ആന്റണിയുടെ കളി പ്രീമിയർ ലീഗ് കാണാൻ പോകുന്നതേയുള്ളൂ, എതിർടീമുകൾക്ക് ടെൻ ഹാഗിന്റെ മുന്നറിയിപ്പ്

വമ്പൻ തുകയുടെ ട്രാൻസ്‌ഫറിൽ അയാക്‌സിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ബ്രസീലിയൻ താരം ആന്റണി ആദ്യ മത്സരത്തിൽ തന്നെ ആരാധകർക്ക് ആവേശം നൽകുന്ന പ്രകടനമാണ് നടത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയ മത്സരത്തിന്റെ മുപ്പത്തിയഞ്ചാം മിനുട്ടിലാണ് ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ ആദ്യത്തെ ഗോൾ നേടുന്നത്. ആന്റണിയുടെ ഗോളിന് വഴിയൊരുക്കിയ മാർക്കസ് റാഷ്‌ഫോഡാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടു ഗോളുകൾ നേടിയത്. ആഴ്‌സനലിനെ ആശ്വാസഗോൾ ബുക്കായോ സാക്കയുടെ വകയായിരുന്നു.

നിരവധി സങ്കീർണതകളെ മറികടന്നാണ് ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാനത്തെ ദിവസം ആന്റണിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നത്. ഇറങ്ങിയ ആദ്യത്തെ മത്സരത്തിൽ തന്നെ ഗോൾ നേടി ടീമിന് കൂടുതൽ നൽകാൻ കഴിയുമെന്ന പ്രതീക്ഷ നൽകാൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്. വലതുവിങ്ങിൽ ഒരു താരത്തിന്റെ അഭാവം നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ആഗ്രഹിച്ച കളിക്കാരനാണ് ആന്റണിയെന്നും ഇതിലും മികച്ച പ്രകടനം നടത്താനും പ്രീമിയർ ലീഗിൽ ഭീഷണിയുയർത്താനും ബ്രസീലിയൻ താരത്തിന് കഴിയുമെന്നുമാണ് പരിശീലകൻ എറിക് ടെൻ ഹാഗ് ഇന്നലെ നടന്ന മത്സരത്തിനു ശേഷം പറയുന്നത്.

“ആന്റണി എന്താണെന്ന് നമ്മളെല്ലാം കണ്ടു കാണും. വേഗതയും സർഗാത്മകതയും കൊണ്ട് പ്രീമിയർ ലീഗിൽ കൂടുതൽ ഭീഷണിയുയർത്താൻ താരത്തിന് കഴിയും. ഞങ്ങൾക്ക് വലതു വിങ്ങിൽ ഒരു താരത്തെ മിസ് ചെയ്‌തിരുന്നു. അവിടെ കളിക്കാൻ കഴിയുന്ന സാഞ്ചോ, റാഷ്‌ഫോഡ് എന്നിവരെല്ലാം മധ്യഭാഗത്തോ ഇടതുവിങ്ങിലോ കളിക്കാൻ താല്പര്യപ്പെടുന്നവരാണ്.” മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ എറിക് ടെൻ ഹാഗ് പറഞ്ഞു.

“ഇപ്പോൾ ഞങ്ങൾക്ക് വലതു വിങ്ങിൽ നന്നായി കളിക്കാൻ കഴിയുന്ന ഒരു താരമുണ്ട്. അതൊരു മിസ്സിംഗ് ലിങ്കായിരുന്നു. ഇന്ന് താരം നടത്തിയ പ്രകടനം വളരെ മികച്ചതായിരുന്നു, ഇനിയും മുന്നോട്ടു വരാൻ ആന്റണിക്ക് കഴിയും. അയാക്സില് ഉള്ളപ്പോൾ മുതൽ എനിക്ക് താരത്തെ അറിയാം. ഇതൊരു വ്യത്യസ്ത ലീഗാണ്, എന്നാൽ പ്രതിഭയുള്ള താരത്തിന് കൂടുതൽ ഭീഷണി പ്രീമിയർ ലീഗിൽ സൃഷ്‌ടിക്കാൻ കഴിയും.” ഡച്ച് പരിശീലകൻ വ്യക്തമാക്കി.

പ്രീമിയർ ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അതിനു ശേഷം കളിച്ച നാല് മത്സരങ്ങളിലും വിജയം നേടി തിരിച്ചു വരവിന്റെ പാതയിലാണ്. പുതിയ സൈനിംഗുകൾ വന്നതിന്റെ ആത്മവിശ്വാസം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനത്തിൽ വ്യക്തമാണ്. യൂറോപ്പ ലീഗിൽ റയൽ സോസിഡാഡിനെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം.