“പിഎസ്‌ജിയിൽ നെയ്‌മർക്ക് പിന്തുണ ലഭിക്കുന്നില്ല, താരം റയൽ മാഡ്രിഡിലെത്തും”- ഉറപ്പിച്ചു വ്യക്തമാക്കി ബ്രസീലിന്റെ മുൻ താരം

ബ്രസീലിയൻ മുന്നേറ്റനിര താരമായ നെയ്‌മർ ജൂനിയർ പിഎസ്‌ജിയിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് ബ്രസീലിന്റെ മുൻ താരമായ സെ റോബർട്ടോ. പിഎസ്‌ജിയിൽ നെയ്‌മർക്ക് ആരാധകർക്കിടയിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നും താരം സ്നേഹിക്കപ്പെടുന്നില്ലെന്നും, അതുകൊണ്ടു തന്നെ നെയ്‌മർ ഉടൻ തന്നെ ക്ലബ് വിടാനുള്ള സാധ്യത കൂടുതലാണെന്നും സെ റോബർട്ടോ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

ബാഴ്‌സലോണയിൽ മിന്നിത്തിളങ്ങി നിൽക്കുന്ന സമയത്ത്, 2017ലാണ് നെയ്‌മറെ ലോകറെക്കോർഡ് ട്രാൻസ്‌ഫറിൽ പിഎസ്‌ജി സ്വന്തമാക്കുന്നത്. 222 മില്യൺ യൂറോയെന്ന റിലീസിംഗ് ക്ലോസ് നൽകി പിഎസ്‌ജി നെയ്‌മറെ സ്വന്തമാക്കിയപ്പോൾ ഫുട്ബോൾ ലോകം തന്നെ ആശ്ചര്യപ്പെട്ടിരുന്നു. പിഎസ്‌ജിയിലേക്ക് ചേക്കേറിയ താരത്തിന് തന്റെ ഏറ്റവും മികച്ച ഫോം ഇതുവരെയും പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ സീസണിൽ മികച്ച പ്രകടനമാണ് നെയ്‌മർ നടത്തുന്നത്.

മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും പിഎസ്‌ജിയിൽ നെയ്‌മർ പൂർണമായും സന്തോഷവാനല്ലെന്നാണ് സെ റോബർട്ടോ പറയുന്നത്. “നെയ്‌മർ ലോലമായ മനസുള്ള താരമാണ്. അവനു ആരാധകരുടെയും മാധ്യമങ്ങളുടെയും ടീമിന്റെയും പിന്തുണ ആവശ്യമാണ്. അതു ലഭിച്ചില്ലെങ്കിൽ താരം മറ്റെവിടെയെങ്കിലും പോകും. എവിടേക്കാണ് നെയ്‌മർ പോവുക? സ്പെയിനിൽ, റയൽ മാഡ്രിഡിലേക്ക്. ഞാൻ പറയുന്നത് തെറ്റാണെങ്കിൽ നിങ്ങളെന്നെ വിളിക്കൂ.” എൽ എക്വിപ്പെയോട് സംസാരിക്കുമ്പോൾ സെ റോബർട്ടോ പറഞ്ഞു.

ഈ സീസണിൽ പിഎസ്‌ജിക്കായി മികച്ച പ്രകടനം നടത്തുന്ന നെയ്‌മർ പതിനാറു മത്സരങ്ങളിൽ നിന്നും പന്ത്രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്. ഇതിനു പുറമെ ഒൻപതു ഗോളുകൾക്ക് വഴിയൊരുക്കാനും താരത്തിനായി. നിലവിൽ 2027 വരെ താരത്തിന് പിഎസ്‌ജിയുമായി കരാർ ബാക്കിയുണ്ടെങ്കിലും ക്ലബിലെ മറ്റൊരു സൂപ്പർതാരം എംബാപ്പയുമായി മികച്ച ബന്ധമല്ല നിലനിൽക്കുന്നത്. എന്നാൽ ലയണൽ മെസിയുടെ സാന്നിധ്യമുള്ളിടത്തോളം നെയ്‌മർ പിഎസ്‌ജിയിൽ തന്നെ തുടരാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.