സൗദി ക്ലബിലേക്കുള്ള ട്രാൻസ്ഫറിലൂടെ റൊണാൾഡോ മെസിയെക്കാൾ മുന്നിലെത്തിയെന്ന് പിയേഴ്സ് മോർഗൻ
സൗദി അറേബ്യയിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫർ ലയണൽ മെസിയെക്കാൾ താരത്തിന് മുൻതൂക്കം നൽകുന്നുണ്ടെന്ന് ടെലിവിഷൻ ബ്രോഡ്കാസ്റ്റർ പിയേഴ്സ് മോർഗൻ. സൗദി അറേബ്യയിലേക്ക് ചേക്കേറിയതോടെ റൊണാൾഡോയുടെ കരിയർ അവസാനിച്ചുവെന്ന ധാരണ തെറ്റാണെന്നും മിഡിൽ ഈസ്റ്റിലെ ഫുട്ബോൾ വളരെയധികം മെച്ചപ്പെട്ടുവെന്നു ലോകകപ്പിൽ തെളിഞ്ഞുവെന്നും മോർഗൻ പറഞ്ഞു. വിവിധ ലീഗുകളിൽ കളിക്കുകയെന്ന വെല്ലുവിളി റൊണാൾഡോ ഇപ്പോഴും ഏറ്റെടുക്കുന്നുണ്ടെന്നും മോർഗൻ വെളിപ്പെടുത്തി.
ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി അഭിമുഖം നടത്തി കൂടുതൽ പ്രശസ്തി നേടിയ വ്യക്തിയാണ് പിയേഴ്സ് മോർഗൻ. മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായുള്ള കരാർ റദ്ദാക്കാൻ തന്നെ കാരണം ആ അഭിമുഖമായിരുന്നു. ക്ലബിനും പരിശീലകനുമെതിരെ രൂക്ഷമായ വിമർശനമാണ് ആ അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയത്. അതിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ചും മെസിയെ ഇകഴ്ത്തിയുമാണ് പിയേഴ്സ് മോർഗൻ എല്ലാ സമയത്തും സംസാരിക്കാറുള്ളത്.
“ഞങ്ങളുടെ അഭിമുഖം കാരണമുണ്ടായ വീഴ്ചക്ക് നന്ദി, റൊണാൾഡോ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറൊപ്പിട്ടു. ഇപ്പോൾ, മുപ്പത്തിയേഴാം വയസിൽ ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന അത്ലറ്റാണ്. തന്റെ കരിയറിലുടനീളം ചെയ്തത് തന്നെയാണ് റൊണാൾഡോ തുടരുന്നത്, അത് മെസിക്ക് മേൽ താരത്തിന് മുൻതൂക്കം നൽകുന്നു. മൊറോക്കോ ലോകകപ്പിൽ സെമി കളിച്ചതും സൗദി അർജന്റീനയെ തോൽപിച്ചതും മിഡിൽ ഈസ്റ്റിൽ ഫുട്ബോൾ വളരുന്നുവെന്ന് കാണിക്കുന്നു. പുതിയൊരു രാജ്യത്തും ലീഗിലുമുള്ള വെല്ലുവിളി താരം ഏറ്റെടുക്കുന്നു.”
FULL STORY: https://t.co/c3ODxXrfv0
— SPORTbible (@sportbible) January 28, 2023
“മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും റൊണാൾഡോക്ക് സ്വാതന്ത്ര്യം വേണമായിരുന്നു. അവിടെ പരിശീലകനും ക്ലബ് ഒഫിഷ്യൽസും താരത്തോട് അപമര്യാദ കാണിച്ചു. റൊണാൾഡോ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ഏതെങ്കിലും ക്ലബിൽ ഒന്നോ രണ്ടോ വർഷം തുടരുക തന്നെയായിരുന്നു വേണ്ടത്. എന്നാൽ സൗദി വമ്പൻ ഓഫറാണ് നൽകിയത്. ലോകത്തിന്റെ മറ്റൊരു ഭാഗത്ത് പുതിയൊരു സ്ഥലത്ത് വെല്ലുവിളി ഏറ്റെടുക്കുകയെന്നതും താരത്തെ സ്വാധീനിച്ചിരിക്കും. റൊണാൾഡോ ഹാപ്പിയാണ്, ഞങ്ങൾ സന്ദേശങ്ങൾ അയക്കാറുണ്ട്, താരം അവിടെ ആസ്വദിക്കുന്നു.” പിയേഴ്സ് മോർഗൻ പറഞ്ഞു.