ആരാധകരാണ് ടീമിന്റെ കരുത്ത്, ബ്ലാസ്‌റ്റേഴ്‌സിനെ തിരഞ്ഞെടുത്തതിന്റെ കാരണം വെളിപ്പെടുത്തി പെപ്രാഹ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ സീസണിലേതു പോലെ തന്നെ ആദ്യത്തെ മത്സരം ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മൈതാനമായ കൊച്ചിയിൽ നടക്കുമ്പോൾ പ്രധാന എതിരാളികളായ ബെംഗളൂരു എഫ്‌സിയാണ് എതിരാളികൾ. മത്സരത്തിനായി അക്ഷമരായി ആരാധകർ കാത്തിരിക്കുകയാണ്. മത്സരത്തിനുള്ള ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റഴിഞ്ഞുവെന്ന് ബ്ലാസ്റ്റേഴ്‌സ് തന്നെ അറിയിച്ചിരുന്നു.

പരിക്ക് കാരണം ദിമിത്രിയോസ് ആദ്യത്തെ മത്സരത്തിൽ കളിക്കാനുള്ള സാധ്യത വളരെ കുറവാണ്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ടോപ് സ്കോററായ താരത്തിന്റെ അഭാവത്തിൽ ആരാധകരുടെ പ്രതീക്ഷ പുതിയതായി ടീമിലെത്തിയ ഘാന താരമായ ക്വാമ പെപ്രാഹിലാണ്. യുഎഇയിൽ നടന്ന സന്നാഹ മത്സരത്തിൽ ടീമിനായി ഗോൾ നേടാൻ കഴിഞ്ഞ ഇരുപത്തിരണ്ടുകാരനായ താരം കഴിഞ്ഞ ദിവസം ടീമിനെക്കുറിച്ചും ഐഎസ്എല്ലിൽ എത്തിയതിനെക്കുറിച്ചുമെല്ലാം സംസാരിച്ചിക്കുകയുണ്ടായി.

തനിക്ക് മുന്നിലുണ്ടായിരുന്ന നാലോളം ഓഫറുകളിൽ നിന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ തിരഞ്ഞെടുത്തത് എന്നാണു താരം പറഞ്ഞത്. ഇന്ത്യൻ ഫുട്ബോൾ വളർന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഐഎസ്എല്ലിൽ കളിക്കുന്നത് കൂടുതൽ സാധ്യതയാണെന്ന് പെപ്രാഹ് കരുതുന്നു. പ്രീ സീസൺ ടൂർ മികച്ചതായതിനാൽ ടീമുമായി എളുപ്പത്തിൽ ഇണങ്ങിച്ചേരാൻ കഴിഞ്ഞുവെന്നു പറഞ്ഞ താരം കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെക്കുറിച്ചും മനസിലാക്കിയെന്നും അറിയിച്ചു. അതിഗംഭീര ഫാൻസാണ് ടീമിന്റേതെന്നാണ് താരത്തിന്റെ അഭിപ്രായം.

ഫിസിക്കൽ ഗെയിമാണ് താൻ കൂടുതൽ ഇഷ്‌ടപ്പെടുന്നതെന്നും തന്റെ ശൈലിയും കഴിവുകളും ബ്ലാസ്റ്റേഴ്‌സിന് ഉപകാരപ്പെടുമെന്നു കരുതുന്നതായും പെപ്രഹ് പറഞ്ഞു. ലീഗ് തുടങ്ങാൻ വേണ്ടി കാത്തിരിക്കുകയാണെന്നും കൊച്ചിയിലെ കാലാവസ്ഥ ഫുട്ബോൾ സീസണിന് അനുകൂലമാണെന്നും താരം വ്യക്തമാക്കി. പരിശീലകൻ ഇവാനെക്കുറിച്ചും താരത്തിന് വലിയ അഭിപ്രായമാണ്. ടീമിലെത്തി താരങ്ങൾക്ക് വളരെയധികം ആത്മവിശ്വാസം നൽകുന്ന പരിശീലകനാണ് അദ്ദേഹമെന്നാണ് പെപ്രഹ് പറയുന്നത്.

ഇരുപത്തിരണ്ടുകാരനായ പെപ്രഹ് ആഫ്രിക്കയിലും ഇസ്രയേലിലുമുള്ള ലീഗുകളിൽ കളിച്ചിട്ടുണ്ട്. ഒരു കിരീടം നേടുകയും രണ്ടു ടൂർണമെന്റിൽ രണ്ടാം സ്ഥാനത്തു വരികയും ചെയ്‌തിട്ടുള്ള താരം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വേഗതയും ഡ്രിബ്ലിങ് മികവും കരുത്തുമുള്ള താരം ചെറുപ്പമായതിനാൽ ഭാവിയിലേക്കും ബ്ലാസ്റ്റേഴ്‌സിനൊരു മുതൽക്കൂട്ടാണ്.

Kwame Peprah Talk About Kerala Blasters