“മെസി ഇത്രയും എളിമയുള്ള വ്യക്തിയാണെന്ന് അപ്പോഴാണ് മനസിലായത്”- താരത്തിന്റെ പ്രവൃത്തി വെളിപ്പെടുത്തി ഇന്റർ മിയാമി സഹതാരം | Messi

കരാർ അവസാനിച്ചതോടെ പിഎസ്‌ജി വിട്ട് ഇന്റർ മിയാമിയിലേക്ക് ചേക്കേറിയ ലയണൽ മെസി അമേരിക്കയിൽ തരംഗം സൃഷ്‌ടിച്ചു കൊണ്ടിരിക്കുകയാണ്. ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം ലയണൽ മെസി കളിച്ച ഒരു മത്സരത്തിൽ പോലും ക്ലബ് തോൽവി വഴങ്ങിയിട്ടില്ല. അതിനു പുറമെ ക്ലബ് രൂപീകരിച്ചതിനു ശേഷം ആദ്യമായി ഒരു കിരീടവും അവർ സ്വന്തമാക്കി. അതിനു പുറമെ ഒരു ഫൈനലിലും ഇടം പിടിച്ചത് ലയണൽ മെസിയുടെ മികച്ച പ്രകടനം കൊണ്ടു തന്നെയാണ്.

ഇന്റർ മിയാമിക്കൊപ്പം തുടർച്ചയായ മത്സരങ്ങൾ കളിച്ച ലയണൽ മെസിക്ക് ഇന്റർനാഷണൽ ബ്രേക്കിനിടെ ഏതാനും ചില മത്സരങ്ങൾ നഷ്‌ടമായിരുന്നു. അർജന്റീന ക്യാംപിൽ ചേർന്നതിന്റെ ഭാഗമായി ഒരു മത്സരം നഷ്‌ടമായ താരം അവിടെ നിന്നും മടങ്ങിയെത്തിയതിനു ശേഷം ഫിറ്റ്നസ് പ്രശ്‌നങ്ങൾ കാരണവും ഒരു മത്സരത്തിൽ കളിച്ചില്ല. എന്നാൽ ടീമിനൊപ്പം ഇല്ലാത്തപ്പോഴും ലയണൽ മെസി തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നാണ് ഇന്റർ മിയാമി സഹതാരമായ ലിയോനാർഡോ കാമ്പാന പറയുന്നത്.

“മെസി ഇന്റർ മിയാമിയുടെ ഗ്രൂപ്പിലേക്ക് സന്ദേശം അയച്ചിരുന്നു. താരം ഞങ്ങൾക്ക് അഭിനന്ദനം നൽകി. ആ സമയത്താണ് എത്രത്തോളം വിനയവും എളിമയുമുള്ള താരമാണ് മെസിയെന്നു ഞാൻ മനസിലാക്കിയത്. മെസി എത്ര വലിയ വ്യക്തിത്വമാണെങ്കിലും അദ്ദേഹം ഞങ്ങളെയെല്ലാം ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നുണ്ട്. ആദ്യം തന്നെ താരമാണ് സന്ദേശം അയച്ചത്. എല്ലാവർക്കും അഭിനന്ദനം നൽകി താരം സന്ദേശം അയച്ചത് ഞങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകിയത്.” കാമ്പാന പറഞ്ഞു.

ഇന്റർനാഷണൽ ബ്രേക്കിനിടെ ഇന്റർ മിയാമി കാൻസാസ് സിറ്റിക്കെതിരെ കളിച്ച് വിജയം നേടിയ മത്സരത്തിനു ശേഷമുണ്ടായ കാര്യമാണ് കാമ്പാന പറഞ്ഞത്. അതേസമയം മെസിയുടെ അഭാവം ടീമിൽ നിഴലിക്കുന്നുണ്ടെന്നും കാമ്പാന പറഞ്ഞു. “ട്രൈനിങ്ങിൽ താരത്തിന്റെ അഭാവം വളരെയധികം ഞങ്ങളെ ബാധിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരവുമായി പരിശീലനം നടത്താമെന്ന സന്തോഷത്തിലാവും ഓരോ ദിവസവും എഴുന്നേൽക്കുക. ആൽബ, ബുസ്‌ക്വറ്റ്സ് തുടങ്ങിയ താരങ്ങളും ഞങ്ങൾക്കൊപ്പമുണ്ട്.” ഇക്വഡോർ താരം പറഞ്ഞു.

മെസി ഇന്റർനാഷണൽ ബ്രേക്കിന് പോയ സമയത്തെ മത്സരത്തിൽ ഇന്റർ മിയാമി വിജയം നേടിയെങ്കിലും അതിനു ശേഷം ഫിറ്റ്നസ് പ്രശ്‌നങ്ങൾ കാരണം താരം കളിക്കാതിരുന്ന മത്സരത്തിൽ വമ്പൻ തോൽവിയാണു ടീം വഴങ്ങിയത്. ലയണൽ മെസിയില്ലാതെ അറ്റലാന്റ യുണൈറ്റഡിനോട് രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് കഴിഞ്ഞ മത്സരത്തിൽ കീഴടങ്ങിയ ഇന്റർ മിയാമി അടുത്ത മത്സരത്തിൽ ലീഗിലെ അവസാനസ്ഥാനക്കാരായ ടൊറന്റോ എഫ്‌സിയെ നേരിടും.

Campana Talks About Humble Messi