“ഫുട്ബോൾ കളിക്കണം, ടെന്നീസല്ല”- മാഞ്ചസ്റ്റർ യുണൈറ്റഡ് എവിടെയാണ് മെച്ചപ്പെടേണ്ടതെന്നു പറഞ്ഞ് പരിശീലകൻ | Manchester United

ബോൺമൗത്തിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മികച്ച വിജയം നേടിയതോടെ എറിക് ടെൻ ഹാഗിനു കീഴിൽ തിരിച്ചു വരവിന്റെ പാതയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നു വ്യക്തമായി കഴിഞ്ഞു. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്. കസമീറോ, ലൂക്ക് ഷാ, മാർക്കസ് രാഷ്‌ഫോഡ് എന്നിവരാണ് ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗോളുകൾ നേടിയത്. ഇതോടെ ടോട്ടനത്തേക്കാൾ അഞ്ചു പോയിന്റ് വർധിപ്പിച്ച് നാലാം സ്ഥാനത്തു തുടരാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു കഴിഞ്ഞു.

മത്സരത്തിലെ വിജയത്തിൽ വളരെയധികം സന്തോഷമുണ്ടെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ കിരീടം നേടാൻ സാധ്യതയുണ്ടെന്ന് എറിക് ടെൻ ഹാഗ് കരുതുന്നില്ല. അതേസമയം ടീം വിജയം നേടിയെങ്കിലും ഒരു ടീമെന്ന നിലയിൽ ഒറ്റക്കെട്ടായി കളിക്കേണ്ടതിന്റെ പ്രാധാന്യം പരിശീലകൻ വീണ്ടും ഓർമിപ്പിച്ചു. മധ്യനിരയിൽ ക്രിയാത്മകമായ പ്രവർത്തനം നടക്കുന്നില്ലെന്നാണ് മത്സരത്തിനു ശേഷം അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.

“ഞങ്ങളുടെ ടീമിൽ ഏറ്റവും മികച്ച രണ്ടു ഡിപ്പാർട്മെന്റുകളുണ്ട്, ആക്രമണവും പ്രതിരോധവും. അതിനിടയിൽ വലിയൊരു വിടവും, അതൊരുപാട് ഊർജ്ജം ചിലവാക്കുന്നുണ്ട്. ഞങ്ങളൊരു ടെന്നീസ് മത്സരത്തിനാണ് ഇറങ്ങിയത്, അതല്ല കളിക്കേണ്ടത്, ഞങ്ങൾക്ക് ഫുട്ബോളാണ് കളിക്കേണ്ടത്. പന്ത് കൈവശം വെച്ച്, പന്ത് നിലനിർത്തി, എപ്പോഴാണ് വേഗത കൂട്ടേണ്ടതെന്നും ഗോളിലേക്ക് പോകേണ്ടതെന്നും മനസിലാക്കണം, പക്ഷെ അതിനൊരുപാട് ഊർജ്ജം വേണം. പ്രതിരോധനിര വളരെ സാഹസത്തിനു മുതിരുന്നുണ്ട്. അതിൽ പിഴവു വന്നാൽ തിരിച്ചു പോവുക ബുദ്ധിമുട്ടു തന്നെയായിരിക്കും. ഈ പ്രശ്‌നങ്ങളാണ് ഇനി മറികടക്കേണ്ടത്.”

“ഈ വിജയം വലിയൊരു ചുവടുവെപ്പായിരുന്നു. ഓരോ മത്സരങ്ങളെയും മനസിലാക്കി കളിക്കണം, ഇതൊരു പ്രക്രിയയാണ്. വിശ്വാസം ഉണ്ടാകുന്നത് നല്ലൊരു അടയാളമാണ്. അതു മികച്ച കാര്യമാണെന്നതിനു പുറമെ എല്ലാ മത്സരങ്ങളിലും നൂറു ശതമാനം നൽകാൻ ടീം തയ്യാറാകണം. നൂറു ശതമാനം ഊർജ്ജവും നൂറു ശതമാനം ശ്രദ്ധയുംഅതിനു പുറമെ ഒരു ടീമെന്ന നിലയിൽ നൂറു ശതമാനം ഒറ്റക്കെട്ടായും നിൽക്കണം. അതു മനസിലാക്കി മുന്നോട്ടു പോയാൽ ഒന്നും വളരെ ദൂരെയല്ല. ഇപ്പോൾ ജനുവരി ആയതേയുള്ളൂ, ഇനിയും പകുതി സീസണിലധികം ബാക്കി നിൽക്കുന്നുണ്ട്.” എറിക് ടെൻ ഹാഗ് പറഞ്ഞു.

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത രണ്ടു മത്സരങ്ങളും വമ്പൻ ടീമുകൾക്കെതിരെയാണ്. ജനുവരി പതിനാലിന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇരുപത്തിരണ്ടിനു ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിനെതിരെയും ഇറങ്ങും. ആഴ്‌സനലിനെ ഈ സീസണിൽ തോൽപ്പിച്ച ഒരേയൊരു ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഈ മത്സരങ്ങൾക്കു മുൻപ് എഫ്എ കപ്പ്, കറബാവോ കപ്പ് എന്നീ ടൂർണമെന്റുകളിൽ എവർട്ടൺ, ചാൾട്ടൻ അത്‌ലറ്റിക് എന്നീ ക്ലബുകളെ മാഞ്ചസ്റ്റർ യുണൈറ്റഡിന് നേരിടാനുണ്ട്.