ഇന്റർ മിയാമിയെ ഉയർത്തെഴുന്നേൽപ്പിക്കുന്ന മിശിഹാ, അമേരിക്കൻ ലീഗിലെ മെസിയുടെ പ്രകടനം അവിശ്വസനീയം | Messi

ഇന്റർ മിയാമിയിക്കായി കളിച്ച രണ്ടു മത്സരങ്ങളിലും ഗംഭീര പ്രകടനമാണ് ലയണൽ മെസിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ഒരു ഫ്രീകിക്ക് ഗോളിലൂടെ ടീമിനെ വിജയിപ്പിച്ച ലയണൽ മെസി ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. ലീഗ് കപ്പിൽ അറ്റ്‌ലാന്റ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് ഇന്റർ മിയാമി വിജയം നേടുകയും ചെയ്‌തു.

ലയണൽ മെസി വന്നതിനു ശേഷമുള്ള രണ്ടു മത്സരങ്ങളിലും ഇന്റർ മിയാമിക്ക് വിജയിക്കാൻ കഴിഞ്ഞുവെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ സീസണിൽ മോശം ഫോമിലുള്ള ഇന്റർ മിയാമി അതിനു മുൻപത്തെ ആറു മത്സരങ്ങളിലും വിജയിച്ചിരുന്നില്ല. അമേരിക്കൻ ലീഗ് മത്സരങ്ങളിൽ കഴിഞ്ഞ പതിനൊന്നെണ്ണത്തിലും വിജയിക്കാനും അവർക്ക് കഴിഞ്ഞിട്ടില്ല. ഇത്രയും മോശം ഫോമിൽ കളിച്ചു കൊണ്ടിരുന്ന ടീമാണ് മെസിയുടെ വരവോടെ ഗംഭീരം ഫോമിലേക്ക് കുതിക്കുന്നത്.

ഇന്നലെ നടന്ന മത്സരത്തിൽ എഴുപത്തിയെട്ടു മിനുട്ടാണ് മെസി കളത്തിലുണ്ടായിരുന്നത്. ഇതിനു മുൻപത്തെ മത്സരത്തിൽ മുപ്പത്തിയഞ്ചു മിനുട്ടും മെസി കളിക്കുകയുണ്ടായി. ഇത്രയും സമയം കളിച്ചപ്പോൾ തന്നെ നാല് ഗോളുകളിലാണ് താരം പങ്കാളിയായത്. അമേരിക്കയിൽ എത്തിയതിനു ശേഷം വളരെ സന്തോഷവാനായാണ് മെസിയെ കാണുന്നത്. പിഎസ്‌ജിക്കൊപ്പം രണ്ടു വർഷം അനുഭവിക്കാൻ കഴിയാതിരുന്ന ആ സന്തോഷത്തിന്റെ പ്രതിഫലനം കളിക്കളത്തിൽ കാണാൻ കഴിയുന്നുണ്ട്.

നിലവിലെ പ്രകടനം കണക്കാക്കുമ്പോൾ ഇന്റർ മിയാമിയെ ഉയർത്തെഴുന്നേൽപ്പിക്കുന്ന മിശിഹായായി മെസി മാറാനാണ് സാധ്യത. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നേടിയ ഗോളിനും അസിസ്റ്റിനും പുറമെ നിർണായകമായ കീ പാസുകളും മറ്റും താരം നൽകുകയുണ്ടായി. ടീമിന്റെ എല്ലാമെല്ലാമായി നിൽക്കുന്നതിനാൽ തന്നെ കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാനും താരത്തിന് കഴിയുന്നുണ്ട്. അതുകൊണ്ടു തന്നെ മെസിയുടെ മികച്ച പ്രകടനം ഇനിയും തുടരുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Lionel Messi Leads Inter Miami To A Winning Team