ആ ഗോൾ സ്ഥിരമായി പരിശീലനം നടത്തി നേടിയതോ, ലൂണ പറയുന്നു | Adrian Luna
ജംഷഡ്പൂർ എഫ്സിക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ച് അഡ്രിയാൻ ലൂണ നേടിയ ഗോൾ മത്സരം കണ്ട ഒരു ആരാധകനും മറക്കാൻ കഴിയില്ല. മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനുട്ടിൽ പിറന്ന ആ ഗോളിലൂടെ ജംഷഡ്പൂരിനു മത്സരത്തിൽ തിരിച്ചെത്താനുള്ള എല്ലാ വഴികളും ബ്ലാസ്റ്റേഴ്സ് അടച്ചു. ലൂണയുടെ ആ ഗോൾ പിറന്നതോടെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തുകയും അതോടെ മത്സരത്തിൽ തിരിച്ചു വരാമെന്നുള്ള എല്ലാ പ്രതീക്ഷകളും ജംഷഡ്പൂരിന് ഇല്ലാതാവുകയും ചെയ്തു.
ലൂണയുടെ വ്യക്തിഗത മികവിനൊപ്പം ടീമിലെ താരങ്ങളുമായുള്ള ഒത്തിണക്കവും കൃത്യമായി വ്യക്തമാക്കുന്ന ഗോളായിരുന്നു മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നേടിയ മൂന്നാമത്തെ ഗോൾ. പ്രതിരോധതാരത്തിൽ നിന്നും പന്ത് സ്വീകരിച്ച താരം ബോക്സിലേക്ക് കുതിച്ച് സഹലിനു പന്ത് കൈമാറി അത് തിരിച്ചു വാങ്ങി പിന്നീട് ദിമിക്ക് പന്തു നൽകി താരം അത് ജിയാനുവിന് നൽകി ജിയാനു അതൊരു ബാക്ക്ഹീൽ പാസിലൂടെ ലൂണക്ക് കൈമാറുമ്പോൾ വലതു വിങ്ങിൽ നിന്നും നീക്കം തുടങ്ങിയ താരം ബോക്സിന്റെ ഇടതുവശത്തെത്തിയിരുന്നു. മനോഹരമായ ഫിനിഷിംഗിലൂടെ ലൂണ അത് വലയിലെത്തിക്കുമ്പോൾ മത്സരം കണ്ട ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകനും രോമാഞ്ചമുണ്ടായി.
മത്സരത്തിനു ശേഷം അത് സ്ഥിരമായി ട്രെയിനിങ് നടത്തി നേടിയ ഗോളാണോ എന്ന ചോദ്യം ലൂണ നേരിടുകയുണ്ടായി. അതിനു താരം പറഞ്ഞ മറുപടി ഇതായിരുന്നു. “തീർച്ചയായും പല ദിവസവും ഞങ്ങൾ ശ്രമിച്ചിരുന്നു. പക്ഷെ മത്സരത്തിൽ ഇത് സംഭവിച്ചത്, ഞങ്ങൾ അതിനായി പരിശീലനമൊന്നും നടത്തിയിട്ടില്ല. വൺ ടു നീക്കങ്ങൾ മാത്രമാണ് ഞങ്ങൾ നോക്കിയിരുന്നത്. മത്സരത്തിനിടയിൽ ഇത് സംഭവിച്ചത് കണ്ടതു വളരെ നല്ല അനുഭവമായിരുന്നു. ഗോൾ നേടിയതിലും ടീമിനെ ആലോചിച്ചും സന്തോഷമുണ്ട്. മൂന്നു പോയിന്റുകൾ നേടി. ഇനി വളരെ ബുദ്ധിമുട്ടേറിയ അടുത്ത മത്സരത്തിനായി തയ്യാറെടുക്കുകയാണ് വേണ്ടത്.” ലൂണ പറഞ്ഞു.
𝓣𝓱𝓮 𝓹𝓮𝓻𝓯𝓮𝓬𝓽 𝓽𝓮𝓪𝓶 𝓰𝓸𝓪𝓵 💛💪🏻#KBFCJFC #HeroISL #LetsFootball #KeralaBlasters #AdrianLuna | @KeralaBlasters pic.twitter.com/AeTO9mAIZA
— Indian Super League (@IndSuperLeague) January 3, 2023
മത്സരത്തിലെ വിജയത്തോടെ എടികെ മോഹൻ ബഗാനെ മറികടന്ന് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും മൂന്നാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്. പന്ത്രണ്ടു മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സിന് ഇരുപത്തിയഞ്ചു പോയിന്റുള്ളപ്പോൾ എടികെ മോഹൻ ബഗാന് ഇരുപത്തിമൂന്നു പോയിന്റാണുള്ളത്. പന്ത്രണ്ടു മത്സരങ്ങളിൽ നിന്നും മുപ്പതു പോയിന്റുള്ള മുംബൈ സിറ്റി ഒന്നാമത് നിൽക്കുമ്പോൾ ഇരുപത്തിയെട്ടു പോയിന്റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. മുംബൈ സിറ്റിയുമായുള്ള അടുത്ത മത്സരത്തിൽ വിജയം നേടിയാൽ അവരുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയും.