ഇന്റർനാഷണൽ ബ്രേക്കിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുന്നു, അഡ്രിയാൻ ലൂണ കളിക്കുമോയെന്ന കാര്യത്തിൽ അപ്‌ഡേറ്റ് | Adrian Luna

ഇന്റർനാഷണൽ മത്സരങ്ങളുടെ ചെറിയൊരു ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് നാളെ വീണ്ടും കളിക്കളത്തിൽ. ഈ സീസണിൽ ഷീൽഡ് പ്രതീക്ഷകൾ അസ്‌തമിച്ച ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലേക്ക് അടുക്കുന്നതിനു വേണ്ടി നാളെ കളിക്കളത്തിൽ ഇറങ്ങുമ്പോൾ എതിരാളികൾ പ്ലേ ഓഫ് യോഗ്യതക്ക് വേണ്ടി പോരാടുന്ന ജംഷഡ്‌പൂർ എഫ്‌സിയാണ്.

ജംഷഡ്‌പൂർ എഫ്‌സിയുടെ മൈതാനത്ത് നടക്കുന്ന മത്സരം കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് കടുപ്പമുള്ളതായി മാറാനാണ് സാധ്യത. മികച്ച ആരാധകപിന്തുണയുള്ള ടീമുകളിൽ ഒന്നായ ജംഷഡ്‌പൂർ സൂപ്പർ കപ്പിൽ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയിരുന്നു. നാളെ നടക്കാനിരിക്കുന്ന മത്സരത്തിലും വിജയത്തിൽ കുറഞ്ഞതൊന്നും ജംഷഡ്‌പൂർ ലക്ഷ്യമിടുന്നുണ്ടാകില്ല.

അതേസമയം ജംഷഡ്‌പൂരിനെതിരെ അഡ്രിയാൻ ലൂണ ഇറങ്ങാൻ ഒരു സാധ്യതയുമില്ലെന്നാണ് അപ്‌ഡേറ്റ്. താരം പരിശീലനം ആരംഭിച്ചെങ്കിലും ഇപ്പോഴും മത്സരത്തിനിറങ്ങാനുള്ള ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. നിലവിൽ കൊച്ചിയിൽ തിരിച്ചുവരാനുള്ള കഠിനമായ പരിശീലനത്തിലാണ് ലൂണ. താരം ടീമിനൊപ്പം യാത്ര ചെയ്യാൻ പോലും സാധ്യതയില്ലെന്നാണ് ലഭ്യമായ വിവരങ്ങൾ.

മാർകോ ലെസ്‌കോവിച്ച് നാളത്തെ മത്സരത്തിനുണ്ടാകുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. ഐഎസ്എൽ സീസണിന്റെ രണ്ടാം പകുതിയിൽ മോശം ഫോമിലേക്ക് വീണ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആറു മത്സരങ്ങൾ സീസണിന്റെ രണ്ടാം പകുതിയിൽ കളിച്ച ടീം അതിൽ അഞ്ചെണ്ണത്തിലും തോൽവി വഴങ്ങി. ഒരു മത്സരത്തിൽ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് വിജയം നേടാൻ കഴിഞ്ഞിട്ടുള്ളത്.

ജംഷഡ്‌പൂരിനെതിരെ ഇറങ്ങുമ്പോൾ വിദേശതാരങ്ങളിൽ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന പ്രതീക്ഷ. ഫോമിലുള്ള സ്‌ട്രൈക്കർ ദിമിത്രിയോസ്, ദേശീയ ടീമിനൊപ്പം മിന്നും പ്രകടനം നടത്തി വരുന്ന ഫെഡോർ ചെർണിച്ച് എന്നിവരാണ് ടീമിന്റെ പ്രധാനികൾ. ജംഷഡ്‌പൂരിനെതിരെ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്ലേ ഓഫ് സാധ്യത പരുങ്ങലിലാകുമെന്നതിനാൽ കടുത്ത പോരാട്ടം തന്നെയാകും നടക്കുക.

Adrian Luna Will Not Be Available Against Jamshedpur FC