സൗദി ട്രാൻസ്‌ഫറിനു പിന്നാലെ ലോകകപ്പിൽ അർജന്റീനയുടെ തോൽവിയെക്കുറിച്ചു പറഞ്ഞ് റൊണാൾഡോ | Cristiano Ronaldo

സൗദി അറേബ്യൻ ക്ലബിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്‌ഫർ പൂർത്തിയായി കഴിഞ്ഞ ദിവസമാണ് താരത്തെ ആരാധകർക്കു മുന്നിൽ അവതരിപ്പിച്ചത്. ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ റൊണാൾഡോ തങ്ങളുടെ ലീഗിൽ കളിക്കാനെത്തുന്നതിനാൽ തന്നെ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു. ആയിരക്കണക്കിന് ആരാധകരാണ് താരത്തെ കാണാനെത്തിയത്. പത്രസമ്മേളനവും ആരാധകർക്കു മുന്നിലുള്ള അവതരണവും ചെറിയ പരിശീലന സെഷനും പൂർത്തിയാക്കിയ താരം ഇനി എന്നാണ് ടീമിനായി കളിക്കളത്തിൽ ഇറങ്ങുകയെന്നാണ് ആരാധകർ ചിന്തിക്കുന്നത്.

അവതരണച്ചടങ്ങിനിടെയുള്ള പത്രസമ്മേളനത്തിൽ നിരവധി കാര്യങ്ങളെക്കുറിച്ച് റൊണാൾഡോ സംസാരിച്ചിരുന്നു. യൂറോപ്പ് വിടാനും സൗദി അറേബ്യയിലേക്ക് ചേക്കേറാനുണ്ടായ കാരണത്തെക്കുറിച്ചുമെല്ലാം താരം സംസാരിക്കുകയുണ്ടായി. യൂറോപ്യൻ ഫുട്ബോളിൽ നിരവധി മികച്ച ക്ലബുകളിൽ കളിച്ച താൻ സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയെന്നും അവിടുത്തെ തന്റെ ജോലി കഴിഞ്ഞുവെന്നുമാണ് റൊണാൾഡോ പറഞ്ഞത്. അതേസമയം സൗദിയിലേക്കുള്ള ട്രാൻസ്‌ഫറിൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾ കാര്യമാക്കുന്നില്ലെന്നു പറഞ്ഞ റൊണാൾഡോ ഫുട്ബോൾ വളരെയധികം മുന്നോട്ടു പോയെന്ന് ലോകകപ്പിൽ സൗദി അർജന്റീന ടീമിനെതിരെ വിജയം നേടിയതിനെ മുൻനിർത്തി പറഞ്ഞു.

“ആളുകൾ എന്താണ് പറയുന്നതെന്ന് ഞാൻ കാര്യമാക്കുന്നില്ല. ഗോളുകൾ നേടാനും വിജയം സ്വന്തമാക്കാനാണ് ഞാൻ ഇവിടെയെത്തിയത്. കഴിഞ്ഞ പതിനഞ്ചു വർഷമായി ഫുട്ബോൾ ഒരുപാട് മാറിയിട്ടുണ്ട്. എല്ലാ ടീമുകളും വളരെ നല്ല രീതിയിലുള്ള തയ്യാറെടുപ്പുകൾ നടത്തുന്നു. ഇപ്പോഴത് കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. ലോകകപ്പ് ജേതാക്കളായ അർജന്റീനയെ സൗദി അറേബ്യ കീഴടക്കി. അതാ രാജ്യത്ത് ഫുട്ബോൾ മെച്ചപ്പെട്ടതിനെ സൂചിപ്പിക്കുന്നു. ഫുട്ബോൾ ലോകം മെച്ചപ്പെടുന്നു, ഈ ലീഗ് വളരെ മത്സരം നിറഞ്ഞതാണ്, ഇവിടെയെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. പരിശീലകൻ അവസരം നൽകുമെങ്കിൽ എത്രയും പെട്ടന്ന് കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” റൊണാൾഡോ പറഞ്ഞു.

യൂറോപ്പിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നു തന്നെയാണ് അവിടുത്തെ തന്റെ ജോലി കഴിഞ്ഞുവെന്നതിലൂടെ റൊണാൾഡോ ഉദ്ദേശിച്ചതെന്നാണ് കരുതേണ്ടത്. യൂറോപ്പിലെ എല്ലാ റെക്കോർഡുകളും തകർക്കാൻ കഴിഞ്ഞ തനിക്ക് ഇവിടെ പുതിയ റെക്കോർഡുകൾ സൃഷ്‌ടിക്കാൻ ആഗ്രഹമുണ്ടെന്നും താരം വ്യക്തമാക്കി. അതേസമയം റൊണാൾഡോ എന്നാണു ആദ്യത്തെ മത്സരം കളിക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ല. വ്യാഴാഴ്‌ച നടക്കുന്ന മത്സരത്തിൽ താരം ഇറങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതല്ലെങ്കിൽ കിരീടപ്പോരാട്ടത്തിൽ മുന്നിലുള്ള അൽ ഷബാബുമായുള്ള നിർണായക പോരാട്ടത്തിലാവും റൊണാൾഡോ ഇറങ്ങുക.