ഒരു മത്സരത്തിൽ പോലും തോൽവിയില്ല, സാവിയുടെ കീഴിൽ അതിശയിപ്പിക്കുന്ന എവേ റെക്കോർഡുമായി ബാഴ്‌സലോണ

സാവിക്കു കീഴിൽ ബാഴ്‌സലോണയുടെ ഉയർച്ചയും താഴ്‌ചയും കഴിഞ്ഞ സീസണിൽ കണ്ടു. പ്രകടനത്തിലും ലീഗ് പോയിന്റ് ടേബിളിലും മുന്നേറ്റമുണ്ടാക്കിയെങ്കിലും യൂറോപ്പ ലീഗിലേറ്റ അപ്രതീക്ഷിത പരാജയം ടീമിന് നിരാശ നൽകുന്നതായിരുന്നു. എന്നാൽ ഈ സീസണിൽ ഏതാനും മത്സരങ്ങൾ പൂർത്തിയായപ്പോൾ സാവിയുടെ ബാഴ്‌സലോണ പ്രതീക്ഷ നൽകുന്ന പ്രകടനമാണ് കാഴ്‌ച വെക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ സെവിയ്യക്കെതിരെ നേടിയ മൂന്നു ഗോളുകളുടെ വിജയം അതു വ്യക്തമാക്കുന്നു.

സെവിയ്യയുടെ മൈതാനത്തു നടന്ന മത്സരത്തിൽ നേടിയ വിജയത്തോടെ സാവി പരിശീലകനായി ചുമതല ഏറ്റെടുത്തതിനു ശേഷം ഒരു എവേ മത്സരത്തിൽ പോലും തോൽവി വഴങ്ങിയിട്ടില്ലെന്ന റെക്കോർഡ് നിലനിർത്താൻ ബാഴ്‌സലോണക്കായി. ഇതുവരെ പതിനാറ് എവേ മത്സരങ്ങളിലാണ് സാവിയുടെ ബാഴ്‌സ തോൽവിയറിയാതെ കുതിക്കുന്നത്. അതിൽ പതിനൊന്നു മത്സരങ്ങളിലും ടീം വിജയവും സ്വന്തമാക്കി.

കഴിഞ്ഞ നവംബറിൽ വിയ്യാറയലിന്റെ മൈതാനത്തു ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് നേടിയ വിജയത്തോടെയാണ് ബാഴ്‌സലോണയുടെ എവേ മത്സരങ്ങളിലെ കുതിപ്പ് ആരംഭിക്കുന്നത്. ഇതിനിടയിൽ റയൽ മാഡ്രിഡ്, വലൻസിയ, റയൽ സോസിഡാഡ്, റയൽ ബെറ്റിസ്‌, സെവിയ്യ തുടങ്ങിയ ടീമുകളെയെല്ലാം ബാഴ്‌സലോണ കീഴടക്കി. സാന്റിയാഗോ ബെർണാബൂവിൽ നേടിയ എതിരില്ലാത്ത നാല് ഗോളുകളുടെ വിജയം അതിൽ വേറിട്ടു നിൽക്കുന്നു.

റൊണാൾഡ്‌ കൂമാനു പകരക്കാരനായി ബാഴ്‌സലോണ പരിശീലകനായെത്തിയ സാവിക്ക് ക്ലബ് ബോർഡ് മികച്ച പിന്തുണയാണ് നൽകുന്നത്. ഇക്കാലയളവിൽ പല മത്സരങ്ങളിലും പോയിന്റുകൾ ബാഴ്‌സലോണ നഷ്ടപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ മികച്ച താരങ്ങൾ എത്തിയതിനാൽ ഈ സീസണിൽ ബാഴ്‌സലോണയുടെ പ്രകടനം കൂടുതൽ മികച്ചതാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. നിലവിൽ ലീഗിൽ റയൽ മാഡ്രിഡിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് ബാഴ്‌സലോണ.