ബാഴ്‌സലോണക്കൊപ്പം മെസി വീണ്ടും കളിക്കും, താരം ലോണിൽ ക്ലബ് വിടുന്നതിനെക്കുറിച്ചും ഇന്റർ മിയാമി ഉടമ | Messi

പിഎസ്‌ജി വിട്ട ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താനാണ് ആഗ്രഹിച്ചതെങ്കിലും സാമ്പത്തിക പ്രതിസന്ധികൾ പിടിമുറുക്കിയ ക്ലബിന് ചില താരങ്ങളെ വിൽക്കാതെ മെസിയെ തിരിച്ചു കൊണ്ടുവരാൻ കഴിയില്ലായിരുന്നു. അതുകൊണ്ടു ക്ലബിന്റെ തീരുമാനം വൈകുമെന്നതിനാലാണ് ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള തീരുമാനമെടുത്തത്. ഇന്റർ മിയാമിക്കായി ലയണൽ മെസി രണ്ടു മത്സരങ്ങൾ കളിക്കുകയും ചെയ്‌തു.

തന്റെ പതിനാലാം വയസിൽ ബാഴ്‌സലോണയിലേക്ക് ചേക്കേറിയ ലയണൽ മെസി ഇരുപതോളം വർഷങ്ങൾ അവിടെ കളിക്കുകയും സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കുകയും ചെയ്‌തിരുന്നു. എന്നാൽ ലയണൽ മെസി ക്ലബ് വിട്ടത് തീർത്തും അപ്രതീക്ഷിതമായൊരു സാഹചര്യത്തിലാണ്. അതുകൊണ്ടു തന്നെ താരം അർഹിക്കുന്നത് പോലെയൊരു വിടവാങ്ങൽ നൽകാൻ ക്ലബിന് കഴിഞ്ഞില്ല. എന്നാൽ ബാഴ്‌സലോണയ്ക്ക് മെസിക്ക് അർഹിച്ച വിടവാങ്ങൽ നൽകാനുള്ള അവസരം ഉണ്ടാക്കുമെന്നാണ് ഇന്റർ മിയാമി ഉടമ പറയുന്നത്.

ബാഴ്‌സലോണയും ഇന്റർ മിയാമിയും തമ്മിൽ ഒരു ഫ്രണ്ട്ലിയായോ അല്ലെങ്കിൽ വിടവാങ്ങൽ മത്സരമെന്ന നിലയിലോ നടത്തി മെസിക്ക് യാത്രയയപ്പ് നൽകാമെന്നാണ് ഇന്റർ മിയാമി ഉടമ ജോർജ് മാസ് പറയുന്നത്.ഗാമ്പർ ട്രോഫി മുതലായ മത്സരങ്ങൾ അതിനായി പരിഗണിക്കാമെന്നും മാസ പറഞ്ഞു. എന്നാൽ ക്യാമ്പ് ന്യൂവിൽ വെച്ച് തന്നെ മത്സരം നടത്തുകയാണ് ഉചിതമെന്നും അതുകൊണ്ടു തന്നെ സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാൻ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആ മത്സരത്തിൽ മെസിക്ക് ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കാമെങ്കിലും മെസി ലോണിൽ കാറ്റലൻ ക്ലബ്ബിലേക്ക് ചേക്കേറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതൊരിക്കലും സംഭവിക്കില്ലെന്നും താരം ഒരു ശരിയായ വിടവാങ്ങൽ അർഹിക്കുന്നത് കൊണ്ടാണ് ഇതെല്ലാം ചെയ്യാൻ ശ്രമിക്കുന്നതെന്നും അതിനായി തന്റെ അധികാരം മുഴുവൻ ഉപയോഗിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എംഎൽഎസ് സീസൺ ഡിസംബറിൽ അവസാനിക്കുമെന്നതിനാൽ മെസി ലോണിൽ ബാഴ്‌സലോണയിൽ എത്തുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.

Jorge Mas Hopeful Of Messi Barcelona Farewell