വമ്പൻമാർക്കു മുന്നിലും വീഴാതെ ന്യൂകാസിൽ യുണൈറ്റഡ്, പ്രീമിയർ ലീഗിൽ പുതിയ ശക്തികേന്ദ്രം പിറവിയെടുക്കുന്നു | Newcastle United

സൗദി പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് കഴിഞ്ഞ സീസണിനിടയിൽ ഉടമസ്ഥാവകാശം ഏറ്റെടുത്തതിനു ശേഷം നടത്തിയ മികച്ച സൈനിംഗുകളുടെ ഭാഗമായി തരം താഴ്ത്തൽ മേഖലയിൽ നിന്നും പതിനൊന്നാം സ്ഥാനത്തേക്ക് കയറി സീസൺ പൂർത്തിയാക്കിയ ന്യൂകാസിൽ ഒരുപാട് കാലത്തിനു ശേഷം തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് പ്രീമിയർ ലീഗിൽ നടത്തുന്നത്. സൗദി നേതൃത്വം ഏറ്റെടുത്തതോടെ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബായി മാറിയ അവർ വമ്പൻ പേരുകാരായ താരങ്ങളെ ലക്‌ഷ്യം വെക്കാതെ ടീമിൻ്റെ പദ്ധതിക്ക് ആവശ്യമുള്ള താരങ്ങളെ കൃത്യമായി കണ്ടെത്തി ഓരോ ട്രാൻസ്‌ഫർ ജാലകത്തിലും സ്വന്തമാക്കി ടീമിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പകുതി മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ പതിനെട്ടു മത്സരങ്ങളിൽ നിന്നും മുപ്പത്തിയഞ്ചു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ന്യൂകാസിൽ യുണൈറ്റഡ് നിൽക്കുന്നത്. രണ്ടു മത്സരം കുറവ് കളിച്ച് മുപ്പത്തിയാറു പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാമതും ഒരു മത്സരം കുറവ് കളിച്ച് നാല്പത്തിനാലു പോയിന്റുമായി ആഴ്‌സനൽ ഒന്നാം സ്ഥാനത്തും നിൽക്കുന്നു. പതിനേഴു മത്സരങ്ങൾ കളിച്ച് ന്യൂകാസിലിന്റെ അതെ പോയിന്റുമായി നാലാം സ്ഥാനത്തു നിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനു ന്യൂകാസിലിനെ മറികടക്കാൻ കഴിയുമെങ്കിലും ടോപ് ഫോർ പ്രതീക്ഷകൾ ഇപ്പോഴും സജീവമാണ്.

പ്രീമിയർ ലീഗ് ഈ സീസണിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ടീമായ ആഴ്‌സനലിനെതിരെ അവരുടെ മൈതാനത്ത് നടന്ന മത്സരത്തിൽ സമനില നേടാൻ ന്യൂകാസിലിനു കഴിഞ്ഞു. ആഴ്‌സണൽ നിരന്തരമായ ആക്രമണങ്ങൾ സംഘടിപ്പിച്ച് സമനിലപ്പൂട്ട് പൊളിക്കാൻ ശ്രമിച്ചെങ്കിലും ന്യൂകാസിൽ പ്രതിരോധം വിട്ടുകൊടുത്തില്ല. ഈ സീസണിൽ ആകെ മൂന്നു പ്രീമിയർ ലീഗ് മത്സരങ്ങളിൽ മാത്രമാണ് ആഴ്‌സണൽ പോയിന്റ് നഷ്‌ടമാക്കിയിട്ടുള്ളൂ. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ തോൽവി വഴങ്ങിയ ടീം പിന്നീട് സൗത്താംപ്റ്റനോടു സമനില വഴങ്ങി. അതിനു പിന്നാലെയാണ് ഇപ്പോൾ ന്യൂകാസിലും അവരെ സമനിലയിൽ കുരുക്കിയത്.

