മെസിയുടെ അടുത്ത ക്ലബ് അബദ്ധത്തിൽ വെളിപ്പെടുത്തി അഗ്യൂറോ, തിരുത്തിപ്പറഞ്ഞ് മാക്‌സി റോഡ്രിഗസ്

ലയണൽ മെസിയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ഫുട്ബോൾ ലോകത്ത് വളരെയധികം ഉയർന്നു കേൾക്കുന്നുണ്ട്. പിഎസ്‌ജി കരാർ പുതുക്കുന്നതിൽ താരം വൈകുന്നതാണ് അഭ്യൂഹങ്ങൾ ഉയരാൻ കാരണമായത്. താരം പിഎസ്‌ജിക്കൊപ്പം തുടരുമെന്നും അതല്ല, അടുത്ത സമ്മറിൽ ക്ലബ് വിടുമെന്നുമുള്ള അഭ്യൂഹങ്ങൾ ഉയർന്നു കേൾക്കുന്നുണ്ട്. അതിനിടയിൽ മെസിയും മെസിയുടെ പിതാവും ബാഴ്‌സലോണയിൽ എത്തിയത് അഭ്യൂഹങ്ങൾ കൂടുതലാകാൻ കാരണമായി.

അതിനിടയിൽ ലയണൽ മെസിക്ക് ഇനി ചേക്കേറാൻ താൽപര്യമുള്ള ക്ലബ്ബിനെ അർജന്റീന സഹതാരമായിരുന്ന സെർജിയോ അഗ്യൂറോ അബദ്ധത്തിൽ വെളിപ്പെടുത്തി. യുഓഎൽ സ്പോർട്ടിനോട് സംസാരിക്കുമ്പോൾ മെസി തന്റെ ബാല്യകാല ക്ലബായ നെവെൽസ് ഓൾഡ് ബോയ്‌സിനു വേണ്ടി കളിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നാണ് അഗ്യൂറോ പറഞ്ഞത്. എന്നാൽ ആ പറഞ്ഞതിലെ അബദ്ധം മനസിലാക്കിയ മറ്റൊരു മുൻ അർജന്റീന താരം മാക്‌സി റോഡ്രിഗസ് അതിൽ ഇടപെട്ടു.

“അഗ്യൂറോ എല്ലായിപ്പോഴും അഗ്യൂറോയാണ്, മിണ്ടാതിരിക്കാൻ കഴിയില്ല. എന്താണ് സംഭവിക്കുകയെന്നു നമുക്ക് നോക്കാം. ഒരുപാട് അഭ്യൂഹങ്ങൾ ഉണ്ടാവുന്നുണ്ട് എന്നതിനാൽ തന്നെ ഇപ്പോൾ അതേക്കുറിച്ച് സംസാരിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്താണ് സംഭവിക്കുകയെന്നു നമുക്ക് കാത്തിരുന്നു കാണാം. അതിനു മുന്നേ കടന്നു ചിന്തിക്കുന്നതിൽ കാര്യമില്ല.” മാക്‌സി റോഡ്രിഗസ് സെർജിയോ അഗ്യൂറോ നടത്തിയ വെളിപ്പെടുത്തലിനു മറുപടിയായി പറഞ്ഞു.

മെസിയുടെ അടുത്ത സുഹൃത്താണ് അഗ്യൂറോ എങ്കിലും അർജന്റീന നായകൻ നെവെൽസ് ഓൾഡ് ബോയ്‌സിലേക്ക് ചേക്കേറുമെന്ന കാര്യം ഉറപ്പിക്കാൻ കഴിയില്ല. യൂറോപ്യൻ ഫുട്ബോളിൽ ഇനിയും ഏതാനും വർഷങ്ങൾ കൂടി കളിക്കാൻ കഴിയുന്ന മെസി ഇപ്പോൾ തന്നെ അർജന്റീന ലീഗിലേക്ക് ചേക്കേറാനിടയില്ല. ഏറ്റവും ചുരുങ്ങിയത് അടുത്ത കോപ്പ അമേരിക്ക വരെയെങ്കിലും മെസി യൂറോപ്പിൽ തന്നെ തുടരാനാണ് സാധ്യത.