ഐഎസ്എൽ ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പിന്റെ നീക്കം, വമ്പൻ ക്ലബ്ബിനെ ഏറ്റെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു | Lulu Group
ആഗോളതലത്തിൽ തന്നെ പടർന്നു പിടിച്ചു കിടക്കുന്ന ബിസിനസ് ഭീമൻമാരായ ലുലു ഗ്രൂപ്പ് തങ്ങളുടെ നിക്ഷേപം ഫുട്ബോളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. ഇത്തവണ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫുട്ബോൾ ടൂർണമെന്റായ ഐഎസ്എല്ലിലേക്ക് കണ്ണുവെച്ചു കൊണ്ടുള്ള നിക്ഷേപമാണ് ലുലു ഗ്രൂപ്പ് നടത്താൻ തയ്യാറെടുക്കുന്നത്. മലയാളിയായ എംഎ യൂസഫലിയാണ് ലുലു ഗ്രൂപ്പിന്റെ തലവനെങ്കിലും അവർ നിക്ഷേപം നടത്തുന്നത് പക്ഷെ കേരളത്തില്ല.
റിപ്പോർട്ടുകൾ പ്രകാരം കൊൽക്കത്തയിലെ പ്രധാന ഫുട്ബോൾ ക്ലബുകളിൽ ഒന്നായ മൊഹമ്മദൻസിനെ വാങ്ങാനാണ് ലുലു ഗ്രൂപ്പ് ഒരുങ്ങുന്നത്. കൊൽക്കത്തയിലെ വിവിധ മാധ്യമങ്ങൾ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തു വിട്ടിട്ടുണ്ട്. കഴിഞ്ഞ ദുബായ് സന്ദർശനത്തിനിടെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ലുലു ഗ്രൂപ്പ് അധികൃതരുമായി ചർച്ചകൾ നടത്തിയെന്നും അതിന്റെ ഭാഗമായാണ് അവരുടെ പുതിയ നീക്കമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
🚨 | BIG 💣 : Lulu Group International has agreed to become the new investors of Mohammedan Sporting Club with an aim to play ISL next year; West Bengal CM Mamata Banerjee during her Dubai trip managed to convince the Emirati based multinational company to join Kolkata Maidan.… pic.twitter.com/znQGMRDG8F
— 90ndstoppage (@90ndstoppage) September 24, 2023
ബംഗാളിൽ വലിയ രീതിയിലുള്ള നിക്ഷേപം നടത്താൻ ലുലു ഗ്രൂപ്പ് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. മാളുകളും ഫുഡ് പാർക്കുകളും അടക്കം കോടികളുടെ നിക്ഷേപം നടത്തുന്നതിനൊപ്പമാണ് ക്ലബിലേക്കും അവർ പണമൊഴുക്കാൻ പോകുന്നത്. നിലവിൽ ഐ ലീഗിൽ കളിക്കുന്ന ക്ലബായ മൊഹമ്മദൻസ് സ്പോർട്ടിങ്ങിനെ പൂർണമായും വാങ്ങുകയോ അല്ലെങ്കിൽ ക്ലബ്ബിലേക്ക് നല്ലൊരു നിക്ഷേപം നടത്തുകയോ ചെയ്യാൻ ലുലു ഗ്രൂപ്പ് ചർച്ചകൾക്ക് ശേഷം സന്നദ്ധരായെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
🇦🇪 Dubai based multinational company LULU Group International is all set to join #ILeague side Mohammedan SC as their Main Investor for participating in the #ISL 2024/25 season! pic.twitter.com/NvppAEJYI8
— IFTWC – Indian Football (@IFTWC) September 24, 2023
നിലവിൽ ഹരിയാന ബേസ് ചെയ്തുള്ള ബങ്കർഹിൽസ് എന്ന കമ്പനിയാണ് മൊഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബിന്റെ ഉടമകൾ. ലുലു ഗ്രൂപ്പ് ഏറ്റെടുക്കുന്നതോടെ ഇവർ ക്ലബുമായുള്ള ബന്ധം അവസാനിപ്പിച്ചേക്കും. വമ്പൻ നിക്ഷേപം നടത്താൻ കഴിവുള്ള ലുലു ഗ്രൂപ്പ് ഏറ്റെടുത്താൽ മൊഹമ്മദൻസ് സാമ്പത്തികമായി ഉയർന്ന നിലയിലേക്ക് കുതിക്കുമെന്നതിലും സംശയമില്ല. ഇത് ഐ ലീഗിൽ നിന്നും മുന്നേറാൻ ക്ലബ്ബിനെ സഹായിക്കുകയും ചെയ്യും. അടുത്ത വർഷം ഐഎസ്എൽ കളിക്കുകയാണ് ടീമിന്റെ ലക്ഷ്യം.
1891ൽ സ്ഥാപിക്കപ്പെട്ട മൊഹമ്മദൻസ് സ്പോർട്ടിങ് ക്ലബിന് 132 വർഷത്തെ ചരിത്രമുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇടക്കാലത്ത് ക്ലബ് പൂട്ടിപ്പോയെങ്കിലും കുറച്ചു വർഷങ്ങൾക്കു മുൻപ് തിരിച്ചെത്തി. വളരെയധികം ആരാധകരുടെ പിന്തുണയുള്ള ക്ലബ് കൂടിയായ മൊഹമ്മദൻസ് ഐഎസ്എല്ലിൽ എത്തിയാൽ ബംഗാൾ വീണ്ടും ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലമാകും. നിലവിൽ കൊൽക്കത്തയിൽ നിന്നുള്ള മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നീ ടീമുകൾ ഐഎസ്എല്ലിൽ കളിക്കുന്നുണ്ട്.
Lulu Group To Invest In Mohammeden SC