പത്ത് സെക്കൻഡിൽ മൂന്നു നട്ട്മെഗുകൾ, സാവിബോളിന്റെ മനോഹാരിതയിൽ അമ്പരന്ന് ആരാധകർ | Barcelona

ലയണൽ മെസി ക്ലബ് വിട്ടതിനു ശേഷം വലിയൊരു തകർച്ചയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയായിരുന്ന ബാഴ്‌സലോണ ടീമിനെ ഉയർത്തെണീപ്പിച്ചു കൊണ്ടു വന്നതിൽ ക്ലബിന്റെ എക്കാലത്തെയും വലിയ ഇതിഹാസമായ സാവിക്ക് വലിയ പങ്കുണ്ട്. ഒരു ഘട്ടത്തിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും ദുഷ്‌കരമാണെന്ന് തോന്നിപ്പിച്ച ടീമിനെ സീസണിന്റെ പകുതിക്ക് വെച്ച് സ്ഥാനമേറ്റെടുത്തതിന് ശേഷം സീസൺ അവസാനിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിച്ചാണ് സാവി തന്റെ മാജിക്ക് കാണിച്ചത്.

അതിനു ശേഷം അടുത്ത സീസണിൽ റയൽ മാഡ്രിഡിനു മേൽ വലിയ അപ്രമാദിത്വത്തോടെ ലീഗ് കിരീടം സ്വന്തമാക്കിയ ബാഴ്‌സലോണ സ്‌പാനിഷ്‌ സൂപ്പർകപ്പും നേടുകയുണ്ടായി. പ്രധാന താരങ്ങളുടെ പരിക്ക് ചാമ്പ്യൻസ് ലീഗിൽ അവർക്ക് തിരിച്ചടി നൽകിയെങ്കിലും സാവിയുടെ കീഴിൽ ബാഴ്‌സലോണ ശരിയായ ദിശയിൽ തന്നെയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ആഗ്രഹമുള്ള താരങ്ങളെ വാങ്ങാൻ പോലും കഴിയാത്ത സമയത്താണ് ബാഴ്‌സലോണ ടീമിനെക്കൊണ്ട് സാവി മാജിക്ക് കാണിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന റയൽ ബെറ്റിസിനെതിരായ മത്സരത്തിൽ സാവിയുടെ കീഴിൽ തങ്ങൾക്ക് എന്താണ് കഴിയുകയെന്നു ബാഴ്‌സലോണ കാണിച്ചു തന്നു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് സ്വന്തം മൈതാനത്ത് ബാഴ്‌സലോണ വിജയം നേടിയത്. ആ മത്സരത്തിൽ പത്ത് സെക്കന്റിനിടെ ബാഴ്‌സലോണ താരങ്ങൾ നടത്തിയ നടത്തിയ മൂന്നു നട്ട്മെഗുകളാണ് അതിനു ശേഷം വൈറലാകുന്നത്. റയൽ ബെറ്റിസ്‌ താരങ്ങളെ തീർത്തും നിഷ്പ്രഭരാക്കി ബാൾഡെ, കാൻസലോ, പതിനാറുകാരൻ യമാൽ എന്നിവരാണ് ഈ നട്ട്മെഗുകൾ നടത്തിയത്.

അതിനു പുറമെ ബാഴ്‌സലോണ നേടിയ രണ്ടാമത്തെ ഗോളും സാവിയുടെ ശൈലിയുടെ മനോഹാരിത വ്യക്തമാക്കി തരുന്നതായിരുന്നു. പതിഞ്ഞ താളത്തിൽ മധ്യനിരയിൽ നിന്നും തുടങ്ങി. വൻ ടച്ച് പാസുകളിലൂടെ മുന്നേറി ഒടുവിൽ ക്രിസ്റ്റൻസെന്റെ പാസിൽ നിന്നും ലെവൻഡോസ്‌കിയാണ് ഗോൾ നേടിയത്. ആ ഗോൾ നേടാനുള്ള പാസ് ലെവൻഡോസ്‌കിയുടെ ലൈനിലാണെന്ന് മനസിലാക്കി പന്ത് തൊടാതെ സമർത്ഥമായി ഒഴിഞ്ഞു മാറ്റിയ ഫെലിക്‌സും ഗോളിൽ അതുപോലെ തന്നെ പങ്കാളിയാണ്.

ബാഴ്‌സലോണ ആരാധകരെ സംബന്ധിച്ച് വളരെയധികം സന്തോഷം നൽകിയ മത്സരമായിരുന്നു റയൽ ബെറ്റിസിനെതിരെ നടന്നത്. ഇതേ ഫോം നിലനിർത്താൻ കഴിഞ്ഞാൽ ഈ സീസണിൽ എല്ലാ കിരീടങ്ങൾക്കു വേണ്ടിയും പൊരുതാൻ ബാഴ്‌സലോണക്ക് കഴിയും. പെഡ്രി, അറോഹോ തുടങ്ങിയ പ്രധാന താരങ്ങൾ ഇല്ലാതെയാണ് ബാഴ്‌സലോണ കഴിഞ്ഞ മത്സരത്തിൽ ഗംഭീരവിജയം നേടിയത്. യുവതാരങ്ങളെ കൃത്യമായി ഉപയോഗിക്കാൻ സാവി സമർത്ഥനാണെന്ന് വീണ്ടും തെളിയിച്ചു.

Barcelona Playing Beautiful Football Under Xavi