2022 ലോകകപ്പ് അർജന്റീനക്ക്, കഴിഞ്ഞ രണ്ടു ലോകകപ്പ് ജേതാക്കളെ കൃത്യമായി പ്രവചിച്ചവർ കണ്ടെത്തുന്നു

ഖത്തർ ലോകകപ്പിന്റെ ആരവമുയരാൻ ഇനി രണ്ടു മാസത്തിൽ കുറഞ്ഞ സമയം മാത്രമേ ബാക്കിയുള്ളൂ. നാല് വർഷത്തിലൊരിക്കൽ വരുന്ന കായികലോകത്തെ ഏറ്റവും വലിയ മാമാങ്കങ്ങളിലൊന്നിനെ വരവേൽക്കാൻ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. നിരവധി മികച്ച ടീമുകളും വമ്പൻ താരങ്ങളും അണിനിരക്കുന്ന ലോകകപ്പ് ടൂർണമെന്റിൽ ഏതെങ്കിലുമൊരു ടീമിന് കൂടുതൽ കിരീടസാധ്യത കൽപ്പിക്കാൻ കഴിയില്ലെങ്കിലും തങ്ങളുടെ ടീം എത്രത്തോളം മുന്നോട്ടു പോകും എന്നതിനെ കുറിച്ച് ആരാധകർ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

അതിനിടയിൽ 2014, 2018 ലോകകപ്പ് വിജയികളെ കൃത്യമായി പ്രവചിച്ച ലണ്ടൻ അടിസ്ഥാനമായുള്ള സ്റ്റോക്ക്ബ്രോക്കറായ ജോക്കിം ക്ലെമൻ ഖത്തർ ലോകകപ്പിൽ ആരാണ് കിരീടം നേടുകയെന്ന പ്രവചനം നടത്തിയിട്ടുണ്ട്. നിലവിലുള്ള ടീമിന്റെ കരുത്ത്, ജിഡിപി, രാജ്യത്തെ മൊത്തം ജനസംഖ്യ എന്നിവയുൾപ്പെടെയുള്ള സാമൂഹികസാമ്പത്തിക ഘടകങ്ങൾ തന്റെ പ്രവചനത്തിനായി ഉപയോഗിക്കുന്ന അദ്ദേഹം 2014 ലോകകപ്പ് ജർമനി നേടുമെന്നും 2018 ലോകകപ്പ് ഫ്രാൻസ് നേടുമെന്നും കൃത്യമായി പ്രവചിച്ചിരുന്നു.

ജോക്കിം ക്ലെമൻ പ്രവചിക്കുന്നതു പ്രകാരം 2022 ലോകകപ്പ് നേടുക ലയണൽ മെസിയുടെ അർജന്റീനയാണ്. ഫൈനലിൽ അർജന്റീനയും ഇംഗ്ലണ്ടും തമ്മിലാണ് ഏറ്റുമുട്ടുകയെന്നും അതിൽ അർജന്റീന വിജയം നേടുമെന്നും അദ്ദേഹം കണ്ടെത്തുന്നു. നോക്ക്ഔട്ട് ഘട്ടം മുതൽ ഡെൻമാർക്ക്, ഹോളണ്ട്, സ്പെയിൻ എന്നീ ടീമുകളെ കീഴടക്കി അർജന്റീന ഫൈനലിൽ എത്തുമ്പോൾ സെനഗൽ, മെക്‌സിക്കോ പോർച്ചുഗൽ എന്നീ ടീമുകളെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിൽ ഇടം നേടുക.

കഴിഞ്ഞ രണ്ടു ലോകകപ്പ് വിജയികളെയും കൃത്യമായി പ്രവചിച്ചെങ്കിലും താൻ കണ്ടെത്തുന്നതിൽ ധാരാളം പിഴവുകൾക്ക് സാധ്യതയുണ്ടെന്നാണു ജോക്കിം ക്ലെമൻ പറയുന്നത്. അതുകൊണ്ടു തന്നെ തന്റെ പ്രവചനം തീർത്തും ആധികാരികമാണെന്ന് അദ്ദേഹം തന്നെ പറയുന്നില്ല. എന്നാൽ ലോകമെമ്പാടുമുള്ള അർജന്റീന, മെസി ആരാധകർ അദ്ദേഹത്തിന്റെ പ്രവചനത്തെ കൊണ്ടാടുമെന്നതിൽ സംശയമില്ല. പ്രത്യേകിച്ചും അർജന്റീന ഇപ്പോൾ മികച്ച പ്രകടനം നടത്തുന്ന സാഹചര്യത്തിൽ.

2019 മുതൽ ഒരു മത്സരം പോലും തോൽക്കാതെയാണ് അർജന്റീന ലോകകപ്പിന് ഇറങ്ങാൻ തയ്യാറെടുക്കുന്നത്. ലോകകപ്പ് ഗ്രൂപ്പിലെ ആദ്യ മൂന്നു മത്സരങ്ങളിൽ തോൽവി അറിഞ്ഞില്ലെങ്കിൽ ഏറ്റവുമധികം മത്സരങ്ങൾ അപരാജിതരായി പൂർത്തിയാക്കിയ ടീമെന്ന റെക്കോർഡും അവർക്ക് സ്വന്തമാകും. ലോകകപ്പിൽ സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് എന്നീ ടീമുകളാണ് അർജന്റീനയുടെ ഗ്രൂപ്പിലുള്ളത്.