ഇത് താൻ റൊണാൾഡോ എഫക്റ്റ്, ഇറാനിലെത്തിയ താരത്തെ കാണാൻ തടിച്ചു കൂടിയത് പതിനായിരങ്ങൾ | Ronaldo

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒന്നര പതിറ്റാണ്ടോളം ഫുട്ബോൾ ലോകം ഭരിച്ച താരത്തിന് അതുകൊണ്ടു തന്നെ നിരവധി ആരാധകരുമുണ്ട്. ഏതു രാജ്യത്തേക്ക് പോയാലും അവിടെ ആയിരങ്ങളാണ് റൊണാൾഡോയെ കാണാനെത്തുക. കഴിഞ്ഞ ദിവസം ഏഷ്യൻ ചാമ്പ്യൻസ് ലീഗിലെ മത്സരത്തിനായി ഇറാനിലെത്തിയ റൊണാൾഡോയെ കാണാനെത്തിയ ആരാധകരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

ഇറാനിലേക്ക് ആദ്യമായാണ് ഒരു മത്സരത്തിനോ മറ്റെന്തിനെങ്കിലുമോ ആയി റൊണാൾഡോ എത്തുന്നത് എന്നതിനാൽ തന്നെ വലിയൊരു ജനക്കൂട്ടത്തെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആ പ്രതീക്ഷകളെ കവച്ചു വെക്കുന്ന രീതിയിലാണ് താരത്തെ കാണാൻ ആരാധകർ തടിച്ചു കൂടിയത്. നൂറും ആയിരവുമല്ല, പതിനായിരക്കണക്കിന് ആരാധകരാണ് അൽ നസ്ർ ടീം വിമാനമിറങ്ങി ഹോട്ടലിലേക്ക് ബസിൽ പോകുന്ന സമയത്ത് റൊണാൾഡോയെ കാണാനായി റോഡിന്റെ ഇരുവശവും തടിച്ചു കൂടിയത്.

ആരാധകർ റോഡിന്റെ ഇരുവശത്തും നിന്ന് അഭിവാദ്യം ചെയ്യുക മാത്രമല്ല, മറിച്ച് മെല്ലെ പോകുന്ന ബസിനു പിന്നാലെ എല്ലായിപ്പോഴും നൂറു കണക്കിന് പേരുണ്ടാകും. എയർപോർട്ട് മുതൽ അൽ നസ്ർ ടീം താമസിക്കുന്ന ഹോട്ടൽ വരെ ചിലപ്പോൾ ഒരേ ആരാധകർ ബസിനെ അനുഗമിച്ചിട്ടുണ്ടാകുമെന്ന് പറഞ്ഞാലും അതിൽ യാതൊരു വിധത്തിലും അതിശയോക്തിയില്ല. കാരണം അതുപോലെയാണ് ഇറാനിൽ റൊണാൾഡോയെ കാണാൻ ആരാധകർ തടിച്ചു കൂടിയിരിക്കുന്നത്.

അതിനു പുറമെ റൊണാൾഡോയും അൽ നസ്ർ ടീമും ഹോട്ടലിൽ എത്തിയ സമയത്തും ആരാധകരുടെ ബാഹുല്യം അവിടെ അനുഭവപ്പെട്ടു. നൂറു കണക്കിന് ആളുകളാണ് ഹോട്ടലിനുള്ളിൽ റൊണാൾഡോയെയും ടീമിനെയും സ്വീകരിക്കാൻ തടിച്ചു കൂടിയിരുന്നത്. ആരാധകരുടെ ഇത്രയും വലിയ തള്ളിക്കയറ്റം കാരണം മത്സരത്തിന് മുൻപുള്ള ട്രെയിനിങ് സെഷൻ അൽ നസ്ർ വേണ്ടെന്നു വെച്ചുവന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

ആരാധകരുടെ ആവേശം പല രീതിയിലുള്ളത് കാണാറുണ്ടെങ്കിലും ഇതുപോലെ കാണുന്നത് അപൂർവമാണ്. തങ്ങളുടെ ടീമിനെതിരെ കളിക്കാനായി എത്തിയ അൽ നസ്‌റിനോട് യാതൊരു തരത്തിലുള്ള ദേഷ്യവും ഇവർ പ്രകടിപ്പിക്കുന്നില്ല. മറിച്ച് തങ്ങൾ ആരാധിക്കുന്ന പ്രിയ താരത്തിന്റെ ക്ലബിന് പരിപൂർണ പിന്തുണയാണ് അൽ നസ്ർ ആരാധകർ നൽകുന്നത്. അതേസമയം ഇത്തരത്തിലുള്ള ആരാധകബാഹുല്യം സുരക്ഷാപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

Iranian Fans Welcome Ronaldo