ഗ്രീസ്മന് അത്ലറ്റികോയിൽ അവസരങ്ങൾ കുറയുന്നു, കരാർ മാറ്റിയെഴുതാൻ ബാഴ്സയോടാവശ്യപ്പെട്ട് ഏജന്റ്
ഫ്രഞ്ച് മുന്നേറ്റനിര താരമായ അന്റോയിൻ ഗ്രീസ്മനെ അത്ലറ്റികോ മാഡ്രിഡിനു ലോണിൽ നൽകിയ കരാറിൽ സങ്കീർണതകൾ. അന്റോയിൻ ഗ്രീസ്മന്റെ ബൈയിങ് ക്ളോസിലുള്ള തുക വെട്ടിക്കുറക്കണമെന്നാവശ്യപ്പെട്ട് താരത്തിന്റെ ഏജന്റ് ബാഴ്സലോണയെ സമീപിച്ചുവെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച് ബാഴ്സലോണ നിയമസഹായം തേടിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
അത്ലറ്റികോ മാഡ്രിഡിൽ നിന്നും ബാഴ്സലോണയിൽ എത്തിയ അന്റോയിൻ ഗ്രീസ്മന് പ്രതീക്ഷക്കനുസരിച്ചുള്ള പ്രകടനം നടത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്ന് വേതനബിൽ കുറക്കാൻ താരത്തെ ബാഴ്സലോണ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ രണ്ടു വർഷത്തെ ലോൺ കരാറിൽ അത്ലറ്റികോ മാഡ്രിഡിനു തന്നെ തിരികെ നൽകിയിരുന്നു. ഈ ട്രാൻസ്ഫർ സംബന്ധിച്ച കരാറിലെ ഉടമ്പടിയിലാണ് ഗ്രീസ്മന്റെ ഏജന്റ് ഭേദഗതി ആവശ്യപ്പെട്ടിരിക്കുന്നത്.
🚨| Griezmann’s agent is asking Barca and Atlético Madrid to reach an agreement that will reduce the price of the purchase obligation (€40M), so that the player will stop getting fewer minutes due to the clauses in the contract between the clubs. [@pedro_morata] #fcblive pic.twitter.com/lAMlrA7X26
— BarçaTimes (@BarcaTimes) September 2, 2022
ഈ ലോൺ കാലഘട്ടത്തിൽ അത്ലറ്റികോ മാഡ്രിഡിനു വേണ്ടി ഗ്രീസ്മൻ നിശ്ചിത സമയത്തിനപ്പുറം കളിച്ചാൽ താരത്തെ നിർബന്ധമായും അത്ലറ്റികോ വാങ്ങണം. ഇതിനുള്ള ഫീസ് നാൽപതു മില്യൺ യൂറോയാണ് നിശ്ചയിച്ചത്. എന്നാൽ ഈ ക്ലോസ് കാരണം ഫ്രഞ്ച് താരത്തിന് അത്ലറ്റികോ മാഡ്രിഡിൽ ഉള്ള അവസരങ്ങൾ പരിമിതമാകുന്നു എന്നതു കൊണ്ടാണ് അതിലെ തുക കുറക്കാൻ ഏജന്റ് ആവശ്യപ്പെട്ടതെന്ന് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.
ഈ സീസണിൽ പതിനാലു മത്സരങ്ങളിൽ നാൽപ്പത്തിയഞ്ച് മിനുട്ടിൽ അധികം കളിച്ചാലാണ് ക്ലോസ് നിലവിൽ വരിക. ഇക്കാരണം കൊണ്ട് താരത്തിന് ഈ സീസണിൽ ആദ്യ ഇലവനിൽ ഇറക്കാൻ അത്ലറ്റിക്കോ മാഡ്രിഡ് തയ്യാറാവുന്നില്ല. ഗ്രീസ്മൻ ഈ സീസണിൽ മൂന്നു മത്സരങ്ങളിൽ കളിക്കാൻ ഇറങ്ങിയത് പകരക്കാരനായായിരുന്നു. 64, 72, 75 മിനിറ്റുകളിൽ ആയിരുന്നു ഗ്രീസ്മൻ കളത്തിലിറങ്ങിയത്. ലോകകപ്പ് അടുത്തിരിക്കെ അവസരങ്ങൾ ഇങ്ങിനെ കുറയുന്നത് താരത്തിന് വലിയ തിരിച്ചടിയാണ്. ഇന്ന് നടക്കുന്ന മത്സരത്തിലും താരത്തിന് ആദ്യ ഇലവനിൽ ഇടമില്ല.
XI ❤️🤍 pic.twitter.com/o2vUU5BiFj
— Atlético de Madrid (@Atleti) September 3, 2022
കഴിഞ്ഞ സീസണിൽ ഇരുപത്തിയാറു ലാ ലിഗ മത്സരങ്ങളിൽ നിന്നും നേടിയ മൂന്നു ഗോളുകൾ അടക്കം ആകെ അഞ്ചു ഗോളുകൾ മാത്രമാണ് ഗ്രീസ്മന് നേടാൻ കഴിഞ്ഞത്. അത്ലറ്റികോ മാഡ്രിഡിൽ എത്തിയതിനു ശേഷം ഒരു സീസണിൽ പതിനഞ്ചു ഗോളുകളിൽ കുറവ് നേടിയിട്ടില്ലാത്ത ഗ്രീസ്മന്റെ ഫോമിൽ ഇടിവ് സംഭവിച്ചുവെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഇതുകൂടി പരിഗണിച്ചാണ് ബൈയിങ് ക്ലോസിൽ മാറ്റം വരുത്താൻ ഏജന്റ് ആവശ്യം ഉന്നയിച്ചത്.