി മിന്നുന്ന പ്രകടനമാണ് നടത്തിയത്. യൂറോപ്പിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ ഒസിംഹൻ അടക്കമുള്ള മുന്നേറ്റനിരയെ പിടിച്ചു കെട്ടിയ താരം എല്ലാ ഏരിയൽ ഡുവൽസിലും ഗ്രൗണ്ട് ഡുവൽസിലും വിജയം കണ്ടുവെന്നത് എടുത്തു പറയേണ്ടതാണ്. ഫെർമിൻ ലോപ്പസ് ഒരവസരം തുലച്ചില്ലായിരുന്നെങ്കിൽ താരത്തിന്റെ പേരിൽ ഒരു അസിസ്റ്റ് ഉണ്ടായേനെ.
മത്സരത്തിൽ മൂന്നു ടാക്കിളുകളും അഞ്ചു ക്ലിയറൻസുമാണ് താരം നടത്തിയത്. വെറും പതിനേഴു വയസ് മാത്രം പ്രായമുള്ള താരം ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ വളരെ കൃത്യതയോടെ പിഴവുകളൊന്നും കൂടാതെ കളിച്ചുവെന്നത് അഭിനന്ദനാർഹം തന്നെയാണ്. തന്റെ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റ മത്സരത്തിൽ തന്നെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കാനും കുബാർസിക്ക് കഴിഞ്ഞു.
ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയുടെ പ്രതാപം അവസാനിച്ചിട്ടില്ലെന്ന് പൗ കുബാർസി, ലാമിൻ യമാൽ, ഫെർമിൻ ലോപസ് എന്നിവരുടെ ഇന്നലത്തെ പ്രകടനം തെളിയിക്കുന്നു. പതിനാറ്, പതിനേഴ്, ഇരുപത് എന്നിങ്ങനെയാണ് ഈ താരങ്ങളുടെ പ്രായം. ഇത്രയും ചെറിയ പ്രായത്തിൽ തന്നെ തങ്ങളുടെ ടീമിന്റെ പ്രധാനികളായി മാറാൻ ഇവർക്ക് കഴിയുന്നുവെന്നത് നിസാര കാര്യമല്ല.
Pau Cubarsi Man Of The Match Against Napoli