മാഞ്ചസ്റ്റർ സിറ്റിക്കു വിജയം നൽകിയ അവിശ്വസനീയ ഫ്രീകിക്ക് ഗോൾ, വീണ്ടും ഞെട്ടിച്ച് അർജന്റീന താരം അൽവാരസ് | Julian Alvarez
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി താരമായി അർജന്റീന താരം ജൂലിയൻ അൽവാരസ്. കഴിഞ്ഞ സീസണിൽ എർലിങ് ഹാലാൻഡിനു പകരക്കാരനായി ഒതുങ്ങിയ താരം പക്ഷെ ഈ സീസണിൽ ക്ലബിന്റെ പ്രധാന കളിക്കാരനായി മാറുന്നത് കഴിഞ്ഞ മത്സരങ്ങളിൽ കണ്ടതാണ്. ഇന്നലെ നടന്ന മത്സരത്തിലും അൽവാരസ് അതാവർത്തിക്കുകയായിരുന്നു. ഒരു ഗോളിന് പിന്നിൽ നിന്ന മാഞ്ചസ്റ്റർ സിറ്റിയെ തിരികെ കൊണ്ടുവന്നത് അൽവാരസിന്റെ ഗോളുകളായിരുന്നു.
മാഞ്ചസ്റ്റർ സിറ്റിക്കായിരുന്നു മത്സരത്തിൽ ആധിപത്യമെങ്കിലും ആദ്യപകുതിയിൽ അവരെ പിടിച്ചു കെട്ടാൻ റെഡ് സ്റ്റാർ ബെൽഗ്രെഡിനു കഴിഞ്ഞിരുന്നു. സെർബിയൻ ക്ലബിന്റെ കടുത്ത പ്രതിരോധവും മാഞ്ചസ്റ്റർ സിറ്റിയുടെ ദൗർഭാഗ്യവും ആദ്യപകുതിയിൽ ഗോൾ നേടുന്നതിൽ നിന്നും അവരെ തടഞ്ഞു. ആദ്യപകുതിയുടെ അവസാന മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ച് സെർബിയൻ ക്ലബ് ഫോൾ നേടുകയും ചെയ്തു. ഒരു പ്രത്യാക്രമണത്തിലൂടെയാണ് അവർ ഗോൾ കണ്ടെത്തിയത്.
Julian Alvarez vs Red Star Belgrade
MOTM 💎pic.twitter.com/p7fSp16Sr8
— Matolisso (@Matolisso) September 19, 2023
രണ്ടാം പകുതിയുടെ ആദ്യത്തെ മിനുറ്റിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി ഒപ്പമെത്തി. ഹാലാൻഡ് ബോക്സിലേക്ക് നൽകിയ പന്തെടുത്ത് ഗോൾകീപ്പറെയും മറികടന്നുള്ള റണ്ണിങ്ങിനിടെ അസാധ്യമായ രീതിയിൽ അൽവാരസ് പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു. ഒരു ക്ലിനിക്കൽ ഫിനിഷറാണ് താനെന്ന് അൽവാരസ് തെളിയിച്ച ഗോൾ കൂടിയായിരുന്നു. അതോടെ മത്സരത്തിലേക്ക് തിരിച്ചെത്തിയ മാഞ്ചസ്റ്റർ സിറ്റി പിന്നീട് ആക്രമണങ്ങൾ ഒന്ന് കൂടി കൊഴുപ്പിക്കാനാരംഭിച്ചു.
Julian Alvarez has been Man City's main man this season 🔥 pic.twitter.com/vWo0XXSy14
— ESPN UK (@ESPNUK) September 19, 2023
അറുപതാം മിനുട്ടിലാണ് സിറ്റിയെ മുന്നിലെത്തിയ അൽവാരസിന്റെ രണ്ടാമത്തെ ഗോൾ വരുന്നത്. അസാധ്യമായ ഒരു പൊസിഷനിൽ നിന്നും താരം എടുത്ത ഫ്രീകിക്ക് പോസ്റ്റിലേക്ക് വളഞ്ഞിറങ്ങുകയായിരുന്നു. അത് തട്ടിക്കളയാൻ ഗോൾകീപ്പർ പരമാവധി ശ്രമിച്ചെങ്കിലും കയ്യിൽ തട്ടി പന്ത് ഉള്ളിൽ കയറുകയാണുണ്ടായത്. കഴിഞ്ഞ മത്സരത്തിൽ എടുത്ത മനോഹരമായ ഫ്രീകിക്ക് പോസ്റ്റിൽ തട്ടി തെറിച്ചു പോയതിന്റെ നിരാശ മാറ്റാൻ ഇന്നലത്തെ ഗോൾ കൊണ്ട് അൽവാരസിനു കഴിഞ്ഞു.
മാഞ്ചസ്റ്റർ സിറ്റിയുടെ വിജയമുറപ്പിച്ച മൂന്നാമത്തെ ഗോൾ നേടുന്നത് റോഡ്രിയാണ്. ഫിൽ ഫോഡൻ നൽകിയ പന്തുമായി ബോക്സിലേക്ക് മുന്നേറിയ താരം ഗോൾകീപ്പറെ അനായാസം കീഴടക്കി. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്ന റോഡ്രി ഈ സീസണിലും അതാവർത്തിക്കുകയാണ്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ടീം ഇത്തവണ വിജയത്തോടെ തന്നെ സീസണിന് ആരംഭം കുറിച്ചിരിക്കുകയാണ്.
Julian Alvarez Performance Vs Redstar Belgrade