എത്ര ക്ലബുകൾ എന്നെ സ്വന്തമാക്കാൻ ശ്രമിച്ചുവെന്ന് ആർക്കുമറിയില്ല, യൂറോപ്പിലെ എന്റെ ജോലി അവസാനിച്ചു: ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

യൂറോപ്പിൽ നിന്നും മറ്റുള്ള ലീഗുകളിൽ നിന്നുമുള്ള ഓഫറുകൾ ഇല്ലാഞ്ഞിട്ടല്ല സൗദി ലീഗിലെ അൽ നസ്ർ ക്ലബ്ബിലേക്ക് ചേക്കേറിയതെന്നു വ്യക്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ ആരാധകർക്കു മുന്നിൽ താരത്തെ അവതരിപ്പിക്കുന്ന ചടങ്ങിനോടൊപ്പം നടന്ന പത്രസമ്മേളനത്തിലെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു റൊണാൾഡോ. ചാമ്പ്യൻസ് ലീഗിൽ കളിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്ന റൊണാൾഡോ സൗദിയിലേക്ക് ചേക്കേറിയത് യോഗ്യതയുള്ള ക്ലബുകളുടെ ഓഫർ ഇല്ലാത്തതു കൊണ്ടാണെന്ന അഭ്യൂഹങ്ങളെ തള്ളുന്നതാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

“യൂറോപ്പിലെ എന്റെ ജോലി അവസാനിച്ചു കഴിഞ്ഞു. ഞാൻ എല്ലാം നേടി. യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബുകളിൽ ഞാൻ കളിച്ചു. ഇനി ഏഷ്യയിൽ പുതിയൊരു വെല്ലുവിളിക്കായി ഒരുങ്ങുകയാണ്.” യൂറോപ്യൻ ഫുട്ബോളിൽ നിന്നും ഏഷ്യയിലേക്കുള്ള ചുവടുമാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി റൊണാൾഡോ പറഞ്ഞു. 2025 വരെയുള്ള കരാറിൽ ഒരു സീസണിൽ ഇരുനൂറു മില്ല്യൻ യൂറോയോളം പ്രതിഫലമായി ലഭിക്കുന്ന കരാറാണ് താരം ഒപ്പുവെച്ചത്. സൗദിയിൽ നിന്നും മാത്രമല്ല തനിക്ക് ഓഫർ ഉണ്ടായിരുന്നതെന്നും താരം പറഞ്ഞു.

“ആർക്കും ഒന്നുമറിയാത്തതിനാൽ ഞാനിപ്പോൾ പറയാം, യൂറോപ്പിൽ നിന്നും ബ്രസീലിലെ നിരവധി ക്ലബുകളിൽ നിന്നും ഓസ്‌ട്രേലിയ, അമേരിക്ക, പോർച്ചുഗലിൽ നിന്നു വരെ നിരവധി ക്ലബുകൾ എന്നെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഞാനീ ക്ലബിന് വാക്ക് നൽകിയിരുന്നു. ഇവിടെ ഫുട്ബോൾ വളർത്തുന്നതിനൊപ്പം ഈ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളെയും മെച്ചപ്പെടുത്തുന്നതിനും.” അഞ്ചു തവണ ബാലൺ ഡി ഓറും അഞ്ചു ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയിട്ടുള്ള, നിരവധി റെക്കോർഡുകൾ സ്വന്തം പേരിലുള്ള റൊണാൾഡോ പറഞ്ഞു.

വളരെ മികച്ച സ്വീകരണമാണ് റൊണാൾഡോക്കായി സൗദി അറേബ്യയിൽ ഒരുക്കിയിരുന്നത്. സ്വീകരണച്ചടങ്ങും കാണികൾക്കു മുന്നിൽ അവതരിപ്പിക്കലും കഴിഞ്ഞതിനു ശേഷം താരം അൽ നസ്ർ ക്ലബിലെ മറ്റു താരങ്ങൾക്കൊപ്പം ചെറിയ തോതിൽ പരിശീലനവും നടത്തി. ക്ലബിലെ തന്റെ സഹതാരങ്ങളെയെല്ലാം റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ പിന്തുടരാൻ ആരംഭിച്ചിട്ടുമുണ്ട്. അതേസമയം താരം എന്നാണു സൗദി അറേബ്യൻ ക്ലബിനായി തന്റെ ആദ്യത്തെ മത്സരം കളിക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ല. വ്യാഴാഴ്‌ചയാണ്‌ അൽ നസ്‌റിന്റെ അടുത്ത മത്സരം.