ഗോളടി കുറഞ്ഞാലും മെസിയുടെ മൊഞ്ചൊന്നും പോയ്പ്പോകൂല, അസിസ്റ്റിൽ റെക്കോർഡുമായി പിഎസ്‌ജി താരം

കരിയറിലത്ര കാലവും ബാഴ്‌സലോണക്കു വേണ്ടി കളിച്ചതിനു ശേഷം കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് ലയണൽ മെസി മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുന്നത്. ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്ക് ചേക്കേറിയ ലയണൽ മെസിക്ക് കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലായിരുന്നു. ലീഗിനോട് ഇണങ്ങിച്ചേരാൻ വൈകിയതും പരിക്കുമെല്ലാം മെസിയുടെ ഫോമിനെ ബാധിച്ചു. ഇതേതുടർന്ന് ബാഴ്‌സലോണ വിട്ടതു താരത്തിന്റെ പ്രകടനത്തെ ബാധിച്ചുവെന്ന വിമർശനം പലരും ഉയത്തിയിരുന്നു.

എന്നാൽ ഈ സീസണിൽ ഏതാനും മത്സരങ്ങൾ കഴിഞ്ഞപ്പോൾ തന്റെ ഫോം വീണ്ടെടുക്കുന്ന മെസിയെയാണ് കാണാൻ കഴിയുന്നത്. ഫ്രഞ്ച് സൂപ്പർകപ്പ് അടക്കം ഈ സീസണിൽ പിഎസ്‌ജി ഏഴു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ നാല് ഗോളുകളും ആറ് അസിസ്റ്റുകളുമാണ് മെസി സ്വന്തമാക്കിയിരിക്കുന്നത്. ഗോളുകൾ നേടുന്നതിനേക്കാൾ അതിമനോഹരമായ ഗോളവസരങ്ങൾ ഒരുക്കി നൽകുന്നതിൽ അർജന്റീന താരം ശ്രദ്ധ കൊടുക്കുന്നു. വ്യക്തമായ പദ്ധതിയോടെ കളിക്കുന്ന പിഎസ്‌ജി കൂടുതൽ ഒത്തിണക്കം കാണിക്കാനും തുടങ്ങിയിരിക്കുന്നു.

ഈ സീസണിൽ നടത്തുന്ന മികച്ച പ്രകടനത്തോടെ ചില റെക്കോർഡുകളും നേട്ടങ്ങളും മെസിയുടെ പേരിലെത്തി ചേർന്നിട്ടുണ്ട്. ഫുട്ബോൾ സ്റ്റാറ്റിസ്റ്റിക്‌സ് വിശകലനം ഒപ്റ്റ ആരംഭിച്ചതു മുതൽ ഫ്രഞ്ച് ലീഗിൽ ഏറ്റവും വേഗത്തിൽ ഇരുപത് അസിസ്റ്റുകൾ സ്വന്തമാക്കിയ രണ്ടാമത്തെ താരമെന്ന നേട്ടമാണ് ലയണൽ മെസി സ്വന്തമാക്കിയത്. 32 മത്സരങ്ങളിൽ നിന്നും മെസി ഇരുപത് അസിസ്റ്റുകൾ നേടിയപ്പോൾ 31 മത്സരങ്ങളിൽ നിന്നും അത്രയും അസിസ്റ്റുകൾ നേടിയിട്ടുള്ള അർജന്റീനിയൻ താരം ഡി മരിയയാണ് ഒന്നാം സ്ഥാനത്ത്.

ഇതിനു പുറമെ നിലവിൽ യൂറോപ്പിലെ അഞ്ചു പ്രധാന ലീഗുകളിൽ ഏറ്റവുമധികം അസിസ്റ്റുകൾ നേടിയ താരമെന്ന നേട്ടവും മെസിയുടെ പേരിലാണ്. ഈ നേട്ടത്തിൽ ബ്രസീലിയൻ താരം നെയ്‌മറും മെസിക്കൊപ്പമുണ്ട്. രണ്ടു പേർക്കും ആറു വീതം അസിസ്റ്റുകളാണ് ഫ്രഞ്ച് ലീഗിലുള്ളത്. ലീഗ് വണിലെ ടോപ് സ്കോററായ നെയ്‌മർ ഏഴു ഗോളുകളും നേടിയിട്ടുണ്ട്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് ബ്രസീലിയൻ താരം കളിക്കുന്നത്.

ഇതിനു പുറമെ 2015/16നു ശേഷം യൂറോപ്പിലെ അഞ്ചു പ്രധാന ലീഗുകളിൽ നൂറ് അസിസ്റ്റ് തികക്കുന്ന ആദ്യത്തെ താരമെന്ന നേട്ടവും മെസി ഇന്നലത്തെ മത്സരത്തോടെ സ്വന്തമാക്കി. ഇന്നലെ നാന്റസിനെതിരെ നടന്ന മത്സരത്തിൽ എംബാപ്പെ നേടിയ രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയത് ലയണൽ മെസിയായിരുന്നു. മികച്ച ഫോമിൽ കളിക്കുന്നത് താരത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നതിനാൽ മെസിയുടെ ഗോളുകളുടെ എണ്ണം കൂടാനും സാധ്യതയുണ്ട്.