പ്രീമിയർ ലീഗിലെ വമ്പൻ ടീമുകളെ ഒട്ടും പേടിക്കാതെയാണ് എഡ്ഡീ ഹോവെയുടെ ടീം നേരിട്ടു കൊണ്ടിരിക്കുന്നത്. ഈ സീസണിൽ കളിച്ച മത്സരങ്ങളിൽ ഒരൊറ്റ വമ്പൻ ടീമിനോട് മാത്രമാണ് ന്യൂകാസിൽ തോൽവി വഴങ്ങിയത്. സെപ്‌തംബറിൽ ലിവർപൂളിനെതിരെ നടന്ന കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ തോൽവി. സീസണിന്റെ തുടക്കത്തിൽ മാഞ്ചസ്റ്റർ സിറ്റിയുമായി നടന്ന മത്സരത്തിൽ 3-3നു സമനില നേടിയെടുത്ത ടീം മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്‌സണൽ എന്നിവർക്കെതിരെ ഗോൾരഹിത സമനില നേടിയപ്പോൾ ടോട്ടനം ഹോസ്‌പർ, ചെൽസി എന്നിവർക്കെതിരെ വിജയവും നേടി. തങ്ങൾ ശരിയായ പാതയിലാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്ന് ഇതു തെളിയിക്കുന്നു.

ഉറച്ചു നിൽക്കുന്ന ന്യൂകാസിൽ യുണൈറ്റഡ് പ്രതിരോധമാണ് അവരുടെ പ്രധാന കരുത്ത് സ്വേൻ ബോട്ട്മാൻ, ഫാബിയൻ ഷാർ, കീറോൺ ട്രിപ്പിയർ, ഡാൻ ബേൺ എന്നിവരടങ്ങുന്ന പ്രതിരോധനിരയും ഡിഫെൻസിവ് മിഡ്‌ഫീൽഡിൽ ബ്രസീലിയൻ താരം ബ്രൂണോയുടെ സാന്നിധ്യവും ഗോൾകീപ്പർ നിക്ക് പോപ്പെയുമെല്ലാം മികച്ച പ്രകടനം നടത്തുന്നു. ഈ സീസണിൽ കളിച്ച പതിനെട്ടു മത്സരങ്ങളിൽ പത്തെണ്ണത്തിലും ക്ലീൻഷീറ്റ് നേടാൻ ന്യൂകാസിലിനു കഴിഞ്ഞിട്ടുണ്ട്. അതിനു പുറമെ ഈ സീസണിൽ ലീഗിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ ടീമും അവർ തന്നെയാണ്. ന്യൂകാസിൽ വെറും പതിനൊന്നു ഗോൾ വഴങ്ങിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണൽ പതിനാലു ഗോളുകളാണ് വഴങ്ങിയത്.

ഈ സീസണിൽ ഇതുവരെയുള്ള ന്യൂകാസിലിന്റെ പ്രകടനം അവരുടെ മുന്നോട്ടുള്ള യാത്ര ശരിയായ പാതയിലൂടെ തന്നെയാണെന്ന് വ്യക്തമാക്കുന്നു. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി അടുത്ത സീസണിലേക്ക് കൂടുതൽ മികച്ച താരങ്ങളെ ടീമിലേക്ക് ആകർഷിക്കുകയെന്ന പദ്ധതിയും അവരുടെ മനസിലുണ്ടാകും. ജനുവരി ജാലകത്തിൽ പുതിയ സൈനിംഗുകൾ നടത്തി ടീമിനെ ഒന്നുകൂടി കരുത്തുറ്റതാക്കുന്നതോടെ ഈ സീസണിലെ നിലവിലെ ഫോം നിലനിർത്തി ടോപ് ഫോർ ഫിനിഷ് ചെയ്യാമെന്ന പ്രതീക്ഷ അവർക്കുണ്ട്. അതിനായി ആത്മവിശ്വാസം നിറഞ്ഞ പ്രകടനം അവർ ഓരോ മത്സരത്തിലും കാഴ്‌ച വെക്കുന്നു. പ്രീമിയർ ലീഗിൽ മറ്റൊരു ശക്തികേന്ദ്രം പിറവി കൊള്ളുന്നുവെന്ന ശക്തമായ സൂചനകൾ തന്നെയാണ് ന്യൂകാസിൽ നൽകുന്നത്.