ക്രൂസിനെ നാണംകെടുത്തിയ നട്ട്മെഗ്, റയൽ മാഡ്രിഡിനെ വിറപ്പിച്ച പ്രകടനവുമായി ജാപ്പനീസ് മെസി | Kubo

ലാ ലിഗയിൽ വിജയക്കുതിപ്പുമായി മുന്നോട്ടു പോവുകയാണ് റയൽ മാഡ്രിഡ്. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യപകുതിയിൽ പിന്നിലായിപ്പോയെങ്കിലും രണ്ടാം പകുതിയിൽ മികച്ച രീതിയിൽ തിരിച്ചുവരവ് നടത്തി വിജയം സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞു. ആദ്യപകുതിയിൽ ബാരനക്‌സി നേടിയ ഗോളിൽ റയൽ സോസിഡാഡ് മുന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയിൽ വാൽവെർദെ, ജോസെലു എന്നിവർ ഗോളുകൾ നേടിയ ഗോളുകളിൽ റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കുകയായിരുന്നു.

അതേസമയം റയൽ മാഡ്രിഡിന്റെ വിജയത്തിലും ആരാധകരിൽ പലരെയും ആകർഷിച്ചത് റയൽ സോസിഡാഡിനു വേണ്ടി ജാപ്പനീസ് മെസിയെന്ന് അറിയപ്പെടുന്ന ടക്കെഫുസെ കുബെ നടത്തിയ പ്രകടനമാണ്. മത്സരത്തിൽ മുഴുവൻ സമയവും കളിച്ച താരം പ്രധാനമായും ആദ്യപകുതിയിൽ റയൽ മാഡ്രിഡിനെ വിറപ്പിക്കുന്ന കളിയാണ് കാഴ്‌ച വെച്ചത്. ടോണി ക്രൂസിനെ നട്ട്മെഗ് ചെയ്‌ത താരം ഒരു തകർപ്പൻ ഗോൾ നേടിയിരുന്നെങ്കിലും ദൗർഭാഗ്യം കൊണ്ട് അത് നിഷേധിക്കപ്പെട്ടു.

റയൽ മാഡ്രിഡിന്റെ ഏതാനും താരങ്ങളെ ഡ്രിബിൾ ചെയ്‌തതിനു ശേഷം ബോക്‌സിന് പുറത്തു നിന്നുമുള്ള ഷോട്ടിലൂടെയാണ് താരം ഗോൾ നേടിയത്. എന്നാൽ ആ സമയത്ത് മറ്റൊരു റയൽ സോസിഡാഡ് താരം ഓഫ്‌സൈഡ് പൊസിഷനിൽ ഗോളിയെ മറഞ്ഞു നിന്നത് ഗോൾ നിഷേധിക്കാൻ കാരണമായി. അതല്ലെങ്കിൽ റയൽ മാഡ്രിഡിന് കാര്യങ്ങൾ കൂടുതൽ കടുപ്പമായേനെ. ആദ്യത്തെ ഗോളിന് വഴിയൊരുക്കിയ കുബോ റയൽ മാഡ്രിഡിന്റെ മൈതാനത്ത് നാല് കീ പാസുകൾ നൽകിയതിനു പുറമെ രണ്ടു വമ്പൻ അവസരങ്ങളും സൃഷ്‌ടിച്ചിരുന്നു.

ബാഴ്‌സലോണ അക്കാദമിയിൽ വളർന്നു വന്ന കുബോ ചെറുപ്പത്തിൽ തന്നെ ജാപ്പനീസ് മെസിയെന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്നു. എന്നാൽ കരാർ അവസാനിച്ച താരം ബാഴ്‌സലോണ വിട്ട് ചിരവൈരികളായ റയൽ മാഡ്രിഡിലേക്ക് ചേക്കേറി. റയൽ മാഡ്രിഡിൽ മൂന്നു വർഷത്തോളം ഉണ്ടായിരുന്നെങ്കിലും ഒരു പ്രധാന മത്സരം പോലും അവർക്കൊപ്പം കളിച്ചിട്ടില്ലാത്ത മറ്റു ക്ലബുകളിൽ ലോണിൽ കളിച്ചതിനു ശേഷമാണ് റയൽ സോസിഡാഡിൽ സ്ഥിരം ട്രാൻസ്‌ഫരിൽ എത്തിയത്. ക്ലബിനൊപ്പം മികച്ച പ്രകടനമാണ് താരം നടത്തുന്നത്.

ഇപ്പോൾ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധയാകർഷിക്കുന്ന കുബോയെ വീണ്ടും സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് കഴിയുമെന്ന പ്രത്യേകതയുണ്ട്. താരത്തിന്റെ കരാർ പ്രകാരം ഭാവിയിൽ വിൽക്കുന്ന തുകയുടെ അമ്പതു ശതമാനം റയൽ മാഡ്രിഡിനുള്ളതാണ്. അതുകൊണ്ടു തന്നെ അറുപതു മില്യൺ യൂറോ റിലീസ് ക്ളോസുള്ള താരത്തെ മുപ്പതു മില്യൺ യൂറോ നൽകിയാൽ റയൽ മാഡ്രിഡിന് സ്വന്തമാക്കാൻ കഴിയും. എന്നാൽ റയൽ മുന്നേറ്റനിര ശക്തമായ റയൽ മാഡ്രിഡിൽ കുബോക്ക് അവസരങ്ങലുണ്ടാകാൻ സാധ്യതയില്ല.

Take Kubo Performance Against Real Madrid