“അർജന്റീനയിൽ മൂന്നു മെസിയില്ല, അവർക്കു കൃത്യമായ ഘടനയുമുണ്ട്”- പിഎസ്‌ജിയിൽ മെസി പരാജയമായിരുന്നില്ലെന്ന് തിയറി ഹെൻറി | Messi

ലയണൽ മെസിയെ സംബന്ധിച്ച് ക്ലബ് കരിയറിൽ ഏറ്റവും മോശമായ സമയമായിരിക്കും പിഎസ്‌ജിയിലെ നാളുകൾ. അപ്രതീക്ഷിതമായി ബാഴ്‌സലോണ വിടേണ്ടി വന്ന താരത്തെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചത് പിഎസ്‌ജിയാണ്. ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ചൊരു മുന്നേറ്റനിരയാണ് പിഎസ്‌ജിയിൽ ഉണ്ടായിരുന്നതെങ്കിലും ടീമിന്റെ സന്തുലിതാവസ്ഥയെ അത് ബാധിച്ചിരുന്നു. ടീമിൽ കൂടുതൽ സ്വാതന്ത്ര്യം ഇല്ലാതിരുന്നതും മെസിയുടെ പ്രകടനത്തെ ബാധിക്കുകയുണ്ടായി.

പിഎസ്‌ജിക്കൊപ്പമുള്ള ആദ്യത്തെ സീസൺ മെസിയെ സംബന്ധിച്ച് കരിയറിലെ തന്നെ ഏറ്റവും മോശപ്പെട്ടതായിരുന്നു. അതിനടുത്ത സീസണിൽ താരം മികച്ച പ്രകടനം നടത്തിയെങ്കിലും മെസിയെന്ന പ്രതിഭയിൽ നിന്നും അതല്ല പ്രതീക്ഷിച്ചിരുന്നത് എന്നതിനാൽ തന്നെ ഒരുപാട് വിമർശനങ്ങൾ താരത്തിനെതിരെ ഉയർന്നു വന്നിരുന്നു. എന്നാൽ ലയണൽ മെസി പിഎസ്‌ജിയിൽ ഒരിക്കലും പരാജയമായിട്ടില്ലെന്നും കൃത്യമായൊരു പദ്ധതി സൃഷ്‌ടിക്കാൻ ക്ലബിന് കഴിഞ്ഞില്ലെന്നുമാണ് ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി പറയുന്നത്.

ലയണൽ മെസി കുറച്ചു കൂടി ആത്മാർത്ഥത കാണിക്കണമായിരുന്നു എന്നും താരത്തിന്റെ മനോഭാവം ശരിയായിരുന്നില്ലെന്നും കരുതുന്നുണ്ടോയെന്ന ജെറോം റോത്തന്റെ ചോദ്യത്തിന് ഹെൻറിയുടെ മറുപടി ഇങ്ങിനെയായിരുന്നു. “എനിക്കൊരിക്കലും അങ്ങിനെ പറയാൻ കഴിയില്ല. എന്തുകൊണ്ടാണത്? കാരണം അതെനിക്കും സംഭവിച്ചിട്ടുണ്ട്. ലയണൽ മെസി അർജന്റീന ടീമിന് വേണ്ടി കളിക്കുന്ന സമയത്ത് അതിനൊരു ഘടനയുണ്ട്, അവിടെ മൂന്നു മെസിയില്ല, താരം മാത്രമേയുള്ളൂ.”

“മെസി മാത്രം ബോസ് ആയിരിക്കുന്ന ഒരു ഫ്രെയിംവർക്കിനുള്ളിൽ താരത്തിന് മികച്ച പ്രകടനം നടത്താൻ കഴിയും. പക്ഷെ ചില സമയത്ത്- ഞാനൊരു കാര്യം പറയാം. ഞാൻ ആഴ്‌സണൽ വിടുന്ന സമയം; ഇതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആഴ്‌സണലിൽ നിന്നും ബാഴ്‌സലോണയിലേക്ക് ചേക്കേറിയ സമയത്ത് ഞാൻ കരഞ്ഞു പോയിരുന്നു. ആഴ്‌സണൽ വിട്ടുവെന്ന ബോധ്യം എനിക്കുണ്ടാകാൻ ഒരു വർഷമെടുത്തു എന്നതാണ് യാഥാർഥ്യം” ഹെൻറി വ്യക്തമാക്കി.

രണ്ടു പതിറ്റാണ്ടോളം ബാഴ്‌സലോണയിൽ ഉണ്ടായിരുന്ന ലയണൽ മെസി തന്നെ പ്രതീക്ഷിച്ചിട്ടില്ല ആ ട്രാൻസ്‌ഫർ വിൻഡോയിൽ തനിക്ക് ക്ലബ് വിടേണ്ടി വരുമെന്നത്. കരാർ പുതുക്കാൻ വേണ്ടി ബാഴ്‌സലോണയിൽ എത്തിയ സമയത്താണ് അതിനു കഴിയില്ലെന്ന് ക്ലബ് നേതൃത്വം താരത്തോട് പറയുന്നത്. ആ തകർച്ചയിൽ നിന്നും കരകയറാനും പുതിയൊരു സ്ഥലത്തെ രീതികളോട് പൊരുത്തപ്പെടാനും സമയം വേണ്ടി വന്നതും മെസിയെ ബാധിച്ചിട്ടുണ്ട്.

Henry Says Messi Didnt Fail At PSG